കാസര്‍കോട് (www.evisionnews.in) : റോഡരികില്‍ നിര്‍ത്തിയിടുന്ന ഇരുചക്ര വാഹനങ്ങളില്‍ നിന്ന് സാധനങ്ങള്‍ മോഷ്ടിക്കുന്നത് പതിവാക്കിയ 65 കാരന്‍ അറസ്റ്റില്‍. പെര്‍ള പെര്‍ളടുക്കയിലെ വി. ഉമ്മറി (65) നെയാണ് കാസര്‍കോട് പ്രിന്‍സിപ്പല്‍ എസ്.ഐ. രഞ്ജിത്ത് രവീന്ദ്രന്‍, എസ്.ഐ. നാരായണന്‍, സി.പി.ഒ. സുകുമാരന്‍ എന്നിവരുടെ നേതൃത്വത്തില്‍ പിടിച്ചത്.
സംശയസാഹചര്യത്തില്‍ കണ്ട ഉമ്മറിനെ ചോദ്യം ചെയ്‌തോടെയാണ് മോഷണങ്ങള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. ഉമ്മറിന്റെ കൈവശമുണ്ടായിരുന്ന പ്ലാസ്റ്റിക് സഞ്ചിയില്‍ മൂന്നു മൊബൈല്‍ ഫോണുകളും 28 റീചാര്‍ജ് കൂപ്പണുകളും കണ്ടെത്തി. ഇത് ബദിയടുക്കയിലെ മൊബൈല്‍ കട ഉടമയും കങ്കനാര്‍ സ്വദേശിയുമായ അബ്ബാസിന്റെ ആക്ടീവ സ്‌കൂട്ടറില്‍ നിന്ന് മോഷ്ടിച്ചതാണെന്ന് ഉമ്മര്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം നഗരത്തിലെ റോഡരികില്‍ നിര്‍ത്തിയിട്ടപ്പോഴായിരുന്നു അബ്ബാസിന്റെ സ്‌കൂട്ടറില്‍ നിന്നും സാധനങ്ങള്‍ മോഷണം പോയത്. മോഷണ മുതലുകള്‍ ഉമ്മര്‍ വില്‍പന നടത്താതെ എരിയപ്പാടിയില്‍ വാടകക്കെടുത്ത കടമുറിയില്‍ സൂക്ഷിക്കുകയാണ് ചെയ്യുന്നത്. നിരവധി സാധനങ്ങള്‍ ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്. ഉപ്പിലിട്ട മാങ്ങ, അച്ചാര്‍ തുടങ്ങി വില കൂടിയ സ്മാര്‍ട്ട് മൊബൈല്‍ ഫോണുകള്‍ വരെ ഇക്കൂട്ടത്തില്‍പെടും. ഇരുചക്രവാഹനങ്ങളില്‍ എത്തുന്നവര്‍ പല സാധനങ്ങളും വാഹനത്തില്‍ വെച്ച് പോകുന്നത് നിരീക്ഷിച്ച ശേഷം ആരും ശ്രദ്ധിക്കുന്നില്ലെന്ന് മനസിലാക്കി എടുത്ത് മുങ്ങുകയാണ് ഉമ്മറിന്റെ രീതിയെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നിര്‍ത്തിയിട്ട സ്‌കൂട്ടറില്‍ നിന്നും 20,000 രൂപ വിലവരുന്ന മൊബൈല്‍ ഫോണുകളും ആക്‌സസറീസും മോഷണം പോയിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സമീപത്തെ ജ്വല്ലറിയുടെ സി.സി.ടി.വി കാമറയില്‍ പതിഞ്ഞിരുന്നു. ദൃശ്യത്തിലുള്ളത് ഉമ്മറാണെന്ന് തെളിഞ്ഞതായി പൊലീസ് പറഞ്ഞു. ഹെല്‍മറ്റുകള്‍, സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ഐ.ഡി.കാര്‍ഡുകള്‍, ഫുട്‌ബോള്‍, പഴകിയ ഷര്‍ട്ടുകള്‍, പാന്റ്‌സുകള്‍, പെന്‍, പെന്‍സില്‍, വാട്ടര്‍ കളര്‍, നിരവധി ഐ.ഡി, റേഷന്‍കാര്‍ഡുകള്‍ എന്നിവ ഉമ്മറിന്റെ മുറിയില്‍ നിന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ഉമ്മറിനെ നേരത്തേയും അറസ്റ്റ് ചെയ്തിരുന്നു. കൂടുതല്‍ വിവരങ്ങള്‍ അറിയാനായി ചോദ്യം ചെയ്തു വരികയാണ്.
Keywords:Theft-kasaragod-arrsted-accused
Post a Comment
0 Comments