Type Here to Get Search Results !

Bottom Ad

സമസ്ത റാലി കേസ് പിന്‍വലിക്കണം: കോ-ഓഡിനേഷന്‍ കമ്മിറ്റി ഡി.വൈ.എസ്.പി ഓഫീസിലേക്ക് വായ മൂടിക്കെട്ടി പ്രകടനം നടത്തും


കാസര്‍കോട് (www.evisionnews.in): ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാനുള്ള മോദി ഭരണകൂടത്തിന്റെ നിഗൂഢനീക്കങ്ങള്‍ക്കെതിരെ ഈ മാസം 14ന് സമസ്ത കോ-ഓഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നിയമാനുസരണ അനുമതി വാങ്ങിയും ഗതാഗത ചട്ടങ്ങള്‍ പാലിച്ചും കാഞ്ഞങ്ങാട് ടൗണില്‍ നടത്തിയ ഏകീകൃത സിവില്‍ കോഡ് വിരുദ്ധ ശരീഅത്ത് സംരക്ഷണ റാലിയുടെ പേരില്‍ കമ്മിറ്റിയുടെ ഭാരവാഹികള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ നിലനില്‍ക്കാത്ത വാദങ്ങള്‍ നിരത്തി കള്ളക്കേസ് ചമച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടികള്‍ സ്വീകരിക്കണമെന്നും കേസ് ദുര്‍ബലപ്പെടുത്തണമെന്നും കോ- ഓഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ ആവശ്യപ്പെട്ടു. 

പ്രധാനമന്ത്രി അടക്കമുള്ളവര്‍ക്കെതിരെ പ്രകോപന പരമായ മുദ്രാവാക്യങ്ങള്‍ വിളിച്ചെന്നും കലാപമുണ്ടാക്കാന്‍ ശ്രമിച്ചെന്നും ഗതാഗത തടസമുണ്ടാക്കിയെന്നും പ്രകടനം നിര്‍ത്തിവെക്കാന്‍ പരാതിക്കാരനായ എസ്.ഐ ആവശ്യപ്പെട്ടിട്ട് അനുസരിച്ചിട്ടില്ലെന്നും കാണിച്ച് 143,147,145,283,153,149 എന്നീ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്ത പൊലീസ് നടപടി ഭരണഘടന വിരുദ്ധവും പൗരാവകാശ നിഷേധവും വര്‍ഗ്ഗീയ ദ്രുവീകരണത്തിനുളള പൊലീസിന്റെ നിഗൂഡ നീക്കവുമാണ്. ഭരണഘടനയുടെ 19 (1എ) വകുപ്പ് പ്രകാരം ഭരണാധികാരികളെ വിമര്‍ശിക്കാനുള്ള അവകാശം മൗലികാവകാശമാണ്. അനുവാദം വാങ്ങി നിയമം പാലിച്ച് ഗതാഗതത്തിന് ഒരു തടസ്സവുമുണ്ടാക്കാതെ അംഗീകൃത മുദ്രാവാക്യങ്ങള്‍ മുഴക്കി നടന്ന പ്രകടനത്തിന്റെ പേരില്‍ കേസെടുക്കുന്നത് തികച്ചും അന്യായമാണ്. ഇതേ ദിവസം അനുവാദമില്ലാതെയും ഗതാഗത തടസ്സം സൃഷ്ടിച്ചും പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കിയും ഡി.വൈ.എഫ്.ഐ പ്രകടനം നടത്തിയിരുന്നു. ഈ മാസം നാലിന് ദേശീയ ജനാധിപത്യ മഹിള അസോസിയേഷന്റെ സംസ്ഥാന സമ്മേളത്തോടനുബന്ധിച്ച് നടന്ന പ്രകടനത്തിനും കഴിഞ്ഞ മാസം അവസാനവാരം ഒരു മത വിഭാഗത്തിന്റെ ജയന്തി ആഘോഷത്തിന്റെ ഭാഗമായും മണിക്കൂറുകളോളം കാഞ്ഞങ്ങാട് നഗരത്തില്‍ ഗതാഗത സ്തംഭനം സൃഷ്ടിക്കപ്പെട്ടിരുന്നു. അതിനെല്ലാം സൗകര്യം ചെയ്തു കൊടുത്ത ഹൊസ്ദുര്‍ഗ്ഗ് പൊലീസ് സമസ്ത റാലിയില്‍ മാത്രം കുറ്റങ്ങള്‍ കണ്ടെത്തിയതും ന്യായരഹിതമായി കേസെടുത്തതും എന്ത് കൊണ്ടെന്ന് വിശദീകരിക്കണെന്നും ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

കേസെടുത്ത പോലീസിനെതിരെ നടപടിയും കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ശക്തമായ പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകാനാണ് കോ-ഓഡിനേഷന്‍ കമ്മിറ്റിയുടെ തീരുമാനും. മുഖ്യമന്ത്രിക്കും ഉന്നത പോലീസ് ഉദ്യോഗസ്ഥന്മാര്‍ക്കും ഇതു സംബന്ധിച്ചുള്ള നിവേദനങ്ങള്‍ നല്‍കിയിട്ടുണ്ട്. പ്രക്ഷോഭങ്ങള്‍ക്ക് തുടക്കം കുറിച്ച് 23ന് പത്തു മണിക്ക് കോ-ഓഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പൗരവാകാശ ധ്വംസനത്തിനും അഭിപ്രായ സ്വാതന്ത്യ നിഷേധത്തിനും കൂട്ടു നില്‍ക്കുന്ന പോലീസിന്റെ നടപടിക്കെതിരെ പ്രതീകാത്മകമായി വായ മൂടിക്കെട്ടി കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. 9.30ന് എലൈറ്റ് ഹോട്ടല്‍ പരിസരത്ത് നിന്നും മാര്‍ച്ച് ആരംഭിക്കും. 

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത്, സുന്നി യുവജന സംഘം, സമസ്ത കേരള സുന്നി വിദ്യാര്‍ത്ഥി ഫെഡറേഷന്‍, റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, സുന്നി മഹല്ല് ഫെഡറേഷന്‍, സുന്നി ബാലവേദി എന്നിവയുടെ നിയോജക മണ്ഡലം, പഞ്ചായത്ത്, ശാഖ കമ്മിറ്റി ഭാരവാഹികള്‍, മഹല്ലു ജമാഅത്ത് ഭാരവാഹികള്‍, മുദരീസുമാര്‍, ഇമാമുമാര്‍, മദ്രസാ അധ്യാപകര്‍ മാര്‍ച്ചില്‍ പങ്കെടുക്കും. പത്ര സമ്മേളനത്തില്‍ കോ-ഓഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ മെട്രോ മുഹമ്മദ് ഹാജി, വൈസ് ചെയര്‍മാന്‍ ബഷീര്‍ വെള്ളിക്കോത്ത്, വര്‍ക്കിംഗ് ചെയര്‍മാന്‍ മുബാറക് ഹസൈനാര്‍ ഹാജി, എം മൊയ്തു മൗലവി, ടി.പി അലി ഫൈസി, കെ. അബൂബക്കര്‍, ഷറഫുദ്ദീന്‍ കുണിയ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad