Type Here to Get Search Results !

Bottom Ad

ഉടുമ്പുന്തല ബൈത്തുറഹ്മ വില്ലേജില്‍ ഒന്നരക്കോടിയുടെ ഭവന പദ്ധതി


തൃക്കരിപ്പൂര്‍ (www.evisionnews.in): ഉടുമ്പുന്തല ശാഖ മുസ്ലിം ലീഗ് കമ്മിറ്റി വലിയകുതിര്‍ ബൈത്തുറഹ്മ വില്ലേജില്‍ നിര്‍മിക്കുന്ന ഭവന പദ്ധതിക്ക് തുടക്കമായി. ശനിയാഴ്ച വൈകിട്ട് വര്‍ണ്ണശബളമായ ചടങ്ങില്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ശിലയിട്ടതോടെയാണ് വീടുകളുടെ നിര്‍മാണ പ്രവൃത്തി തുടങ്ങിയത്. 

ഒരിഞ്ച് ഭൂമിപോലും സ്വന്തമായി ഇല്ലാത്തതിനാല്‍ കഷ്ടത അനുഭവിക്കുന്ന നിര്‍ധന കുടുംബങ്ങളെ ഒരു കൈ സഹായിക്കാനുള്ള ലക്ഷ്യത്തിലാണ് സ്വന്തമായി 40 സെന്റ് ഭൂമി ശാഖ കമ്മിറ്റി വിലക്കെടുത്ത് വീടുകള്‍ പണിയുന്നത്. ഒരു കുടുംബത്തിന് മൂന്നര സെന്റ് സ്ഥലത്ത് സൗകര്യപ്രദമായ വീടാണ് നിര്‍മിച്ചു നല്‍കുന്നത്. റോഡ്, കുടിവെള്ളം, വൈദ്യുതി, വെയിസ്റ്റ് ബിന്‍ എന്നീ സൗകര്യങ്ങള്‍ ഒരുക്കും. അര്‍ഹരായ കുടുംബങ്ങളെ പിന്നീട് കണ്ടെത്തുന്നതിനാണ് തീരുമാനം. എല്ലാ സൗകര്യങ്ങളും ഒരുക്കി വീതിച്ചു നല്‍കുന്ന വീടും സ്ഥലവും മറ്റൊരാള്‍ക്ക് വില്‍പന ചെയ്യുവാനോ കൈമാറാനോ പാടില്ലെന്ന വ്യവസ്ഥയിലായിരിക്കും ഗുണപോക്താക്കള്‍ക്ക് വീട് അനുവദിക്കുന്നത്. 

പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മരണ എന്നെന്നും നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തില്‍ മലേഷ്യ, ദുബൈ, അബൂദാബി, മസ്‌ക്കറ്റ്, സൗദി, കുവൈറ്റ് എന്നീ വിദേശ ശാഖ കമ്മിറ്റികളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ ഒന്നരക്കോടി രൂപയുടെ ബഹുമുഖ പദ്ധതിക്കാണ് ബൈത്തുറഹ്മ വില്ലേജ് കേന്ദ്ര കമ്മിറ്റി രൂപപ്പെടുത്തിയിട്ടുള്ളത്. ഒരു വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം.

ചടങ്ങില്‍ ചെയര്‍മാന്‍ വി.കെ ബാവ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ റസാഖ് പുനത്തില്‍ സ്വാഗതം പറഞ്ഞു. മുന്‍ എം.എല്‍.എ അബ്ദുറഹിമാന്‍ രണ്ടത്താണി മുഖ്യ പ്രഭാഷണം നടത്തി. പി.വി അബ്ദുല്‍ റസാഖ് എം.എല്‍.എ, ജില്ലാ ലീഗ് ജനറല്‍ സെക്രട്ടറി എം.സി ഖമരുദ്ദീന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍, വി.കെ.പി ഹമീദലി, എം. അബ്ദുള്ള ഹാജി, സത്താര്‍ വടക്കുമ്പാട് പ്രസംഗിച്ചു. വിവിധ ശാഖാ പ്രതിനിധികള്‍ ബൈത്തുറഹ്മ കെട്ടിട നിര്‍മാണത്തിനുള്ള ഫണ്ട് അബ്ബാസലി ശിഹാബ് തങ്ങള്‍ക്ക് കൈമാറി. 




Post a Comment

0 Comments

Top Post Ad

Below Post Ad