Type Here to Get Search Results !

Bottom Ad

പത്മകുമാറിന് പിന്നാലെ സി.കെ പത്മനാഭനെയും ശോഭാസുരേന്ദ്രനെയും റാഞ്ചാന്‍ സിപിഎം നീക്കം, കാഞ്ഞങ്ങാട്ട് നിന്ന് ദാമോദരപണിക്കരും


കാസര്‍കോട് (www.evisionnews.in): നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം നേമത്ത് നിന്ന് ഒ രാജഗോപാലിനെ സഭയിലെത്തിക്കുന്നതിന് ചുക്കാന്‍ പിടിച്ച ആര്‍എസ്എസ് പ്രചാരകനും ഹിന്ദുഐക്യ വേദിയുടെ സംസ്ഥാന സെക്രട്ടറിയുമായ പി പത്മകുമാറിനെ സിപിഎമ്മിലെത്തിച്ച തന്ത്രവുമായി ബിജെപിയുടെ സംസ്ഥാനത്തെ മുന്‍ നിര നേതാക്കളായ സികെ പത്മനാഭനെയും ശോഭാസുരേന്ദ്രനെയും റാഞ്ചാന്‍ സിപിഎം നേതൃത്വം കരുക്കള്‍ നീക്കുന്നതായി രാഷ്ട്രീയ കേന്ദ്രങ്ങളില്‍ അഭ്യൂഹം ശക്തമായി. 

അതേസമയം മുന്‍ ബിഎംഎസ് ജില്ലാ പ്രസിഡണ്ടും സെക്രട്ടറിയുമായിരുന്ന കാഞ്ഞങ്ങാട്ടെ പി ദാമോദര പണിക്കരെയും പാര്‍ട്ടിയിലെത്തിക്കാന്‍ കാസര്‍കോട്ടെ സിപിഎം നേതൃത്വം നീങ്ങുന്ന വിവരങ്ങളും ഇതിനകം പുറത്തുവന്നു. കാഞ്ഞങ്ങാട്ട് ബിജെപിക്ക് മേല്‍വിലാസം ഉണ്ടാക്കിയ മുതിര്‍ന്ന നേതാവ് മടിക്കൈ കമ്മാരന്റെ പാര്‍ട്ടിയില്‍ നിന്ന് പിന്നോട്ടടിച്ച് ഒതുങ്ങിക്കഴിയുന്നതും സിപിഎം സസൂക്ഷ്മം വിലയിരുത്തുന്നുണ്ട്. ദാമോദരപണിക്കരെ ഇപ്പോള്‍ ആര്‍എസ്എസ് മൂലക്കിരുത്തിയതിനെ തുടര്‍ന്ന് ഇദ്ദേഹം എസ്എന്‍ഡിപിയുമായി ബന്ധപ്പെട്ടാണ്പ്രവര്‍ത്തിക്കുന്നത്.

കണ്ണൂരില്‍ സംഘപരിവാറിന്റെ കരുത്തനായ ഒ.കെ വാസു, സംഘ പ്രചാരകന്‍ സുധീഷ് മിന്നി എന്നിവര്‍ക്ക് പിന്നാലെയാണ് പത്മകുമാറിനെ ഞായറാഴ്ച തലസ്ഥാനത്തെ സിപിഎം ജില്ലാ ആസ്ഥാനെത്തിച്ച് പത്രസമ്മേളനം നടത്തി സിപിഎമ്മില്‍ ചേക്കാറാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. കേരളത്തില്‍ ആദ്യമായി ബിജെപിക്ക് നിയമസഭയില്‍ അക്കൗണ്ട് ഉറപ്പിച്ച നേമം മണ്ഡലത്തിലെ പ്രചാരണം നയിച്ച പത്മകുമാറിനെ തന്നെ അടര്‍ത്തിയെടുത്ത് ചെങ്കൊടി പിടിപ്പിച്ച് രാഷ്ട്രീയദൗത്യം പൂര്‍ത്തിയാക്കിയ സിപിഎമ്മിന്റെ അടുത്ത ലക്ഷ്യം സികെ പത്മനാഭനും ശോഭാസുരേന്ദനമാണെന്നാണ് മാര്‍ക്‌സിസ്റ്റ് ക്യാമ്പിലെ അടക്കിപ്പിടിച്ചുള്ള സംസാരം. 

തലസ്ഥാന ജില്ലയില്‍ മാത്രം അഞ്ചോളം മുന്‍ ആര്‍എസ്എസ് പ്രചാരകരെ സിപിഎം തങ്ങളുടെ വശത്താക്കാന്‍ നീക്കം തുടങ്ങിയിട്ടുണ്ട് എന്നാണ് സൂചന. സുധീഷ് മിന്നി, ഒ കെ വാസു എന്നിവരുടെ നേതൃത്വത്തിലാണ് ഇതിനുള്ള നീക്കം നടക്കുന്നത്. എന്നാല്‍ തന്നെ അതിനുകിട്ടില്ലെന്ന് ശോഭ സുരേന്ദ്രന്‍ ഫേസ്ബുക്കിലൂടൈ തുറന്നടിച്ചിട്ടുണ്ട്. പക്ഷേ സികെപി ഉള്‍പ്പെടെ മറ്റുള്ള നേതാക്കള്‍ ഇപ്പോഴും മൗനത്തിലാണ്. അതിനിടെ നേതാക്കളുടെ മാറ്റം ബിജെപിയെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. ഇതിനെ പ്രതിരോധിക്കാന്‍ കരുതലുകളെടുക്കാന്‍ ബിജെപി നേതൃത്വം തീരുമാനിച്ചു കഴിഞ്ഞു.


Keywords: news-story-pathmakumar-ckp-shobha-bjp-cpm




Post a Comment

0 Comments

Top Post Ad

Below Post Ad