തിരുവനന്തപുരം (www.evisionnews.in): 500, 1000 കറന്‍സി നോട്ടുകള്‍ പിന്‍വലിച്ചത് മൂലമുണ്ടായ പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ നാല് മാസമെങ്കിലും വേണ്ടിവരുമെന്ന് സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തല്‍. ഈ മാസം കാര്യമായ തിരിച്ചടിയുണ്ടാകില്ലെങ്കിലും അടുത്ത മാസത്തെ സര്‍ക്കാരിന്റെ വരുമാനത്തെ കാര്യമായി ബാധിക്കുമെന്നാണ് ധനവകുപ്പിന്റെ ആശങ്ക. വ്യാപാരമേഖല സ്തംഭിച്ചതു സര്‍ക്കാരിന്റെ നികുതി വരുമാനത്തെ ബാധിക്കും. അടുത്ത മാസമാണ് ഇതു പ്രതിഫലിക്കുക.
അതേസമയം, സര്‍ക്കാരിനു നേരിട്ടു നികുതി വരുമാനം ലഭിക്കുന്ന വിദേശ മദ്യവില്‍പന, ലോട്ടറി എന്നിവയിലെ ഇടിവ് ഈ മാസത്തെ സാമ്പത്തികനില പരുങ്ങലിലാക്കും. ലോട്ടറി വില്‍പന ഇടിഞ്ഞതും അടുത്തയാഴ്ചത്തെ ലോട്ടറികള്‍ റദ്ദാക്കിയതും മൂലം സര്‍ക്കാരിനു 100 കോടി രൂപയുടെയെങ്കിലും നഷ്ടമുണ്ടാകും. വിദേശമദ്യവില്‍പനയില്‍ കഴിഞ്ഞയാഴ്ച നേരിട്ട തിരിച്ചടി മൂലം 50 കോടി രൂപയെങ്കിലും നഷ്ടമുണ്ട്.
വിദേശ മദ്യവില്‍പന വര്‍ധിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും പ്രതിദിന വില്‍പനയില്‍ ശരാശരി അഞ്ചുകോടി രൂപയുടെ ഇടിവുണ്ട്. സ്വര്‍ണവില്‍പന ഇടിഞ്ഞതും നികുതിവരുമാനത്തെ ബാധിക്കും. ബാങ്ക് നിക്ഷേപങ്ങള്‍ കുത്തനെ വര്‍ധിച്ചത് അടുത്ത മാസങ്ങളിലെ വ്യാപാരങ്ങളെയും ബാധിക്കാനിടയുണ്ട്. നിര്‍മാണം ഉള്‍പ്പെടെ തൊഴില്‍മേഖല സ്തംഭിച്ചതും സര്‍ക്കാരിനെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ പ്രതികൂലമായി ബാധിക്കും. ട്രഷറി ഇടപാടുകള്‍ വലിയ തടസമില്ലാതെ നടക്കുന്നുണ്ട്. ഇന്ധനവില്‍പനയില്‍ കാര്യമായ കുറവുണ്ടാകാതിരുന്നതും സര്‍ക്കാരിന് ആശ്വാസമേകുന്നു. വ്യാപാരമേഖലയിലെ സ്തംഭനം പൂര്‍ണതോതില്‍ മാറാന്‍ മൂന്നോ, നാലോ മാസം എടുത്തേക്കുമെന്നാണു ധനവകുപ്പിന്റെ വിലയിരുത്തല്‍. ചെറുകിട കച്ചവടക്കാര്‍ മുതല്‍ വന്‍കിട സ്ഥാപനങ്ങള്‍ വരെ തിരിച്ചടി നേരിടുന്നുണ്ട്.
Post a Comment
0 Comments