Type Here to Get Search Results !

Bottom Ad

നിലമ്പൂര്‍ കാട്ടിലെ ഏറ്റുമുട്ടല്‍ കൊല: മറുപടി പറയാനാവാതെ സിപിഎം


കോഴിക്കോട് (www.evisionnews.in): നിലമ്പൂര്‍ കാട്ടില്‍ മാവോയിസ്റ്റുകളുടെ നാടുകാണിദളത്തില്‍ പെട്ട രണ്ടു പേര്‍ പോലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മറുപടി പറയാനാവാതെ സിപിഎം നേതൃത്വം കുഴയുന്നു. വെടിവെച്ച് രണ്ടു പേരെ കൊന്ന പോലീസ് നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തന്നെ രംഗത്ത് വന്നത് സിപിഎമ്മിനെ കടുത്ത പ്രതിരോധത്തിലാക്കി. 

പോലീസിന്റെ നടപടിക്കെതിരെ ഉയരുന്ന വിമര്‍ശനം നേരെ ചെന്നെത്തുന്നത് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള പിണറായി വിജയനിലേക്കാണ്. സിപിഎമ്മിനെ ഏതു വിധേനയും വിമര്‍ശിച്ചും ആക്രമിച്ചും ഒരരുക്കാക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ നിലമ്പൂര്‍ കാട്ടിലെ കൊല വന്‍ രാഷ്ട്രീയ ആയുധമാക്കി മാറ്റിയാല്‍ ആശ്ചര്യപ്പെടേണ്ടതില്ല. എന്നാല്‍ കോണ്‍ഗ്രസും ബിജെപിയും മുസ്ലിം ലീഗും മറ്റു പാര്‍ട്ടികളും സംഭവത്തോട് പ്രതികരിച്ചിട്ടില്ല. ഇക്കാര്യത്തില്‍ ഇവരെല്ലാം ഒരേതൂവല്‍ പക്ഷികളായാണ് സാധാരണ ജനങ്ങളും മനുഷ്യാവകാശ പ്രവര്‍ത്തകരും കാണുന്നത്. 

കേരളത്തില്‍ നക്‌സല്‍ വേട്ടയുമായി ബന്ധപ്പെട്ട് ഏറ്റുമുട്ടല്‍ കൊലയായി പ്രചരിപ്പിച്ച ഭരണകൂട കൊല നടത്തിയത് 1972ല്‍ കാനം രാജേന്ദ്രന്റെ പാര്‍ട്ടിയടക്കം ഭരിക്കുന്ന സംസ്ഥാന ഭരണത്തിന് കീഴിലാണ്. അന്ന് വര്‍ഗീസാണ് പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി പ്രചരിപ്പിച്ചത്. എന്നാല്‍ ഈ പ്രചരണത്തിന്റെ മുനയൊടിച്ചത് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന ഇഎംഎസ് നമ്പൂതിരിപ്പാടും അദ്ദേഹത്തിന്റെ പാര്‍ട്ടിയുമായിരുന്നു. ഒടുവില്‍ ബന്ധനസ്ഥനായ വര്‍ഗീസിനെ വെടിവെച്ചിട്ടത് താനാണെന്ന് സിആര്‍പി കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ നായര്‍ നടത്തിയ വെളിപ്പെടുത്തലോടെ വര്‍ഗീസ് മരിച്ചത് ഏറ്റുമുട്ടലിലല്ലെന്ന് തെളിയുകയായിരുന്നു. 

അടിയന്തിരാവസ്ഥക്കാലത്ത് കാനം രാജേന്ദ്രന്റെ പാര്‍ട്ടിയുടെ സമുന്നത നേതാവായ അച്യുതമേനോന്‍ മുഖ്യമനന്ത്രിയായിരിക്കെയാണ് കോഴിക്കോട് റീജ്യണല്‍ എഞ്ചി കോളജില്‍ നിന്ന് രാജന്‍ എന്ന വിദ്യാര്‍ത്ഥിയെ പിടിച്ചുകൊണ്ടുപോയി കക്കയത്തെ പീഡനകേന്ദ്രത്തിലിട്ട് ഉരുട്ടിക്കൊന്നത്. ഈ വിഷയത്തെ തുടര്‍ന്ന് അന്നത്തെ ആഭ്യന്തര മന്ത്രി കെ കരുണാകരന് രാജിവെക്കേണ്ടിയും വന്നു. അന്നത്തെ സര്‍ക്കാറിനെ നയിച്ച സിപിഐയുടെ ഇന്നത്തെ സംസ്ഥാന സെക്രട്ടറി ഏറ്റുമുട്ടല്‍ കൊലക്കെതിരെ പ്രതികരിച്ചതും രാഷ്ട്രീയ രംഗത്തെ മറ്റൊരു വിചിത്രമായ സംഗതിയായി മാത്രമേ കാണാനാവൂ. അവസരം കിട്ടുമ്പോള്‍ സിപിഎമ്മിനെയും പിണറായിയെയും കുത്താന്‍ കാനം രാജേന്ദ്രന്‍ മനപ്പൂര്‍വം തുനിഞ്ഞ് മാധ്യമ ശ്രദ്ധനേടുകയായിരുന്നു ഇതിലൂടെ ലക്ഷ്യമിട്ടത്. കാനത്തിന്റെ ഈ നടപടിക്കെതിരെ സിപിഎമ്മിനകത്തും അമര്‍ഷം പുകയുന്നുണ്ട്. 

Tags

Post a Comment

0 Comments

Top Post Ad

Below Post Ad