മുർഷിദ് മുഹമ്മദ്
ലേഖനം: (www.evisionnews.in) മലപ്പുറം വിളയിൽ സ്വദേശിയായ ഉബൈദ് മൗലവി ഏകദേശം 30 വർഷങ്ങൾക്ക് മുമ്പാണ് ആലംപാടി നൂറുൽ ഇസ്ലാം മദ്രസയിൽ സദർ മു-അല്ലിമായി ജോലിയിൽ പ്രവേശിക്കുന്നത്. സൗമ്യമായ പെരുമാറ്റത്തിനുടമയായ അദ്ദേഹത്തിന് പണ്ഡിതന്റെ എല്ലാ ഗുണങ്ങളും ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെയാണ് 30 വർഷത്തോളം നാട്ടുകാരുടെ സ്നേഹം ഏറ്റുവാങ്ങി ആലംപാടിയിൽ അദ്ദേഹം ജീവിച്ചത്. നബിദിനാഘോഷം വരുമ്പോഴാണ് മദ്രസ ഏറ്റവും കൂടുതൽ സജീവമാകുന്നത്. നബിദിനാഘോഷത്തോടനുബന്ധിച്ചുള്ള കലാ പരിപാടികളിൽ ഉബൈദ് ഉസ്താദ് ഞങ്ങളെ പങ്കെടുപ്പിച്ചതും പ്രോത്സാഹിപ്പിച്ചതും ഇന്നും മായാതെ മനസ്സിൽ ഉണ്ട്. സമസ്തയെ ഏറെ സ്നേഹിച്ചിരുന്ന ഉസ്താദ് ഞാനടക്കമുള്ള വിദ്യാർഥികളെ എസ്.ബി.വി യിലൂടെ സംഘടനാ പ്രവർത്തന രംഗത്തേക്ക് കൊണ്ടുവരുന്നതിലും നിർണ്ണായകമായ പങ്ക് വഹിച്ചു.
ജീവിതത്തിൽ ഒരു പ്രാവശ്യം ഹജ്ജ് ചെയ്യണം എന്നുള്ളത് ഉസ്താദിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. മരണപ്പെടുന്നതിന് മുമ്പുള്ള ഹജ്ജ് മാസത്തിൽ അദ്ദേഹം ആ ആഗ്രഹം നിറവേറ്റുകയും ചെയ്തു. ഹജ്ജ് യാത്ര കഴിഞ്ഞ് നാട്ടിലെത്തിയതിന്റെ പിറ്റേ ദിവസം തന്നെ അദ്ദേഹത്തെ രോഗം കീഴടക്കി.
അവശനായി രോഗ ശയ്യയിൽ കിടക്കുമ്പോൾ അദ്ദേഹത്തെ കാണാൻ ഞാൻ മലപ്പുറത്തെ വസതിയിൽ പോയിരുന്നു. "ജന്മനാടിനെക്കാൾ ഞാൻ ഏറെ സ്നേഹിക്കുന്നത് ആലം പാടിക്കാരെയാണ്, സ്നേഹം മാത്രമാണ് നിങ്ങൾ എനിക്ക് നൽകിയത് പക്ഷെ എനിക്ക് തിരിച്ച് തരാൻ ഒന്നും ഉണ്ടായിരുന്നില്ല, അത്രയധികം ഞാൻ എന്റെ കുട്ടികളെ സ്നേഹിക്കുന്നു" നിറ കണ്ണുകളോടെ അദ്ദേഹം എന്നോട് പറഞ്ഞു.
നബിദിന ഘോഷയാത്രക്കിടെ മൈക്കിലൂടെയുള്ള അദ്ദേഹത്തിന്റെ മാധുര്യമൂർന്ന ആ ശബ്ദം ഇപ്പോഴും എന്റെ കാതുകളിൽ മുഴങ്ങുന്നു.
'നമ്മുടെ മദ്രസ നമ്മുടെ വിദ്യാർഥികൾ' എന്നു തുടങ്ങുന്ന അദ്ദേഹത്തിന്റെ ഓരോ വാക്കുകളിലും ആലംപാടിയോടുള്ള സ്നേഹം ഉണ്ടായിരുന്നു.
ഉസ്താതിനെ അവസാന ദിനങ്ങളിൽ കണ്ടുമുട്ടുമ്പോൾ സ്നേഹത്തോടെ അരികിൽ പിടിച്ചിരുത്തി വസ്വിയത്ത് പോലെ ഒരുപാട് ഉപദേശങ്ങൾ നൽകിയിരുന്നു. അല്ലാഹുവിന്റെ മാർഗ്ഗത്തിലുള്ള സൗഹൃദ ബന്ധങ്ങൾക്ക് പ്രതിഫലമുണ്ടാകുമെന്ന പ്രവാചക വചനങ്ങൾ ഉദ്ധരിക്കുകയും,എത്ര തിരക്കിനിടയിലും കുടുംബത്തെ ശ്രദ്ധിക്കണമെന്നും മാതാ പിതാക്കളോട് കൂടുതൽ ഉത്തരവാദിത്വം കാണിക്കണമെന്നുമുള്ള നിർദ്ദേശങ്ങൾ, ഒരു കൊച്ചു കുട്ടിയെപ്പോലെ അനുസരണയോടെയാണ് ഞാൻ കേട്ടത്. ഒടുവിൽ തന്റെ 58ാം വയസ്സിൽ മലപ്പുറത്തെ വസതിയിൽ ഞങ്ങളുടെ സദർ ഉസ്താദും യാത്രയായി.
ഞങ്ങൾക്ക് സ്നേഹം മാത്രം നൽകി ഒരു നാടിന്റെ അറിവിന്റെ വിളക്കുമാടമായി പ്രശോഭിച്ച ഉബൈദ് ഉസ്താദിന് സർവ്വശക്തൻ നിത്യ ശാന്തി നൽകട്ടെ...
Keywords:ubaid-sir-article-written-murshid-ahmed
Post a Comment
0 Comments