കാസര്‍കോട് (www.evisionnews.in): സമ്പൂര്‍ണ സൗരോര്‍ജ ഉപഭോഗത്തില്‍ സംസ്ഥാനത്തെ ആദ്യത്തെ സ്വയംപര്യാപ്ത ജില്ലാ പഞ്ചായത്തായി കാസര്‍കോട് ജില്ലാ പഞ്ചായത്ത് മാറുന്നു. രൂക്ഷമായ വോള്‍ട്ടേജ് ക്ഷാമം നേരിടുന്ന ജില്ലയില്‍ 15 കെ വി സൗരോര്‍ജ പ്ലാന്റാണ് ജില്ലാ പഞ്ചായത്ത് കാര്യാലയത്തില്‍ സ്ഥാപിച്ചിരിക്കുന്നത്. 25 വര്‍ഷമാണ് പ്ലാന്റിന്റെ കാലാവധി. 15.25 ലക്ഷം രൂപയാണ് പദ്ധതിയുടെ ചെലവ്. ഒന്നരമാസം മുമ്പ് പരീക്ഷണാടിസ്ഥാനത്തില്‍ കമ്മീഷന്‍ ചെയ്ത പ്ലാന്റില്‍ നിന്ന് ഇതിനകം 9,800 യൂണിറ്റ് വൈദ്യുതി സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ ഗ്രിഡിലേക്ക് നല്‍കിയതായി ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇ പി രാജ്മോഹന്‍ പറഞ്ഞു. സൗരോര്‍ജ പ്ലാന്റിന്റെ ഉദ്ഘാടനം ഈ മാസം 25ന് രാവിലെ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ നിര്‍വ്വഹിക്കും.
ഗ്രിഡ് അധിഷ്ഠിത സോളാര്‍ പ്ലാന്റാണിത്. ബാറ്ററി അധിഷ്ഠിത പ്ലാന്റിന് മൂന്ന് വര്‍ഷത്തിനകം ബാറ്ററി മാറ്റേണ്ടതിനാല്‍ ചെലവ് കൂടും. മതിയായ സൂര്യപ്രകാശം ലഭക്കുന്ന തെളിഞ്ഞ കാലാവസ്ഥയില്‍ ഇവിടെ 15 കെ വി വരെ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. കെല്‍ട്രോണ്‍ വഴിനടപ്പിലാക്കിയ പദ്ധതിക്ക് കെ എസ് ഇ ബിയുടെ ഫീസിബിലിറ്റി സര്‍ട്ടിഫിക്കറ്റും ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റിന്റിന്റെ സര്‍ട്ടിഫിക്കറ്റും ലഭിച്ചു. കെ എസ് ഇ ബിയുടെയും ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റിന്റെയും സംയുക്ത പരിശോധനയ്ക്ക് ശേഷമാണ് പദ്ധതി ആരംഭിച്ചത്.
ജില്ലാ പഞ്ചായത്ത് കാര്യാലയത്തിന്റെ മുഴുവന്‍ ഊര്‍ജ ആവശ്യങ്ങളും നിറവേറ്റാന്‍ ഇതുവഴി സാധിക്കുന്നുണ്ട്. സൗരോര്‍ജ്ജ വൈദ്യുതി അളക്കുന്നതിനും കെ എസ് ഇ ബി യുടെ ഗ്രിഡിലേക്ക് നല്‍കുന്ന വൈദ്യുതി കണക്കാക്കുന്നതിനും നെറ്റ് മീറ്റര്‍ സ്ഥാപിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്തിന്റെ ചെലവില്‍ കെ എസ് ഇ ബി യാണ് നെറ്റ് മീറ്റര്‍ സ്ഥാപിച്ചത്. അതിരൂക്ഷമായ വോള്‍ട്ടേജ് ക്ഷാമം നേരിടുന്ന ജില്ലയില്‍ ഈ പദ്ധതി സാമൂഹ്യ പ്രതിബദ്ധത വിളിച്ചറിയിക്കുന്നതാണ്. രണ്ടാം ഘട്ടത്തില്‍ ജില്ലാ പഞ്ചായത്തിന് കീഴിലുളള മുഴുവന്‍ വിദ്യാലയങ്ങളിലും സര്‍ക്കാര്‍ ഓഫീസുകളിലും സൗരോര്‍ജ്ജ പാനല്‍ സംവിധാനം സ്ഥാപിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
Post a Comment
0 Comments