തിരുവനന്തപുരം (www.evisionnews.in): നാദാപുരത്തെ ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് അസ്ലമിന്റെ കൊലപാതകം നിര്‍ഭാഗ്യകരമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവം പ്രത്യേക സംഘം അന്വേഷിക്കും. പോലീസ് ശക്തമായ നടപടികളുമായി മുന്നോട്ടുപോകുമെന്നും സ്ഥിതി നിയന്ത്രണ വിധേയമാക്കാന്‍ ജില്ലാഭരണകൂടം കൃത്യമായി ഇടപെടുന്നുണ്ടെന്നും പിണറായി പറഞ്ഞു. നാദാപുരം എ.എസ്.പി കറുപ്പസ്വാമിയുടെ നേതൃത്വത്തില്‍ കുറ്റ്യാടി സി.ഐ ഉള്‍പ്പെടെ എട്ടംഗ സംഘം അന്വേഷിക്കും.
ബൈക്കില്‍ രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം പോകുമ്പോള്‍ ഇന്നോവ കാറിലെത്തിയ സംഘം ബൈക്കിടിച്ചു വീഴ്ത്തിയശേഷം അസ്ലമിനെ തെരഞ്ഞുപിടിച്ചു വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. മുഖത്തും കയ്യിലും ഗുരുതരമായി വെട്ടേറ്റ അസ്ലമിനെ ഉടനെ കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് ബിഎംഎച്ച് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന മുഹമ്മദ് ഷാഫിക്കും മുഹമ്മദിനും നിസാര പരുക്കുണ്ട്.
ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ തൂണേരി ഷിബിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയായിരുന്ന അസ്ലമിനെ കോടതി വെറുതെവിട്ടിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് വടകര താലൂക്കില്‍ ശനിയാഴ്ച യു.ഡി.എഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. വടകര, നാദാപുരം മേഖലകളില്‍ ഏഴ് പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തികളില്‍ നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്.
Post a Comment
0 Comments