കാസര്‍കോട്(www.evisionnews.in): ജില്ലയില്‍ ആവര്‍ത്തിക്കുന്ന പെട്രോള്‍ പമ്പുകളിലെ കവര്‍ച്ചാസംഭവങ്ങളിലുള്ള പോലീസ് നടപടികള്‍ ഫലപ്രദമാകാത്തതില്‍ പ്രതിഷേധിച്ച് ജില്ലയിലെ പെട്രോള്‍ പമ്പുകള്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മുതല്‍ 3 മണിവരെ അടച്ചിടും. പെട്രോള്‍ പമ്പ് ഉടമസ്ഥ സംഘത്തിന്റേതാണ് ആഹ്വാനം.
ചൊവ്വാഴ്ച രാത്രി 11:30 മണിയോടെ തൃക്കരിപ്പൂര്‍, തങ്കയത്തെ പെട്രോള്‍പമ്പ് ഉടമ കരിവെള്ളൂര്‍, കുണിയനിലെ റിട്ട.അധ്യാപകന്‍ രാമകൃഷ്ണനെ (52)സ്‌കൂട്ടര്‍ തടഞ്ഞു നിര്‍ത്തി അക്രമിച്ച് 3.16 ലക്ഷം രൂപയും മൂന്നു എ.ടി.എം കാര്‍ഡുകളും രേഖകളും കൊള്ളയടിച്ചിരുന്നു. അക്രമികള്‍ എടിഎം കാര്‍ഡുകള്‍ ഉപയോഗിച്ച് പണം തട്ടാന്‍ ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല. അക്രമികള്‍ തട്ടിയെടുത്ത സ്‌കൂട്ടര്‍ പിന്നീട് ചീമേനി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കണ്ണാടിപ്പാറയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.
പമ്പ് അടച്ച ശേഷം പണവും രേഖകളും അടങ്ങിയ ബാഗുമായി ആക്ടീവ സ്‌കൂട്ടറില്‍ വീട്ടിലേയ്ക്കു പോവുകയായിരുന്നു രാമകൃഷ്ണന്‍. ഇതിനിടയില്‍ എടാട്ടുമ്മല്‍ മരമില്ലിനു സമീപത്തെത്തിയപ്പോള്‍ ബൈക്കില്‍ എത്തിയ മൂന്നംഗ അക്രമിസംഘം രാമകൃഷ്ണനെ തടഞ്ഞുനിര്‍ത്തി. പണം അടങ്ങിയ ബാഗ് കൈക്കലാക്കാനുള്ള ശ്രമം തടഞ്ഞപ്പോള്‍ എതിര്‍ത്തു. ഇതോടെ അക്രമികള്‍ രാമകൃഷ്ണനെ തലക്കടിച്ചു വീഴ്ത്തുകയും ബാഗും സ്‌കൂട്ടറുമായി കടന്നു കളയുകയും ചെയ്തു. തുടര്‍ന്ന് തൃക്കരിപ്പൂരിലെത്തി എടിഎം കാര്‍ഡ് ഉപയോഗിച്ച് കൗണ്ടറില്‍ നിന്നു പണം എടുക്കാന്‍ ശ്രമിക്കുകയും ചെയ്തു.ഇതിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഇവ പരിശോധിച്ചു വരികയാണ്. രാമകൃഷ്ണന്‍ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. പൊലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് സ്‌കൂട്ടര്‍ കണ്ണാടിപ്പാറയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവത്തെക്കുറിച്ച് ചന്തേര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ജില്ലയില്‍ സമാന രീതിയില്‍ നേരത്തെ നടന്ന കേസുകളിലെ പ്രതികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം.
Keywords:Kasaragod-Trikkaripur-Petrol-Pump-Theft-Harthal
Post a Comment
0 Comments