വൃശ്ചികമാസക്കുളിരിനെ വകവെക്കാതെ ആയിരങ്ങളാണ് പള്ളത്തെ പുഴക്കര ഗ്രൗണ്ടിലേക്ക് ശനിയാഴ്ച രാത്രി ഒഴുകിയെത്തിയത്. രാത്രി ഒമ്പത് മണിക്കാരംഭിച്ച മത്സരങ്ങള്‍ക്ക് ഞായറാഴ്ച പത്ത് മണിയോടെയാണ് തിരശ്ശീല വീണത്. കാസര്‍കോടിന്റെ ഫുട്‌ബോള്‍ ചരിത്രത്തില്‍ നിത്യവിസ്മയ ചരിത്രസംഭവമായി പള്ളത്തെ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് അംഗീകരിക്കപ്പെട്ട് കഴിഞ്ഞു. 35-ാം വാര്‍ഡ് കൗണ്‍സിലര്‍ ഹാരിസ് ബന്നു സംഘാടക സമിതി ചെയര്‍മാനായ കമ്മിറ്റിക്ക് നാട്ടുകാര്‍ ചൊരിഞ്ഞ നിര്‍ലോഭമായ സഹകരണമാണ് ഇത്തരമൊരു ടൂര്‍ണമെന്റ് വിജയപ്രാപ്തിയിലെത്തിച്ചത്. സംസ്ഥാന കേരളോത്സവ ചരിത്രത്തില്‍ ആദ്യമായാണ് ഫ്‌ളഡ് ലൈറ്റ് സ്റ്റേഡിയത്തില്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടന്നത്.
22 ടീമുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. വൈകിട്ട് അഞ്ചുമണിക്ക് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മിസ് രിയ ഹമീദിന്റെ അധ്യക്ഷതയില്‍ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ നൈമുന്നിസ, കൗണ്‍സിലര്‍ സിയാന ഹനീഫ്, ശംസുദ്ദീന്‍ ചേരങ്കൈ, മുരളീധരന്‍ പ്രസംഗിച്ചു. ഹാരിസ് ബന്നു സ്വാഗതം പറഞ്ഞു.
രാത്രി ഒമ്പത് മണിക്ക് ആദ്യമത്സരത്തിനിറങ്ങിയ തെരുവത്ത് സ്‌പോര്‍ട്ടിംഗിലെയും കാസ്‌ക് ചേരങ്കൈയുടെയും താരങ്ങളെ എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ പരിചയപ്പെട്ടു. വൈസ് ചെയര്‍മാന്‍ എല്‍എ മഹമൂദ് ഹാജി, ക്ഷേമകാര്യ സമിതി ചെയര്‍മാന്‍ കെഎം അബ്ദുല്‍ റഹ്മാന്‍, കൗണ്‍സിലര്‍മാരായ ഹനീഫ് അടുക്കത്ത് ബയല്‍, റാഷിദ് പൂരണം, വിശ്വനാഥന്‍, ഖമറുദ്ദീന്‍ തളങ്കര, മുജീബ് തായലങ്ങാടി, ശംസുദ്ദീന്‍ പുതിയപുര, മുഹമ്മദ് കുഞ്ഞി സ്രാങ്ക് എന്നിവര്‍ എംഎല്‍എക്കൊപ്പമുണ്ടായിരുന്നു.