കാഞ്ഞങ്ങാട് : (www.evisionnews.in) കോട്ടച്ചേരി ഗാര്‍ഡര്‍വളപ്പ് റെയില്‍വേ മേല്‍പ്പാലത്തിന് അനുബന്ധ റോഡ് നിര്‍മ്മിക്കാന്‍ ഏറ്റെടുക്കുന്ന സ്വകാര്യഭൂമിയില്‍ റെയില്‍വേയില്‍ നിന്നും അരനൂറ്റാണ്ടുമുമ്പ് 90 കൊല്ലത്തേക്ക് പാട്ടത്തിനെടുത്ത സ്ഥലവും ഉള്‍പ്പെടുന്നതായി സംശയം. ഇതെ തുടര്‍ന്ന് പദ്ധതി സ്ഥലത്തെ ഭൂമിയുടെ അടിയാധാരം ചികയുന്ന തിരക്കിലാണ് അധികൃതര്‍.
നാട്ടില്‍ അരിക്ക് കൊടിയ ക്ഷാമം നേരിട്ടപ്പോള്‍ കൃഷിക്ക് വേണ്ടി റെയില്‍വേ പാളത്തിന് ഇരുവശങ്ങളിലേയും റെയില്‍വേ സ്റ്റേഷന് സമീപത്തേയും ഒഴിഞ്ഞ സ്ഥലങ്ങള്‍ 90 കൊല്ലത്തേക്ക് പാട്ടത്തിന് നല്‍കിയിരുന്നു. ഇങ്ങനെ പാട്ടത്തിനെടുത്ത സ്ഥലം പിന്നീട് അനധികൃതമായി മണ്ണിട്ട് നികത്തിയും കെട്ടിടങ്ങള്‍ നിര്‍മ്മിച്ചും പലരും കൈവശം വെക്കുകയും കൈമാറ്റം നടത്തുകയും ചെയ്തിട്ടുണ്ട്. തലമുറകള്‍ക്ക് മുമ്പ് പാട്ടത്തിനെടുത്ത ഭൂമി ഇന്നും പലരും സ്വന്തമെന്ന നിലയിലാണ് കൈവശംവെച്ച് നികുതിയടക്കുന്നത്. കൃഷി വേണ്ടെന്ന് വെക്കുകയും ചെയ്തു.
മേല്‍പ്പാലത്തിന് വേണ്ടി അക്വയര്‍ ചെയ്യുന്ന ഭൂമിയുടെ 75 കൊല്ലത്തെ അടിയാധാരം പരിശോധിച്ചാല്‍ ഇത് പുറത്തുവരുമെന്നാണ് പഴമക്കാര്‍ പറയുന്നത്. അപ്രോച്ച് റോഡ് നിര്‍മ്മാണത്തിന് ഭൂമിവിട്ടുകൊടുക്കാതെ മസില്‍ പെരുപ്പിക്കുന്ന പലര്‍ക്കും ഇത് തിരിച്ചടിയാവാനാണ് സാധ്യത.
ബില്‍ഡിംഗ് റൂള്‍സ് നിലവിലുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ കെട്ടിടനിര്‍മ്മാണത്തിനുള്ള ലൈസന്‍സ് സമ്പാദിക്കാതെ അനധികൃതമായി കെട്ടിപ്പൊക്കുന്ന കെട്ടിടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ യഥാര്‍ത്ഥത്തില്‍ സര്‍ക്കാരിന് ബാധ്യതയില്ല.
എന്നാല്‍ അനധികൃതമായ കെട്ടിടങ്ങള്‍ക്കും നഷ്ടപരിഹാരം വാങ്ങാന്‍ അണിയറയില്‍ തിരക്കിട്ട നീക്കങ്ങള്‍ നടക്കുന്നതായി ചില കേന്ദ്രങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.
മേല്‍പ്പാലത്തിന് അപ്രോച്ച് റോഡ് നിര്‍മ്മിക്കാന്‍ ഏറ്റെടുക്കുന്ന ഭൂമിയുടെ ഉടമകളില്‍ ചിലര്‍ ഇനിയും സര്‍ക്കാരിന് സമ്മതപത്രം നല്‍കിയിട്ടില്ല. സമ്മതപത്രം നല്‍കാത്തവരുടെ മുക്കാല്‍നൂറ്റാണ്ടുമുമ്പുമുതല്‍ ഇങ്ങോട്ടുള്ള രേഖകള്‍ പരിശോധിക്കണമെന്നാണ് ആവശ്യം ശക്തമായിട്ടുണ്ട്.
Post a Comment
0 Comments