കാസര്‍കോട് (www.evisionnews.in): നഗരത്തിലെയും സമീപപ്രദേശങ്ങളിലെ പഞ്ചായത്തുകളിലേക്കുമായി ശുദ്ധജലം വിതരണത്തിനായി ബാവിക്കരയില്‍ സ്ഥിരം തടയണ നിര്‍മിക്കുന്ന സ്ഥലം മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്നു ബാവിക്കര റഗുലേറ്റര്‍ ജനകീയ ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് 19ന് കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ഭാരവാഹികളായ ഇ.കുഞ്ഞിക്കണ്ണന്‍, മുനീര്‍ മുനമ്പം അറിയിച്ചു. സ്ഥിരം തടയണയുടെ നിര്‍മാണപ്രവൃത്തി തുടങ്ങി 11വര്‍ഷത്തിലേറെയായി.
2005ല്‍ തുടങ്ങിയ ആദ്യ കരാറുകാരന്‍ പകുതിയില്‍ നിര്‍ത്തി. പിന്നീട് എസ്റ്റിമേറ്റില്‍ വര്‍ധനവ് നടത്തി മറ്റൊരു കരാറുകാരനു പ്രവൃത്തി നല്‍കിയെങ്കിലും ഇതു പാതിവഴിയില്‍ ഉപേക്ഷിച്ചു. പകുതിയില്‍ നിര്‍ത്തിയ പ്രവൃത്തികള്‍ക്ക് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഇരു കരാറുകാരും ചേര്‍ന്നു 4.39 കോടി രൂപ കൈപ്പറ്റിയതായി ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായ വാസു ചട്ടഞ്ചാല്‍, ബാലഗോപാലന്‍, അബ്ദുല്ല ആല്ലൂര്‍ ആരോപിച്ചു.
സ്ഥിരം തടയണയുടെ നിര്‍മാണപ്രവൃത്തി ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് പദ്ധതിപ്രദേശത്തെ നാട്ടുകാരും പൊതുപ്രവര്‍ത്തകരും ജനപ്രതിനിധികളും ചേര്‍ന്നു ജനകീയ കമ്മിറ്റി രൂപീകരിച്ചു. കുടിവെള്ള പദ്ധതിയുടെ ഭാഗമായുള്ള സ്ഥിരം തടയണയുടെ നിര്‍മാണപ്രവൃത്തി നീളുന്നതിനെതിരെ പ്രക്ഷോഭങ്ങള്‍ നടത്തി. എന്നാല്‍ അധികൃതരുടെ ഭാഗത്തുനിന്ന് അനുകൂലമായ നീക്കം ഉണ്ടായില്ലെന്നും വര്‍ഷന്തോറും താല്‍ക്കാലിക തടയണ നിര്‍മിക്കുന്നതിനായി ഓരോ വര്‍ഷവും ലക്ഷങ്ങളാണു ചെലവഴിക്കുന്നതെന്നും ഇവര്‍ ആരോപിച്ചു.
സ്ഥിരം തടയണയുടെ നിര്‍മാണപ്രവൃത്തി യഥാസ്ഥാനത്തു പുനരാരംഭിക്കാതെ താല്‍ക്കാലിക തടയണ നിര്‍മിക്കാന്‍ അനുവദിക്കില്ല. കഴിഞ്ഞ ജനുവരി 27നു തിരുവനന്തപുരത്തു മന്ത്രിതല ചര്‍ച്ച നടത്തിയതില്‍ ആക്ഷന്‍ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ അംഗീകരിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇവ മാറ്റുകയായിരുന്നുവെന്നും തിരഞ്ഞെടുപ്പു സമയത്തു താല്‍ക്കാലിക തടയണ നിര്‍മാണത്തിനുള്ള തടസം നീക്കാന്‍ നാട്ടുകാരെ ബോധപൂര്‍വം കബളിപ്പിക്കുകയുമായിരുന്നുവെന്നും ഭാരവാഹികള്‍ ആരോപിച്ചു.
പദ്ധതിയെ അഴിമതിയുടെ കറവപ്പശുവായി നീട്ടിക്കൊണ്ടുപോകുന്നതിനും കരാറുകാരെ സംരക്ഷിക്കുന്നതിനുമാണു തടയണയുടെ നിര്‍മാണസ്ഥലം മാറ്റണമെന്ന് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഇത്തരമൊരു നിലപാടെടുക്കുന്നതെന്നു സംശയിക്കുന്നു. പദ്ധതി സ്ഥലം മാറ്റിയാല്‍ പല ചോദ്യങ്ങളും ഉയര്‍ന്നുവരും. പദ്ധതി എന്തു നഷ്ടം സഹിച്ചും യഥാസ്ഥാനത്തു തന്നെ പൂര്‍ത്തീകരിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.
നിര്‍ദിഷ്ട പദ്ധതി പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തണം. പുതിയ ഡിസൈന്‍ ആവശ്യമാണെങ്കില്‍ അതും എസ്റ്റിമേറ്റും ടെന്‍ഡര്‍ നടപടികളും ഉടന്‍ പൂര്‍ത്തീകരിച്ചു താല്‍ക്കാലിക തടയണ നിര്‍മാണത്തിനു മുന്‍പേ റഗുലേറ്ററിന്റെ നിര്‍മാണം പുനരാരംഭിക്കണമെന്നും അല്ലാത്തപക്ഷം താല്‍ക്കാലിക തടയണ നിര്‍മാണപ്രവൃത്തി അനുവദിക്കില്ലെന്നും ഭാരവാഹികള്‍ മുന്നറിയിപ്പു നല്‍കി. 19നു ആക്ഷന്‍ കമ്മിറ്റി നേതൃത്വത്തില്‍ ബഹുജനങ്ങളെ അണിനിരത്തി നടത്തുന്ന കലക്ടറേറ്റ് മാര്‍ച്ചിലും ധര്‍ണയിലും ജില്ലയിലെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തുള്ളവര്‍ പങ്കാളിയാവുമെന്നും ഇവര്‍ അറിയിച്ചു.
Keywords: Kasaragod-news-action-collectrate-march-
Post a Comment
0 Comments