ന്യൂഡല്‍ഹി:(www.evisionnews.in) നോട്ട് നിരോധനത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. തെരുവുകളില്‍ കലാപമുണ്ടാകുന്ന സ്ഥിതിയാണ് രാജ്യത്തെന്നും നോട്ട് പിന്‍വലിച്ചത് മൂലമുള്ള പ്രശ്‌നം അതീവ ഗുരുതരമാണെന്നും കോടതി. നോട്ട് നിരോധനം ചോദ്യം ചെയ്ത് വിവിധ കോടതികളില്‍ സമര്‍പിച്ച ഹര്‍ജികള്‍ തള്ളണമെന്ന കേന്ദ്രത്തിന്റെ ആവശ്യം കോടതി നിരസിച്ചു.
സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ടിഎസ് താക്കൂറിന്റെ ബഞ്ചാണ് നോട്ട് നിരോധനം സംബന്ധിച്ച ഹര്‍ജി പരിഗണിച്ചത്. നിങ്ങള്‍ 500, 1000 നോട്ടുകള്‍ പിന്‍വലിച്ചു. 100 രൂപയ്ക്ക് എന്തുപറ്റി? ഇവ അപര്യാപ്തമാണോ കോടതി ചോദിച്ചു. എടിഎമ്മുകളില്‍ 100 രൂപ നോട്ടുകള്‍ ഉള്‍കൊള്ളുന്ന ഒരു ഡ്രോവര്‍ മാത്രമാണ് ഉള്ളതെന്നും അവ പുനക്രമീകരിക്കേണ്ടതുണ്ടെന്നും സര്‍ക്കാര്‍ മറുപടി നല്‍കി. സര്‍ക്കാര്‍ വാദത്തെ കടുത്ത ഭാഷയിലാണ് കോടതി നേരിട്ടത്.
ജനങ്ങള്‍ക്ക് ആശ്വാസകരമായ നടപടികള്‍ സ്വീകരിക്കുമെന്നാണ് കഴിഞ്ഞതവണ നിങ്ങള്‍ പറഞ്ഞത്. ഇപ്പോള്‍ നിങ്ങള്‍ നോട്ട് മാറ്റാവുന്ന നിരക്ക് 2000 ആക്കി കുറച്ചിരിക്കുന്നു. എന്താണ് പ്രശ്‌നം? അച്ചടി പ്രശ്‌നമാണോ? കോടതി ചോദിച്ചു. പഴയ നോട്ടുകള്‍ മാറ്റിയെടുക്കുന്നതിന്റെ പരിധി 4500ല്‍ നിന്നും 2000 രൂപയായി കേന്ദ്രസര്‍ക്കാര്‍ കുറച്ചിരുന്നു. ഇതാണ് കോടതി ചോദ്യം ചെയ്തത്.
നോട്ട് നിരോധനത്തിനെതിരെ വിവിധ ഹൈക്കോടതികളില്‍ സമര്‍പിക്കപ്പെട്ട ഹര്‍ജികള്‍ തടയണമെന്ന സര്‍ക്കാര്‍ ആവശ്യം കോടതി തള്ളി. ജനങ്ങള്‍ കടുത്ത ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. അവരുടെ പരാതി അങ്ങനെ തടയാനാകില്ല. വേണമെങ്കില്‍ ഈ ഹര്‍ജികളെല്ലാം ഒരു കോടതിയില്‍ വാദം കേള്‍ക്കണമെന്ന ആവശ്യവുമായി കേന്ദ്ര സര്‍ക്കാരിന് അപേക്ഷ സമര്‍പിക്കാമെന്നും കോടതി അറിയിച്ചു.
Post a Comment
0 Comments