Type Here to Get Search Results !

Bottom Ad

മാവോയിസ്റ്റ് ആക്രമണ ഭീഷണി; പാണത്തൂരിലും ആദൂരിലും സായുധ പൊലീസിനെ വിന്യസിച്ചു


കാസര്‍കോട് (www.evisionnews.in): നിലമ്പൂര്‍ വനത്തില്‍ മാവോയിസ്റ്റുകളെ പ്രത്യേക ദൗത്യസേന വെടിവച്ചു കൊന്നതില്‍ പ്രകോപിതരായ മാവോയിസ്റ്റുകള്‍ പൊലീസ് സ്റ്റേഷനുകള്‍ ആക്രമിച്ചേക്കുമെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്. ഇതേ തുടര്‍ന്ന് കാസര്‍കോട് ജില്ലയിലെ രണ്ടു പൊലീസ് സ്റ്റേഷനുകളിലും ഒരു പൊലീസ് ഔട്ട്പോസ്റ്റിലും സായുധ പൊലീസ് കാവല്‍ ശക്തമാക്കി.

ജില്ലയില്‍ ഏറ്റവും കൂടുതല്‍ ആക്രമണ സാധ്യത ഉള്ളത് ആദൂര്‍ പൊലീസ് സ്റ്റേഷനാണെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. നിലവില്‍ ഇവിടെ രണ്ടു സായുധ പൊലീസുകാരാണ് കാവല്‍ നിന്നിരുന്നത്. നിലമ്പൂര്‍ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കാവല്‍ പൊലീസുകാരുടെ എണ്ണം അഞ്ചായി ഉയര്‍ത്തി. ഏതു തരത്തിലുമുള്ള ആക്രമണം ഉണ്ടായാലും കര്‍ശ നമായി നേരിടാനുള്ള ഉത്തരവും നല്‍കിയിട്ടുണ്ട്. 

കേരള കര്‍ണ്ണാടക അതിര്‍ത്തിയിലെ പൊലീസ് സ്റ്റേഷനുകള്‍ക്കു നേരെ മാവോയിസ്റ്റ് ഭീഷണി ഉള്ളതായി പൊലീസ് ഇന്റലിജന്‍സ് നേരത്തെ മുന്നറിയിപ്പു നല്‍കിയിരുന്നു. ഈ പൊലീസ് സ്റ്റേഷനുകളില്‍ പ്രഥമ സാധ്യത ആദൂരിനും രാജപുരത്തിനുമാണ.് ഇത്തരമൊരു സാഹചര്യത്തില്‍ മാവോയിസ്റ്റ് ആക്രമണം തടയാനുള്ള തയ്യാറെടുപ്പുകളും ആരംഭിച്ചിരുന്നു. ലക്ഷങ്ങള്‍ ചെലവാക്കിയുള്ള രക്ഷാമതിലിന്റെ നിര്‍മ്മാണം ഇരു പൊലീസ് സ്റ്റേഷനുകളിലും അന്തിമ ഘട്ടത്തിലാണ്. കൂറ്റന്‍ മതിലും അതിനു മുകളില്‍ രാജ്യാതിര്‍ത്തിയില്‍ സ്ഥാപിച്ചിട്ടുള്ള മാതൃകയിലുള്ള കമ്പിവേലികളും ഉണ്ടാകും. അടിയന്തിര ഘട്ടങ്ങളില്‍ ഈ കമ്പിച്ചുരുളുകള്‍ വഴി വൈദ്യുതി കടത്തിവിടുകയും ചെയ്യും.

പുറമെ നടക്കുന്ന ഓരോ ചലനങ്ങളും 24 മണിക്കൂറും നിരീക്ഷിക്കുന്നതിനുള്ള സംവിധാനങ്ങളും ഉണ്ടാകും. കേരളം കേന്ദ്രീകരിച്ച് മാവോയിസ്റ്റുകള്‍ക്ക് മൂന്നു ദളങ്ങള്‍ ഉണ്ടെന്നാണ് പൊലീസിന്റെ കൈവശമുള്ള രേഖകള്‍ വ്യക്തമാക്കുന്നത്. വയനാട് കേന്ദ്രീകരിച്ചുള്ള കബനിദളം, പാലക്കാട് കേന്ദ്രീകരിച്ചുള്ള ഭവാനിദളം, നിലമ്പൂര്‍ കേന്ദ്രീകരിച്ചുള്ള നാടുകാണി ദളം എന്നിവയാണ് ഇവ.

ഇപ്പോള്‍ ഏറ്റുമുട്ടല്‍ നടന്നത് നാടുകാണി ദളത്തിലാണ്. നിലമ്പൂരിലെ ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ സജീവമായ മറ്റു ദളങ്ങള്‍ പ്രകോപിതരാകാന്‍ ഇടയുണ്ടെന്നും കണ്ണൂര്‍, കാസര്‍കോട്, വയനാട്, കോഴിക്കോട് ജില്ലകളിലെ അതിര്‍ത്തി പൊലീസ് സ്റ്റേഷനുകള്‍ക്കു നേരെ ആക്രമണത്തിനു മുതിര്‍ന്നേക്കുമെന്നുമാണ് ഇന്റലിജന്‍സിന്റെ കണക്കുകൂട്ടല്‍.

രാജപുരം പൊലീസ് സ്റ്റേഷന്റെ കീഴില്‍ കേരള-കര്‍ണ്ണാടക അതിര്‍ത്തിയായ പാണത്തൂരില്‍ പ്രവര്‍ത്തിക്കുന്ന പൊലീസ് ഔട്ട് പോസ്റ്റും കടുത്ത ആക്രമണഭീഷണിയുടെ നിഴലിലാണ്. നിലവില്‍ രണ്ടു പൊലീസുകാര്‍ മാത്രമാണ് രാത്രി കാലങ്ങളില്‍ പോലും ഔട്ട് പോസ്റ്റില്‍ ഉണ്ടാകാറുള്ളത്. പുതിയ സാഹചര്യത്തില്‍ മൂന്നു സായുധ പൊലീസുകാരെ കൂടി ഇവിടേക്ക് നിയോഗിച്ചിട്ടുണ്ട്.

keywords:kasaragod-mavoist-attack-threatening

Post a Comment

0 Comments

Top Post Ad

Below Post Ad