Type Here to Get Search Results !

Bottom Ad

വെള്ളിയാഴ്ച മുതല്‍ 2000 രൂപ മാത്രം: കൂനിന്മേല്‍ കുരുവായി കേന്ദ്രത്തിന്റെ കടുത്ത നിയന്ത്രണം


കാസര്‍കോട് (www.evisionnews.in): നോട്ട് നിരോധനം ഒമ്പതാം ദിവസത്തിലേക്ക് കടന്നിട്ടും സാധാരണക്കാരായ ജനം ക്യൂവില്‍ തന്നെയാണ്. നോട്ടുപിന്‍വലിച്ച നടപടി ജനങ്ങളെ പിടിച്ചുകുലുക്കുന്നതിനിടെയാണ് കൂനിന്‍മേല്‍ കുരുവെന്ന മട്ടില്‍ കൂടുതല്‍ നിയന്ത്രണങ്ങളുമായി കേന്ദ്രം വീണ്ടും രംഗത്തെത്തുന്നത്. നോട്ട് മാറ്റാവുന്ന പരിധി വെട്ടിക്കുറക്കുന്ന കടുത്ത നടപടിയാണ് കേന്ദ്രം വ്യാഴാഴ്ച പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച മുതല്‍ നോട്ട് മാറ്റിയെടുക്കാവുന്ന പരിധി 4500 രൂപയില്‍ നിന്നും 2000 രൂപയായി വെട്ടിക്കുറച്ചു. കള്ളപ്പണം ഇത്തരത്തില്‍ വെളുപ്പിക്കാനായി ഉപയോഗിക്കുന്നു എന്ന ആക്ഷേപത്തെ തുടര്‍ന്നും കൂടുതല്‍ ആളുകള്‍ക്ക് നോട്ട് മാറികിട്ടാനുളള സാഹചര്യം നല്‍കാനുമാണ് പുതിയ തീരുമാനമെന്നാണ് വിശദീകരണം.

കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. രജിസ്ട്രേഷനുളള വ്യാപാരികള്‍ക്ക് 50000 രൂപ വരെ പിന്‍വലിക്കാം. കര്‍ഷകര്‍ക്ക് ആഴ്ചതോറും 25000 രൂപയും പിന്‍വലിക്കാം. എന്നാല്‍ പണം പിന്‍വലിക്കുന്ന അക്കൗണ്ട് കര്‍ഷകരുടെ പേരിലുളളത് തന്നെ ആയിരിക്കണം. വിവാഹ ആവശ്യങ്ങളുമായി ബന്ധപ്പെട്ടുളള സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ രണ്ടര ലക്ഷം രൂപ വരെ അക്കൗണ്ടില്‍ നിന്നും പിന്‍വലിക്കാം.

കൂടാതെ കര്‍ഷകരുടെ അടക്കമുളള വായ്പകളുടെയും ഇന്‍ഷുറന്‍സുകളുടെയും തിരിച്ചടവിനും സമയം നീട്ടിക്കൊടുത്തിട്ടുണ്ട്. നോട്ട് നിരോധനത്തെ തുടര്‍ന്ന് ദിവസങ്ങള്‍ ഇടവിട്ട് കേന്ദ്രസാമ്പത്തികകാര്യ സെക്രട്ടറി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

Post a Comment

0 Comments

Top Post Ad

Below Post Ad