മുംബൈ (www.evisionnews.in): ബാങ്കില്‍ നോട്ട് മാറുന്നവരുടെ വിരലില്‍ മഷി കുത്തുന്നതിനെതിരെ മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പു കമ്മീഷന്‍. തമിഴ്‌നാട്ടിലെ അരവാക്കുറിച്ചി, തഞ്ചാവൂര്‍, തിരുപ്പറന്‍കുണ്ട്രം എന്നിവിടങ്ങളില്‍ ശനിയാഴ്ച നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുകയാണ്. ഇവിടങ്ങളില്‍ ഇടതു കൈവിരലില്‍ മഷിയടയാളമുള്ളവരെ വോട്ടു ചെയ്യാന്‍ അനുവദിക്കില്ലെന്നു സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന മഹാരാഷ്ട്രയില്‍ നോട്ടു മാറാനെത്തുന്നവരുടെ വിരലില്‍ മഷിയടയാളം രേഖപ്പെടുത്തുന്നതിലുള്ള ആശങ്ക അറിയിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ ചീഫ് സെക്രട്ടറിക്ക് കത്തെഴുതി. റദ്ദാക്കിയ നോട്ട് മാറ്റിയെടുക്കുമ്പോള്‍ ബാങ്കില്‍നിന്ന് വലതു ചൂണ്ടുവിരലിലാണ് മഷിയടയാളമിടേണ്ടത്. എന്നാല്‍ അബദ്ധത്തില്‍ ഇത് ഇടതു കൈവിരലിലായിപ്പോയാല്‍ അവര്‍ക്ക് വോട്ടവകാശം നഷ്ടപ്പെടുമെന്നാണ് രണ്ടു സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പു കമ്മിഷന്റെ മുന്നറിയിപ്പ്.
തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പു നടക്കുന്ന മണ്ഡലങ്ങളിലെ ബാങ്കുകളില്‍ ഇതുവരെ മഷിയടയാളമിട്ടു തുടങ്ങിയിട്ടില്ലെങ്കിലും നോട്ടുകള്‍ മാറ്റിവാങ്ങുമ്പോള്‍ മഷി ഇടതു കൈവിരലില്‍ ആകാതിരിക്കാന്‍ വോട്ടര്‍മാര്‍ ജാഗ്രത പാലിക്കണമെന്നു കമ്മീഷന്‍ നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ ബാങ്ക് ജീവനക്കാരും അതീവ ശ്രദ്ധ പുലര്‍ത്തണമെന്നാണ് മുന്നറിയിപ്പ്. നവംബര്‍ 27, ഡിസംബര്‍ 14, 18, ജനുവരി 8 എന്നീ നാലു ഘട്ടങ്ങളായി 192 മുനിസിപ്പല്‍ കൗണ്‍സിലുകളിലേക്കും 20 നഗര പഞ്ചായത്തുകളിലേക്കുമാണ് മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പു നടക്കുക.
Post a Comment
0 Comments