ചെറുവത്തൂര്‍:(www.evisionnews.in) വിജയാ ബാങ്കിന്റെ ചെറുവത്തൂര്‍ ശാഖയില്‍ നിന്നും 20 കിലോ സ്വര്‍ണ്ണവും 2.95 ലക്ഷം രൂപയും കൊള്ളയടിച്ച കേസിന്റെ വിധി 21 ന്.
കാസര്‍കോട് സി.ജെ.എം കോടതിയിലാണ് കേസിന്റെ വിചാരണ നടന്നത്. വ്യാഴാഴ്ച്ച വിധി പറയാന്‍ നിശ്ചയിച്ചിരുന്ന കേസ് 21 ലേക്ക് മാറ്റുകയായിരുന്നു. പ്രതികളിലൊരാളെ പിടികൂടാനാവാതെയാണ് കേസിന്റെ വിചാരണ കോടതിയില്‍ പൂര്‍ത്തിയാക്കിയത്. കവര്‍ച്ചാ മുതലില്‍ രണ്ടുകിലോ സ്വര്‍ണം കണ്ടെടുക്കാന്‍ ബാക്കിയുണ്ട്.
2015 സെപ്തംബര്‍ 27 ന് രാത്രിയിലാണ് ചെറുവത്തൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ റോഡിലെ ബാങ്ക് ശാഖയില്‍ കവര്‍ച്ച നടന്നത്. മത്സ്യമാര്‍ക്കറ്റിന് സമീപത്ത് വാടക കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് ബാങ്ക് പ്രവര്‍ത്തിക്കുന്നത്. താഴത്തെ നിലയില്‍ നിന്നാണ് മുകള്‍ ഭാഗത്തെ സ്ലാബ് തുരന്ന് അകത്തുകയറി സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ച ആഭരണങ്ങളും പണവും കവര്‍ന്നത്. താഴത്തെ നിലയില്‍ വ്യാപാരം തുടങ്ങാനെന്ന വ്യാജേന മുറി വാടകക്കെടുത്താണ് കവര്‍ച്ച നടപ്പാക്കിയത്. പിറ്റേന്നാണ് സംഭവം പുറംലോകമറിഞ്ഞത്.
കര്‍ണ്ണാടകയിലെ കുശാല്‍നഗര്‍ ബേക്കിലഹള്ളിയിലെ സുലൈമാന്‍ (42), ബളാല്‍ കല്ലഞ്ചിറിയിലെ മണ്ട്യന്‍ ഹൗസില്‍ അബ്ദുള്‍ലത്തീഫ്(34), മുറിയനാവിയിലെ മുബഷീര്‍ (24), ഇടുക്കി രാജഗിരി പുളിയക്കോട്ടെ എം.ജെ മുരളി (65), ചെങ്കള ബേര്‍ക്കയിലെ അബ്ദുള്‍ ഖാദര്‍ എന്ന മനാഫ്(30), മടിക്കേരി കുശാല്‍ നഗര്‍ ശാന്തിപ്പള്ളത്തെ അഷ്‌റഫ് (38), മടിക്കേരി എരുമാട് ദര്‍ഗക്ക് സമീപത്തെ പുരളി ഹൗസി ല്‍ അബ്ദുള്‍ഖാദര്‍ എന്ന ഖാദര്‍ (48) എന്നിവരാണ് കേസിലെ പ്രതികള്‍. ഇവരില്‍ കുശാല്‍നഗറിലെ അഷ്‌റഫാണ് പോലീസിന് പിടി കൊടുക്കാതെ ഇപ്പോഴും ഒളിവില്‍ കഴിയുന്നത്. പിടിയിലാവുന്ന മുറക്ക് അഷ്‌റഫിന്റെ പേരിലുള്ള നടപടികള്‍ തുടങ്ങും.
കാഞ്ഞങ്ങാട് ഡി വൈ എസ് പി യായിരുന്ന ഹരിശ്ചന്ദ്രനായക്ക്, സി ഐ മാരായ യു.പ്രേമന്‍, സി.കെ സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ 21 പോലീസുകാരടങ്ങിയ അന്വേഷണസംഘമാണ് ദിവസങ്ങള്‍ക്കകം കേസിന് തുമ്പുണ്ടാക്കിയത്. സമീപത്തെ കെട്ടിടത്തിലെ നിരീക്ഷണ ക്യാമറയില്‍ നിന്നും ലഭിച്ച ദൃശ്യങ്ങള്‍ നിര്‍ണ്ണായകതെളിവായി മാറി.
ഇതുപയോഗിച്ച് നാലാംദിവസം തന്നെ മുഖ്യപ്രതിയെ വലയിലാക്കാന്‍ കഴിഞ്ഞു. 20 കിലോ സ്വര്‍ണ്ണവും 55,000 രൂപയും പിടിയിലായവരില്‍ നിന്ന് പോലീസ് കണ്ടെടുത്തിരുന്നു. ശേഷിക്കുന്ന രണ്ടുകിലോസ്വര്‍ണ്ണം ഒളിവില്‍ കഴിയുന്ന പ്രതിയുടെ കൈവശം ഉണ്ടെന്നാണ് കരുതുന്നത്.
Post a Comment
0 Comments