Type Here to Get Search Results !

Bottom Ad

ഗ്യാസ് ഏജന്‍സി ഉടമയെ വഞ്ചിച്ച അമ്മക്കും മകള്‍ക്കുമെതിരെ കുറ്റപത്രം


കാഞ്ഞങ്ങാട് (www.evisionnews.in): ഭാര്യയും ഭാര്യാമാതാവുമായി വേഷംകെട്ടിയെത്തി ഗ്യാസ് ഏജന്‍സി ഉടമയായ യുവാവിനെ കബളിപ്പിച്ച് സ്വത്തും പണവും തട്ടിയെടുത്ത് മുങ്ങിയെന്ന കേസില്‍ അമ്മക്കും മകള്‍ക്കുമെതിരെ പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
തിരുവല്ല പ്രൈവറ്റ് ബസ്റ്റാന്റിന് സമീപത്തെ എ.വി.എസ്.അപ്പാര്‍ട്ട്മെന്റില്‍ നമ്പര്‍ 10 സിയില്‍ താമസിക്കുന്ന മോഹന്‍കുമാറിന്റെ മകള്‍ സീമാമോഹന്‍ (38), മോഹന്‍കുമാറിന്റെ ഭാര്യ സുഗുണാമോഹന്‍(61) എന്നിവര്‍ക്കെതിരെയാണ് ചന്തേര പോലീസ് ചതി, വഞ്ചന, ഗൂഡാലോചന തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
പിലിക്കോട് മടിവയലിലെ കുഞ്ഞമ്പുവിന്റെ മകന്‍ കെ.എം.രാജേഷ്‌കുമാറി(43)ന്റെ പരാതിയില്‍ ചന്തേര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് കുറ്റപത്രം. രാജേഷിന്റെ ആദ്യ ഭാര്യ മരിച്ചതിനെ തുടര്‍ന്ന് ഈ ബന്ധത്തിലുണ്ടായ രണ്ടുകുട്ടികളെ സംരക്ഷിക്കാന്‍ രണ്ടാമതും വിവാഹത്തിന് പറ്റിയ സ്ത്രീകളെ ആവശ്യമുണ്ടെന്ന് കാണിച്ച് രാജേഷ് പത്രപരസ്യം നല്‍കിയിരുന്നു. ചെറുവത്തൂരിലെ ഫൈന്‍ഫ്ളെയിംസ് ഗ്യാസ് ഏജന്‍സി സ്ഥാപന ഉടമയാണ് രാജേഷ്. പത്രപരസ്യം കണ്ടയുടന്‍ സുഗുണാമോഹന്‍ രാജേഷിനെ ഫോണില്‍ വിളിച്ച് എന്റെ മകള്‍ക്ക് നിങ്ങള്‍ പറഞ്ഞ യോഗ്യതകളുണ്ടെന്നും വിവാഹത്തിന് ആലോചനനടത്താമെന്നും പറഞ്ഞു. ഇതനുസരിച്ച് 2013 മെയ് 26 ന് തൃശൂര്‍ പാറമേക്കാവ് ക്ഷേത്രത്തില്‍ വെച്ച് സീമാമോഹനനും രാജേഷ് കുമാറും തമ്മില്‍ വിവാഹിതരായി. തുടര്‍ന്ന് ചെറുവത്തൂര്‍ മടിവയലിലെ രാജേഷ് കുമാറിന്റെ വീട്ടില്‍ താമസം തുടങ്ങിയ സീമാമോഹന്‍ ക്രമേണ രാജേഷിന്റെ വിശ്വാസം പിടിച്ചുപറ്റി ഗ്യാസ് ഏജന്‍സിയും മടിവയലിലെ 75 സെന്റ് സ്ഥലവും സ്വന്തം പേരിലാക്കാന്‍ നീക്കമാരംഭിച്ചു. സീമ മുമ്പ് വിവാഹം കഴിച്ചിരുന്നു. ഇക്കാര്യം മറച്ചുവെച്ചാണ് രാ ജേഷിനെ വിവാഹം ചെയ്തത്. തട്ടിപ്പും വഞ്ചനയും പതിവാക്കിയ അമ്മക്കും മകള്‍ക്കുമെതിരെ 2009 ല്‍ തിരുവനന്തപുരം കരമന പോലീസിലും 2012 ല്‍ ആറ്റിങ്ങല്‍ പോലീസിലും പരാതിയുണ്ട്. സമാനമായ തട്ടിപ്പുകേസുകളിലെ പ്രതികളാണ് ഇവരെന്ന് മനസിലായതോടെ രാജേഷ് കുമാര്‍ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. പ്രതികള്‍ രണ്ടുപേരും ഇപ്പോഴും ഒളിവിലാണ്.


Post a Comment

0 Comments

Top Post Ad

Below Post Ad