Type Here to Get Search Results !

Bottom Ad

ടോമിന്‍ തച്ചങ്കരി ഡ്രൈവിങ് സ്‌കൂളുകള്‍ക്കെതിരെയും നടപടി തുടങ്ങി


കാസര്‍കോട്  (www.evisionnews.in)  : ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ തച്ചങ്കരി ഡ്രൈവിംഗ് സ്‌കൂളുകള്‍ക്കെതിരെയും തിരിഞ്ഞു. തോന്നിയ രീതിയില്‍ ഫീസ് വാങ്ങി നടത്തുന്ന ഡ്രൈവിങ് സ്‌കൂളുകള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനും സ്ഥിരം പരിശോധന നടത്താനും ഗതാഗത വകുപ്പ് നടപടി തുടങ്ങി. 

ലൈസന്‍സില്ലാതെ ഡ്രൈവിങ് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നുവെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ അക്കാര്യം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആര്‍.ടി.ഒമാര്‍ക്ക് ട്രാന്‍സ്‌പോര്‍ട്ട് കമീഷണര്‍ നിര്‍ദ്ദേശം നല്‍കി. 

നിലവില്‍ മൂന്ന് മാസത്തിലൊരിക്കല്‍ ഡ്രൈവിങ് സ്‌കൂളുകളില്‍ പരിശോധന നടത്തണം. എന്നാല്‍, മിക്കയിടങ്ങളിലും ഇത് പാലിക്കപ്പെടുന്നില്ലെന്ന കാര്യം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് മാസത്തിലൊരിക്കല്‍ പരിശോധിക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമീഷണര്‍ ടോമിന്‍ ജെ. തച്ചങ്കരി നിര്‍ദ്ദേശം നല്‍കിയത്.

പരിശോധനാ റിപ്പോര്‍ട്ട് കൃത്യമായി സമര്‍പ്പിക്കണമെന്നും കമീഷണര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. 

ഡ്രൈവിങ് സ്‌കൂളുകള്‍ക്ക് ലൈസന്‍സ് വേണമെന്നാണ് ചട്ടം. ഡ്രൈവിങ് പഠിപ്പിക്കാന്‍ വേണ്ട നിശ്ചിത സൗകര്യമുള്ള ഇടങ്ങളിലാകണം സ്‌കൂളുകള്‍ പ്രവര്‍ത്തിക്കേണ്ടത്. ഓരോ ജില്ലയിലും റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ (ആര്‍. ടി.ഒ) ഈ സ്ഥലം പരിശോധിച്ച് 1988ലെ മോട്ടോര്‍ വാഹന നിയമത്തിലെ 12ാം വകുപ്പ് അനുശാസിക്കുന്ന പ്രകാരവും കേന്ദ്ര മോട്ടോര്‍ വാഹന ചട്ടങ്ങളിലെ 24ാം വകുപ്പ് പ്രകാരവും 2013 ലെ ഗതാഗത കമീഷണറുടെ സര്‍ക്കുലര്‍ പ്രകാരവുമാണ് ലൈസന്‍സ് നല്‍കേണ്ടത്. എന്നാല്‍, പലയിടങ്ങളിലും മതിയായ സൗകര്യമില്ലാതെയാണ് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന ആക്ഷേപം ശക്തമാണ്. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മാസപ്പടി നല്‍കിയാണ് പല സ്‌കൂളുകളും നിലനിര്‍ത്തുന്നത്.

ലൈസന്‍സില്ലാത്ത സ്‌കൂളുകള്‍ ഏറെയുണ്ട്. ഇരുചക്രവാഹനം, കാര്‍ എന്നിവ പഠിക്കാന്‍ വ്യത്യസ്ത ഫീസാണ് അടുത്തടുത്തുള്ള സ്‌കൂളുകള്‍പോലും ഈടാക്കുന്നത്. ഇതുസംബന്ധിച്ച് നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് കര്‍ശന നീക്കത്തിന് വകുപ്പ് തീരുമാനിച്ചത്. 

ഓരോ സ്‌കൂളിലും പഠിക്കുന്നവരുടെ എണ്ണം, ക്ലാസുകളുടെ എണ്ണം, ഉപയോഗിക്കുന്ന വാഹനങ്ങളുടെ രേഖകള്‍, ഈടാക്കുന്ന ഫീസ് എന്നിവ സംബന്ധിച്ച് നല്‍കിയ രശീത് തുടങ്ങിയവ ഇനി പരിശോധനക്ക് ഹാജരാക്കേണ്ടിവരും.

Keywords: tomin-thachanghery-

Post a Comment

0 Comments

Top Post Ad

Below Post Ad