Type Here to Get Search Results !

Bottom Ad

സി.പി.എമ്മിനുള്ളില്‍ ചര്‍ച്ച കത്തിക്കയറുന്നു: ഡി.ജി.പി ബി.ജെ.പിയാകുന്നുവെന്ന്


കാസര്‍കോട് (www.evisionnews.in): സംസ്ഥാനത്തെ പോലീസ് പരമോന്നതനായ ഡിജിപി ബിജെപിയെ പോലെ പ്രവര്‍ത്തിക്കുന്നുവെന്ന പരാതി സിപിഎമ്മിന്റെ വിവിധതലത്തിലുള്ള ഘടകങ്ങളില്‍ ചര്‍ച്ചയായി. അടുത്തകാലത്ത് ഡിജിപി ലോകനാഥ ബെഹറയും സേനയിലെ ചിലരും തുടരുന്ന സംഘപരിവാര്‍ പ്രീണന നയത്തിനെതിരെയാണ് സിപിഎമ്മിനുള്ളില്‍ ചര്‍ച്ച നടക്കുന്നത്. പിണറായി വിജയന്‍ മുഖ്യമന്ത്രിയായ ഉടന്‍ ഡിജിപിയായിരുന്ന സെന്‍കുമാറിനെ പുറത്താക്കിയതിന് ശേഷമാണ് ഈ സ്ഥാനത്തേക്ക് ബെഹറയെ പ്രതിഷ്ഠിച്ചത്. അന്ന് തൊട്ടേ ഇതിനെതിരെ പുരികം ചുളിച്ചവര്‍ സിപിഎമ്മിനുള്ളില്‍ ഏറെയുണ്ട്. ഇത്തരക്കാര്‍ നല്‍കിയ മുന്നറിയിപ്പാണ് ഇപ്പോള്‍ ഡിജിപിയുടെ നടപടികളിലൂടെ സിപിഎമ്മിന് പാരയായി മാറിയത്. 

ദേശീയഗാന പ്രശ്‌നത്തില്‍ ഡിജിപിയടക്കമുള്ളവര്‍ സംഘപരിവാര്‍ ലൈനിലാണ് നീങ്ങുന്നതെന്നാണ് പൊതുവെ ഉയരുന്ന ആരോപണം. തിരുവനന്തപുരം ചലചിത്രോത്സവത്തിലും സിനിമാ സംവിധായകന്‍ കമലിന്റെ വീടിന് മുന്നില്‍ നടത്തിയ യുവമോര്‍ച്ചാ പ്രതിഷേധത്തിലും ഏറ്റവുമൊടുവില്‍ നോവലിസ്റ്റിനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തിയ കേരളപോലീസ് ആര്‍എസ്എസായി മാറിയെന്നാണ് സിപിഎമ്മിലെ പരാതി. നിലമ്പൂര്‍ വനത്തില്‍ ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ടെന്ന് പോലീസ് പറയുന്ന മാവോയിസ്റ്റുകളുടെ അന്ത്യകര്‍മ്മത്തോട് യുവമോര്‍ച്ചക്ക് വേണ്ടി പോലീസ് വിടുപണി എടുത്തതും ഇതിന് തെളിവായി ചൂണ്ടിക്കാണിക്കുന്നുണ്ട്. മൂന്നാംമുറക്കെതിരെയും സേനയിലെ അഴിമതിക്കെതിരെയും മുഖ്യമന്ത്രി പിണറായി വിവിധയിടങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും സേനക്കുള്ളിലെ സംഘപരിവാറിന്റെ നുഴഞ്ഞുകയറ്റം എന്തുകൊണ്ട് കാണുന്നില്ലെന്നും ചോദിക്കുന്നവരുണ്ട്. 

ഗുജറാത്തില്‍ ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലക്കേസില്‍ സംഘപരിവാറിന് ക്ലീന്‍ ചിറ്റ് നല്‍കിയ വീരന്മാരാണ് കേരളാപോലീസിനെ നയിക്കുന്നതെന്നും സിപിഎമ്മില്‍ പടരുന്ന ചര്‍ച്ചകളിലെ വിവരങ്ങളിലൊന്നാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad