കാഞ്ഞങ്ങാട് (www.evisionnews.in): കാടുമൂടിയ ഹോസ്ദുര്‍ഗ് കോട്ടയില്‍ ഒടുവില്‍ പുരാവസ്തുവകുപ്പ് ഉദ്യോഗസ്ഥനെത്തി പരിശോധന നടത്തി. കോഴിക്കോട് പുരാവസ്തു വകുപ്പ് റിസര്‍ച്ച് അസിസ്റ്റന്റ് കെ.പി സദു ആണ് വെള്ളിയാഴ്ച കോട്ടയിലെത്തി ദുരവസ്ഥ നേരില്‍ കണ്ട് അമ്പരന്നത്. കാടു കയറിയതിന്റെയും ചുറ്റുമതില്‍ തകര്‍ന്നതിന്റെയും ചിത്രങ്ങള്‍ പകര്‍ത്തിയും വിശദാംശങ്ങള്‍ എഴുതിയെടുത്തും മടങ്ങുമ്പോള്‍ അദ്ദേഹം നാടിന് നല്‍കിയ ഉറപ്പ് ഹോസ്ദുര്‍ഗ് കോട്ട സംരക്ഷിക്കുമെന്നായിരുന്നു. ഇതിന് പിന്നാലെ ഇളകിവീണ ചുറ്റുമതിലിന്റെ കല്ല് നഗരസഭാ ജീവനക്കാരെത്തി നീക്കംചെയ്ത് റോഡ് ഗതാഗതം സുഗമമാക്കി. റോഡില്‍ നിറയെ കല്ലുവീണുകിടന്നതിനാല്‍ ദിവസങ്ങളോളം ഈ ഭാഗത്തെ ആളുകള്‍ ചുറ്റിത്തിരിഞ്ഞായിരിന്നു യാത്രചെയ്തത്. ഇപ്പോള്‍ പുരാവസ്തു വകുപ്പില്‍ നിന്ന് ഉദ്യോഗസ്ഥനെത്തിയതോടെ സന്തോഷത്തിലാണ് നാട്.
കോട്ടയ്ക്ക് അകത്തും പുറത്തും മാലിന്യങ്ങള്‍ കുന്നുകുടിയിരിക്കുകയാണ്. നാട്ടുകാരും സന്നദ്ധസംഘടനക്കാരും കൈകോര്‍ത്ത് മാലിന്യം തള്ളുന്നവരെ പിടിക്കണമെന്നും എല്ലാവരുടെയും സഹകരണം പുരാവസ്തു വകുപ്പിന് ഉണ്ടാകണമെന്നും കെ.പി സദു പറഞ്ഞു. പരിശോധനാ റിപ്പോര്‍ട്ട് ഉടന്‍ തന്നെ വകുപ്പ് ഡയറക്ടര്‍ക്ക് കൈമാറും. കോട്ടയിലെ മാലിന്യങ്ങള്‍ ഉടന്‍ നീക്കാനുള്ള നടപടി സ്വീകരിക്കും. കാടുവെട്ടിത്തെളിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പൈതൃക സംരക്ഷണ സമിതി ജില്ലാ പ്രസിഡണ്ട് കൊട്ടോടി ഗവ. ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പല്‍ എം. മൈമൂന, പി.ടി.എ പ്രസിഡണ്ട് ബി. അബ്ദുള്ള, പി.പി ബിനു എന്നിവരും അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു.
Keywords; Kasaragod-news-hosdurg-fort-kand
Post a Comment
0 Comments