Type Here to Get Search Results !

Bottom Ad

സി.പി.ഐ യില്‍ ചേരാന്‍ സിപിഎമ്മിനോട് ചോദിക്കണ്ട: കോടിയേരിയും സതീശനും അന്തസ്സ് പുലര്‍ത്തി- ഗോപാലന്‍ മാസ്റ്റര്‍


കാസര്‍കോട്  (www.evisionnews.in)  : സി.പി.എമ്മിനോട് വിടപറഞ്ഞ് സി.പി.ഐയില്‍ ചേരാന്‍ ജില്ലയിലെ മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും ബേഡകം മേഖലയില്‍ സിപിഎമ്മിനെ നട്ടു വളര്‍ത്തി അജയ്യ പാര്‍ട്ടിയാക്കി മാറ്റിയവരിലൊരാളുമായ പി.ഗോപാലന്‍ മാസ്റ്റര്‍ തീരുമാനിച്ചു. മാസ്റ്റര്‍ ആദ്യമായി സിപിഎം വിടുന്ന വിവരം ബുധനാഴ്ച വൈകിട്ട് നാലര മണിയോടെ ഇ-വിഷന്‍ ന്യൂസിനോടാണ് പങ്കു വെച്ചത്. 

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം മാസ്റ്റര്‍ പാര്‍ട്ടി വിടുമെന്ന് അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ഇന്നാണ് അദ്ദേഹം ഒരു വാര്‍ത്താ മാധ്യമത്തോട് മനസ്സ് തുറന്ന് സംസാരിച്ചത്. 

എന്നെ അവര്‍ക്ക് വേണ്ടാതായി കഴിഞ്ഞു. അവര്‍ (സി.പി.എം) എനിക്ക് ഭ്രഷ്ട് എല്‍പ്പിച്ച നിലയാണിപ്പോള്‍ പാര്‍ട്ടിക്കാര്‍ എന്റെ കൂടെ നടക്കുന്നത് പ്രാദേശിക നേതൃത്വത്തിന് ഇഷ്ടമാകുന്നില്ലത്രേ. പതിനൊന്നാം വയസ്സില്‍ ചെങ്കൊടി ഏന്തിയതാണ്. 1957 ല്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി. ഇപ്പോള്‍ അതേ സി.പി.ഐ ലേക്ക് തിരിച്ചു പോകുന്നു. എന്റെ കൂടെ സി.പി.എം വിടാന്‍ പലരുമുണ്ട് ഞാനാരെയും നിര്‍ബന്ധിക്കുന്നില്ല. അവര്‍ക്ക് സ്വയം തീരുമാനിക്കാം. മാസ്റ്റര്‍ കണ്ഠമിടറാതെ പറഞ്ഞു. സി.പി.ഐയില്‍ ചേരാനുള്ള തീരുമാനം സി.പി.എമ്മിനെ അറിയിക്കേണ്ട ആവശ്യമുള്ളതായി തോന്നുന്നില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്നെ വിളിച്ചിരുന്നു. വളരെ അന്തസ്സോടു കൂടിയാണ് അദ്ദേഹം സംസാരിച്ചത്. മാഷ് അങ്ങനെയൊന്നും ചിന്തിക്കേണ്ട എന്നാണ് കോടിയേരി പറഞ്ഞത്. കോടിയേരി വിളിക്കുന്ന വിവരം നേരത്തെ അറിയുമായിരുന്നു. ഈ വിവരം പോലും ഞാന്‍ ആരോടും പറഞ്ഞിരുന്നില്ല. നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവലോകന റിപ്പോര്‍ട്ടില്‍ തനിക്കെതിരെ വന്ന ഹീനമായ പരാമര്‍ശം നീക്കണമെന്ന് പ്രാദേശിക നേതൃത്വത്തോട് ജില്ലാ സെക്രട്ടറി സതീഷ് ചന്ദ്രന്‍ ആവശ്യപ്പെട്ടതാണ്. ഇതും അവര്‍ വകവെച്ചില്ല. എനിക്കെതിരെ കുപ്രചരണം നടത്തി മുന്നേറുകയായിരുന്നു ആ വിഭാഗം. ഞാന്‍ പലതും പാര്‍ട്ടിയോട് പറഞ്ഞിരുന്നു അതാരും ചെവിക്കൊണ്ടില്ല. തുടര്‍ന്നാണ് സി.പി.ഐ യുമായി ബന്ധപ്പെട്ടത്. അവര്‍ എന്റെ ആവശ്യം സംസ്ഥാന-ജില്ലാ കമ്മിറ്റികളില്‍ ചര്‍ച്ച ചെയ്തു. തുടര്‍ന്ന് താനും തീരുമാനിച്ചു. സി.പി.ഐ ലേക്ക പോകാന്‍ തന്നെ.

17 ന് സി.പി.ഐ നേതാവ് സത്യന്‍ മൊകേരിയുടെ സാന്നിധ്യത്തില്‍ ഗോപാലന്‍ മാസ്റ്ററും അനുയായികളും സി.പി.ഐയില്‍ ചേരും. കുറ്റിക്കോല്‍ വ്യാപാര ഭവനില്‍ കണ്‍വെന്‍ഷന്‍ ചേരും. കാലാവസ്ഥ അനുകൂലമാണെങ്കില്‍ ടൗണില്‍ തുറന്ന വേദിയിലായിരിക്കും പരിപാടി. പയന്തങ്കാനം കൃഷ്ണന്‍ നായര്‍ക്ക് ശേഷം ബേഡകം മേഖലയില്‍ നിന്ന് സി.പി.എം വിടുന്ന പ്രമുഖനാണ് പി.ഗോപാലന്‍ മാസ്റ്റര്‍. 

അതേ സമയം സി.പി.എം വിട്ട് സി.പി.ഐ ലേക്ക് പോകുന്നുവെന്ന് ഗോപാലന്‍ മാസ്റ്റര്‍ തങ്ങളോട് ഇതുവരെ പറഞ്ഞിട്ടില്ലെന്ന് ജില്ലാ സെക്രട്ടറി കെ.പി സതീഷ് ചന്ദ്രന്‍ ഇ-വിഷന്‍ ന്യൂസിനോട് പറഞ്ഞു. മാസ്റ്റര്‍ ഈ വിവരം അറിയിച്ചാല്‍ അപ്പോള്‍ അതിനോട് പ്രതികരിക്കാമെന്നും മാധ്യമ വാര്‍ത്തകള്‍ കണ്ട് പ്രതികരിക്കാനില്ലെന്നും സതീഷ് ചന്ദ്രന്‍ പറഞ്ഞു.

Keywords: Kuttikol-gopalan-master-joins-cpi-from-cmpm

Post a Comment

0 Comments

Top Post Ad

Below Post Ad