വിജയവാഡ (www.evisionnews.in): ആന്ധ്ര പ്രദേശില്‍ ചത്ത പശുവിന്റെ തുകല്‍ ശേഖരിച്ചതിന് രണ്ട് ദലിത് സഹോദരങ്ങളെ വിവസ്ത്രരാക്കിയ ശേഷം മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. ആന്ധ്ര പ്രദേശിലെ അമലാപുരത്താണ് സംഭവം. പരിക്കേറ്റ രണ്ടുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.
ഗുജറാത്തിലെ ഉനയിലുണ്ടായ സമാന സംഭവത്തില്‍ രാജ്യത്ത് ദളിത് പ്രക്ഷോഭം ആളിക്കത്തുന്നതിനിടെയാണ് ആന്ധ്ര പ്രദേശിലെ അമലാപുരത്തും ഗോവധത്തിന്റെ പേരില്‍ ദളിതര്‍ക്കെതിരെ അതിക്രമമുണ്ടായത്. അമലാപുരത്തെ ജാനകിപേട്ടയിലാണ് നടുക്കുന്ന സംഭവം. പശു ഷോക്കേറ്റ് ചത്തതിനെ തുടര്‍ന്ന് തുകലെടുത്ത് സംസ്‌കരിക്കാന്‍ പ്രദേശത്തെ കര്‍ഷകന്‍ വിളിച്ചുവരുത്തിയ രണ്ട് ദലിത് സഹോദരങ്ങളാണ് അക്രമിക്കപ്പെട്ടതെന്ന് പോലീസ് അറിയിച്ചു. മൊകതി എലിസ, മൊകതി രാജം എന്നിവരെയാണ് പശുവിനെ കൊന്നുവെന്ന് ആരോപിച്ച് ഗോരക്ഷക് ഗുണ്ടകള്‍ കെട്ടിയിട്ട് തല്ലിച്ചതച്ചത്.
സംഭവത്തില്‍ തിരിച്ചറിയാത്ത ഒരു സംഘമാളുകള്‍ക്കെതിരെ പട്ടികജാതിക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനുള്ള എസ്സി/എസ്ടി ആക്ട് പ്രകാരം കേസെടുത്തതായി പോലീസ് അറിയിച്ചു. അന്വേഷണം തുടരുകയാണെന്നും തെളിവുകളുടെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി. ഗോവധമാരോപിച്ച് ദലിതര്‍ക്ക് നേരെ ഗോരക്ഷക് ഗുണ്ടകള്‍ നടത്തുന്ന അക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി തള്ളിപ്പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് വീണ്ടും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത്.
Keywords: National-news-dalit-police-gundakal
Post a Comment
0 Comments