കാസര്‍കോട് (www.evisionnews.in)നെഹ്‌റു യുവകേന്ദ്രയില്‍ അഫിലിയേറ്റ് ചെയ്തിട്ടുളള ജില്ലയിലെ മികച്ച യൂത്ത് ക്ലബ്ബിനുളള അവാര്‍ഡ് വിതരണവും യൂത്ത് ക്ലബ്ബ് വികസന പരിപാടിയും കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ജില്ലാ കളക്ടര്‍ ഇ ദേവദാസന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ യൂത്ത് കോര്‍ഡിനേറ്റര്‍ എം അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.
എല്ലാ മതവിഭാഗങ്ങളേയും രാഷ്ട്രീയ കക്ഷികളെയും ഉള്‍കൊണ്ട് സമൂഹത്തിലെ തിന്മകള്‍ക്കെതിരെ പ്രവര്‍ത്തിക്കാനും സമാധാന അന്തരീക്ഷം ഉണ്ടാക്കാനും യൂത്ത് ക്ലബ്ബ് പ്രവര്‍ത്തകര്‍ക്ക്് കഴിയണമെന്ന് ജില്ലാകളക്ടര്‍ ഇ ദേവദാസന്‍ പറഞ്ഞു. യൂത്തുക്ലബ്ബുകള്‍ ഏറ്റെടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാകണം. പഠനം നിര്‍ത്തിയ കുട്ടികളെ സ്‌ക്കൂളിലെത്തിക്കാന്‍ പ്രവര്‍ത്തിക്കണം. എല്ലാ വീടുകളിലും വൈദ്യുതിയും കക്കൂസ് സംവിധാനവും ലഭ്യമാക്കാനുളള സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളുമായി യൂത്ത്ക്ലബ്ബ് പ്രവര്‍ത്തകര്‍ സഹകരിക്കണമെന്നും ഇതിനായി അര്‍ഹതയുള്ളവരെ അപേക്ഷ നല്‍കാന്‍ പ്രേരിപ്പിക്കാനും ബോധവല്‍ക്കരണം നടത്താനും ക്ലബ്ബുകള്‍ മുന്നോട്ട് വരണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
മികച്ച ക്ലബ്ബുകള്‍ക്കുളള ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസ് വിതരണം ചെയ്തു. നാടിന്റെ വെളിച്ചമാകാന്‍ ക്ലബ്ബുകള്‍ക്കാകണമെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു. യൂത്ത് ക്ലബ്ബുകള്‍ സാമൂഹ്യമുന്നേറ്റത്തിന്റെ മുന്നണി പോരാളികളാകണമെന്നും അദ്ദേഹം പറഞ്ഞു. സ്‌പോര്‍ട്‌സ് ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കുമ്പോള്‍ സംഘര്‍ഷം ഉണ്ടാവില്ലെന്ന് ഉറപ്പുവരുത്തണം. എല്ലാ മതവിഭാഗങ്ങള്‍ക്കും സംബന്ധിക്കാന്‍ കഴിയുന്നവിധം സാംസ്‌ക്കാരിക പരിപാടികള്‍ സംഘടിപ്പിക്കണമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. നാടിന്റെ വികസനപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ യൂത്ത്ക്ലബ്ബ് പ്രവര്‍ത്തകര്‍ക്ക് നെഹ്‌റുയുവകേന്ദ്ര പരിശീലനം നല്‍കുമെന്ന് ജില്ലാ യൂത്ത് കോര്‍ഡിനേറ്റര്‍ എം അനില്‍കുമാര്‍ പറഞ്ഞു.
മികച്ച ക്ലബ്ബുകളായി കാസര്‍കോട് ബ്ലോക്കില്‍ ആലമ്പാടി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ഒന്നാം സ്ഥാനവും കിംഗ് സ്റ്റാര്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് എരിയപ്പാടി രണ്ടാം സ്ഥാനവും നേടി. മഞ്ചേശ്വരം ബ്ലോക്കില്‍ എസ് കെ എസ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് പുത്തിഗെ ഒന്നാം സ്ഥാനവും ഫ്രണ്ട്‌സ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് പച്ചമ്പള രണ്ടാംസ്ഥാനവും നേടി. കാറഡുക്ക ബ്ലോക്കില്‍ ശ്രീ ചക്ര റൂറല്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് , കൊടവഞ്ചി ഒന്നാം സ്ഥാനവും മൈത്രി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് മര്‍പ്പനടുക്ക രണ്ടാം സ്ഥാനവും നേടിയപ്പോള്‍ കാഞ്ഞങ്ങാട് ബ്ലോക്കില്‍ കെ വി രാധാകൃഷ്ണന്‍ മെമ്മോറിയല്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ്, പാക്കം ഒന്നാം സ്ഥാനവും റെഡ് സ്റ്റാര്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് കീക്കാങ്ങോട് രണ്ടാം സ്ഥാനവും നേടി. പരപ്പ ബ്ലോക്കില്‍ ചിറ്റാരിക്കാല്‍ ഡവലപ്പ്‌മെന്റ് അതോറിറ്റി ഒന്നാം സ്ഥാനവും ഫ്രണ്ട്‌സ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് പരപ്പച്ചാല്‍ രണ്ടാം സ്ഥാനവും നേടി. നീലേശ്വരം ബ്ലോക്കില്‍ ഇലവന്‍ സ്റ്റാര്‍സ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് , പടന്ന ഒന്നാം സ്ഥാനവും അനശ്വര ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് കണിച്ചിറ രണ്ടാം സ്ഥാനവും നേടി. യോഗത്തില്‍ ക്രിയേറ്റീവ് വിജിലന്‍സ് എന്ന വിഷയത്തില്‍ വിജിലന്‍സ് ആന്റ് ആന്റികറപ്ഷന്‍ ബ്യൂറോ പോലീസ് ഇന്‍സ്‌പെക്ടര്‍ പി ബാലകൃഷ്ണന്‍ നായര്‍ ക്ലാസ്സെടുത്തു.ടി എം അന്നമ്മ സ്വാഗതവും സയ്ദ് സവാദ് നന്ദിയും പറഞ്ഞു.
Post a Comment
0 Comments