കൊച്ചി (www.evisionnews.in): വ്യവസായിയെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിയായ സിപിഎം നേതാവ് സക്കീര്‍ ഹുസൈന്‍ എറണാകുളം സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസില്‍ കീഴടങ്ങി. രണ്ടുദിവസമായി സക്കീര്‍ കീഴടങ്ങുമെന്ന് വാര്‍ത്തകള്‍ പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ എല്ലാ മാധ്യമപ്രവര്‍ത്തകരുടെയും കണ്ണുവെട്ടിച്ചാണ് സക്കീര്‍ കമ്മീഷണര്‍ ഓഫീസില്‍ കീഴടങ്ങാനെത്തിയത്. കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ രാവിലെ മുതല്‍ കാത്തുനിന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് സക്കീറിനെ കാണുവാനോ ദൃശ്യങ്ങള്‍ പകര്‍ത്തുവാനോ സാധിച്ചില്ല. എറണാകുളം ബോട്ട് ജെട്ടിയിലെ കമ്മീഷണര്‍ ഓഫീസിലെത്തിയാണ് സക്കീറിന്റെ രഹസ്യ കീഴടങ്ങല്‍.
സക്കീര്‍ ഹുസൈന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഒരാഴ്ചയ്ക്കുള്ളില്‍ കീഴടങ്ങാനും കോടതി നിര്‍ദ്ദേശിച്ചിരുന്നു. തുടര്‍ന്ന് കളമശേരിയിലെ ഏരിയ കമ്മിറ്റി ഓഫീസില്‍ സക്കീര്‍ എത്തിയതും വിവാദമായിരുന്നു. തുടര്‍ന്ന് സക്കീര്‍ കീഴടങ്ങണമെന്ന് നിര്‍ദേശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു.
വെണ്ണലയിലെ വ്യവസായിയെ ഭീഷണിപ്പെടുത്തിയെന്ന കേസിലാണ് സക്കീര്‍ ഹുസൈനെ ഒന്നാം പ്രതിയാക്കി പാലാരിവട്ടം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. വിവാദങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് നേരത്തെ ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്നും സക്കീര്‍ ഹുസൈനെ സിപിഎം മാറ്റിയിരുന്നു. സക്കീര്‍ ഉള്‍പ്പെട്ട കേസില്‍ രണ്ടാം പ്രതി മുഖ്യമന്ത്രിയുടെ പേരില്‍ തട്ടിപ്പ് നടത്തുകയും യുവസംരംഭകയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ അറസ്റ്റിലാകുകയും ചെയ്ത മുന്‍ ഡിവൈഎഫ്ഐ നേതാവ് കറുകപ്പിള്ളി സിദ്ദീഖാണ്. തട്ടിക്കൊണ്ടുപോകലിനും ഭീഷണിപ്പെടുത്തിയതിലുമാണ് സിദ്ദീഖിനെതിരെ കേസ്. വെണ്ണല സ്വദേശിയും മുന്‍ ബാങ്ക് ഉദ്യോഗസ്ഥനും ഇപ്പോള്‍ ബിസിനസുകാരനുമായ ജൂബ് പൗലോസ് മുഖ്യമന്ത്രി പിണറായി വിജയനു നല്‍കിയ പരാതി അന്വേഷണത്തിനായി പോലീസിനു കൈമാറുകയായിരുന്നു. തുടര്‍ന്നാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്. നിലവില്‍ സ്‌പോര്‍ട്സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് കൂടിയാണ് സക്കീര്‍.
Post a Comment
0 Comments