ഉഡുപ്പി (www.evisionnews.in): പ്രമുഖ വ്യവസായി കാര്‍ക്കള നരുലികെയിലെ ഭാസ്‌കര്‍ ഷെട്ടിയെ കൊന്ന് കത്തിച്ചശേഷം ചാക്കിലാക്കി കുഴിച്ചിട്ട കേസിലെ പ്രതികള്‍ക്ക് പോലീസ് വഴിവിട്ട സഹായം ചെയ്തതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നു. പ്രതികളെ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോഴാണ് പോലീസിന്റെ വഴിവിട്ട സഹായം.
കേസില്‍ പ്രതികളായ ഭാസ്‌കര്‍ഷെട്ടിയുടെ ഭാര്യ രാജേശ്വരിക്കും മകന്‍ നവനീതിനും നക്ഷത്രഹോട്ടലില്‍ ഭക്ഷണവും വിശ്രമവും അനുവദിച്ചതിന്റെ വീഡിയോയും പടങ്ങളുമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. നിട്ടെയില്‍ മദ്യം വിളമ്പുന്ന ഹോട്ടലിലാണ് പ്രതികള്‍ക്ക് ഭക്ഷണത്തിനും വിശ്രമത്തിനും സൗകര്യം ഒരുക്കിയത്. ഭക്ഷണത്തിനുശേഷം രണ്ട് മണിക്കൂര്‍ വിശ്രമിച്ചാണ് പ്രതികള്‍ക്കൊപ്പം തെളിവെടുപ്പ് സംഘം യാത്ര പുനരാരംഭിച്ചതെന്നുമാണ് വിവരം.
റിമാന്‍ഡ് കാലാവധി തീരുന്നതിനാല്‍ രാജേശ്വരിയെയും നവനീതിനെയും വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കുമെന്നറിഞ്ഞ് നൂറുകണക്കിന് ആളുകളാണ് രാവിലെ മുതല്‍ കോടതി പരിസരത്ത് തടിച്ചുകൂടിയത്. ജനങ്ങളുടെ പ്രതിഷേധം ബോധ്യപ്പെട്ട പോലീസ്, ആളുകള്‍ പിരിഞ്ഞ് പോകുമെന്ന പ്രതീക്ഷയില്‍ പ്രതികളെ കോടതിയില്‍ കൊണ്ടുവരുന്നത് വൈകിപ്പിച്ചു. വൈകിട്ട് കോടതി പിരിയുന്നതുവരെ ഈ അനിശ്ചിതത്വം തുടര്‍ന്നെങ്കിലും ആളുകള്‍ പിരിഞ്ഞുപോയില്ല. ഒടുവില്‍ പ്രതികളെ കോടതിയില്‍ എത്തിച്ചപ്പോള്‍ രാജേശ്വരിക്കും നവനീതിനും എതിരെ ജനങ്ങള്‍ മുദ്രാവാക്യം മുഴക്കി. അതേസമയം, പോലീസിന്റെ അപേക്ഷ മാനിച്ച കോടതി അഞ്ച് ദിവസത്തേക്ക് കൂടി പ്രതികളുടെ പോലീസ് കസ്റ്റഡി നീട്ടിനല്‍കി.
അതിനിടെ പോലീസ് കസ്റ്റഡിയില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതി നിരഞ്ജന്‍ ഭട്ടിന്റെ വയറ്റില്‍നിന്ന് കര്‍ണാഭരണം മണിപ്പാല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പുറത്തെടുത്തു. ആത്മഹത്യാശ്രമത്തിന്റെ ഭാഗമായി വജ്രമോതിരത്തോടൊപ്പം രണ്ട് കര്‍ണാഭരണങ്ങളും പ്രതി വിഴുങ്ങിയിരുന്നു. അജാര്‍ക്കാട് ജില്ലാ ആശുത്രിയിലെ ഡോക്ടര്‍മാരുടെ ശ്രമഫലമായി വജ്രമോതിരവും കര്‍ണാഭരണത്തില്‍ ഒന്നും മലത്തോടൊപ്പം പുറത്തുവന്നിരുന്നു. എന്നാല്‍, ആന്തരിക അവയവത്തില്‍ കുടുങ്ങിക്കിടന്ന കര്‍ണാഭരണത്തില്‍ ഒന്ന് നീക്കംചെയ്യാതെ തരമില്ലെന്നായി. കോടതിയുടെ അനുമതിയോടെ പ്രതിയെ മണിപ്പാലിലെ സ്വകാര്യ ആശുത്രിയില്‍ എത്തിച്ചാണ് ആധുനിക ഉപകരണങ്ങളുടെ സഹായത്താല്‍ നീക്കം ചെയ്തത്.
Post a Comment
0 Comments