കാഞ്ഞങ്ങാട് (www.evisionnews.in): മൃഗസംരക്ഷണ വകുപ്പിലെ ജീവനക്കാരുടെ പരിപാടി ഉദ്ഘാടനം ചെയ്യാമെന്നേറ്റ വകുപ്പുമന്ത്രി പരിപാടിയില്‍ സംബന്ധിക്കാതെ ബേക്കല്‍ കോട്ടയില്‍ ഉല്ലാസത്തിന് പോയി. പരിപാടി അലങ്കോലമാവുമെന്ന് ഭയന്ന് ഒടുവില്‍ നാടിന്റെ സ്വന്തം മന്ത്രി ഇ. ചന്ദ്രശേഖരനെത്തി സര്‍ക്കാരിന്റെ മാനം കാത്തു.
കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് നടന്ന ലൈവ്സ്റ്റോക് ഇന്‍സ്പെക്ടേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസാണ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തത്. രാവിലെ ഒമ്പതിന് മൃഗസംരക്ഷണ മന്ത്രി അഡ്വ. കെ. രാജുവാണ് ഓഫീസ് ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത്. 20, 21 തീയതികളില്‍ കാഞ്ഞങ്ങാട്ട് നടക്കുന്ന സംഘടനയുടെ സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടകന്‍ ഇ. ചന്ദ്രശേഖരനാണ്. ഉദ്ഘാടനച്ചടങ്ങില്‍ വകുപ്പുമന്ത്രി കൂടി പങ്കെടുക്കണമെന്ന സംഘടനയുടെ അഭ്യര്‍ത്ഥനയും അഡ്വ. രാജു സ്വീകരിച്ചിരുന്നില്ല. അങ്ങനെയാണെങ്കില്‍ ശനിയാഴ്ച ജില്ലയിലെത്തുമ്പോള്‍ സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം നിര്‍വഹിച്ചു തരുമോയെന്ന് സംഘടനയുടെ സംസ്ഥാന നേതാക്കള്‍ മന്ത്രിയെ നേരില്‍ക്കണ്ട് ചോദിച്ചിരുന്നു. എന്നാല്‍ ഇതിന് മന്ത്രി സമ്മതിക്കുകയും ചെയ്തു.
ഇതിന്റെ അടിസ്ഥാനത്തില്‍ സംഘാടകര്‍ കാഞ്ഞങ്ങാട്ട് പത്രസമ്മേളനം വിളിക്കുകയും ചെയ്തിരുന്നു. രാവിലെ കാഞ്ഞങ്ങാട് റസ്റ്റ് ഹൗസിലേക്ക് മന്ത്രിയെ കൂട്ടാന്‍ എത്തിയപ്പോഴാണ് മൃഗസംരക്ഷണ വകുപ്പുകാര്‍ അമ്പരന്നത്. മന്ത്രി സ്ഥലംവിട്ടെന്ന വിവരമാണ് അവര്‍ക്ക് കിട്ടിയത്. എന്തുചെയ്യണമെന്നറിയാതെ സംഘാടകര്‍ നെട്ടോട്ടമോടുമ്പോഴാണ് റസ്റ്റ് ഹൗസിലുണ്ടായിരുന്ന മന്ത്രി ചന്ദ്രശേഖരന്‍ താന്‍ വരാമെന്ന് ഏറ്റത്. മന്ത്രിയെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ബേക്കല്‍ക്കോട്ടയിലാണെന്ന വിവരമാണ് റസ്റ്റ് ഹൗസില്‍ നിന്ന് കിട്ടിയത്. വകുപ്പുകരുടെ പരിപാടിയില്‍ സംബന്ധിക്കാതെ വകുപ്പ് മന്ത്രി ബേക്കല്‍ കോട്ടയില്‍ ഉല്ലാസത്തിന് പോയ സംഭവം ഉദ്യോഗസ്ഥര്‍ക്കിടയിലും നാട്ടുകാര്‍ക്കിടയിലും സംസാരവിഷയമായിട്ടുണ്ട്.
Post a Comment
0 Comments