അമിതഭാരം കയറ്റി വരുന്ന ലോറികള്‍ക്ക് മോട്ടോര്‍ വാഹനവകുപ്പ് 10,000 രൂപ വരെയാണ് പിഴ ഈടാക്കുന്നത്. എന്നാല്‍ മൂവായിരം മുതല്‍ അയ്യായിരം രൂപ വരെ ഈടാക്കിയാണ് വാഹനങ്ങള്‍ക്ക് ഏജന്റുമാര്‍ രഹസ്യവഴി കാട്ടിക്കൊടുക്കുന്നത്. ഇങ്ങനെ ചെയ്യുന്നത് മൂലം പിഴയിനത്തില്‍ വന്‍ തുകയാണ് സര്‍ക്കാരിന് നഷ്ടമാകുന്നത്. മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ക്കു ലഭിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തലപ്പാടിയില്‍ നടത്തിയ പരിശോധനയില്‍ കഴിഞ്ഞ ദിവസം ചരക്കുലോറികള്‍ പിടിച്ചെടുത്തു. വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ദിനേശ്കുമാര്‍, അസി. വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.ജി.ഗിരീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വാഹനം പിടിച്ചെടുത്തത്. കഴിഞ്ഞ ആഴ്ചയും ഇത്തരത്തില്‍ ചെക് പോസ്റ്റ് ഒഴിവാക്കി വന്ന അഞ്ച് ലോറികള്‍ അധികൃതര്‍ പിടിച്ചെടുത്തിരുന്നു.
അമിതഭാരം കയറ്റിയ വാഹനങ്ങള്‍ കേരള കര്‍ണാടക അതിര്‍ത്തിയില്‍ തലപ്പാടിക്ക് സമീപം വച്ചാണ് ദേശീയപാതയില്‍ നിന്ന് ഊടുവഴിയിലേക്ക് കടക്കുന്നത്. മഞ്ചേശ്വരത്തെ ആര്‍.ടി.ഒ ചെക് പോസ്റ്റിന് സമാന്തരമായുള്ള പാതയാണിത്. ഇതേ സ്ഥലത്ത് തമ്പടിക്കുന്ന ഏജന്റുമാര്‍ ലോറിക്ക് ചെക് പോസ്റ്റ് ഒഴിവാക്കി കടന്നു പോകുന്നതിനുള്ള വഴി കാട്ടിക്കൊടുക്കും. റോഡിലൂടെ കടന്നുപോകുന്നതിന് ഇവര്‍ ലോറിക്കാരില്‍നിന്നു പണം ഈടാക്കുകയാണ് പതിവ്. തലപ്പാടിയില്‍ നിന്നു മൂന്നു കിലോമീറ്ററോളം കോണ്‍ക്രീറ്റ് പാതയാണ്. തുടര്‍ന്ന് കേരളത്തിലെ റോഡിലെത്തും. പിന്നീട് രണ്ടു കിലോമീറ്റര്‍ കൂടി പിന്നിടുന്നതോടെ ചെക് പോസ്റ്റ് ഒഴിവായി ദേശീയപാതയില്‍ പ്രവേശിക്കുകയാണ് രീതി. കര്‍ണാടക സ്വദേശികളായ സംഘമാണ് ഏജന്റുമാരായി പ്രവര്‍ത്തിക്കുന്നതെന്നാണ് മോട്ടോര്‍ വകുപ്പിന് ലഭിക്കുന്ന വിവരം.
Keywords: manjesher-news-checkpost-rto-lorry-agent
Post a Comment
0 Comments