കാസര്‍കോട് (www.evisionnews.in) : ഡിസംബര്‍ മുതല്‍ മെയ് വരെ കേരളത്തിലും കര്‍ണ്ണാടകത്തിലുമുണ്ടായ കൊടും വരള്‍ച്ചയാണ് പഴം പച്ചക്കറി വിപണിയില്‍ നേന്ത്രപ്പഴത്തിന് പൊള്ളുന്ന വിലയായതെന്ന് വിലയിരുത്തല്‍. ജില്ലയില്‍ വയനാട്ടില്‍ നിന്നും കര്‍ണ്ണാടകയില്‍ നിന്നുമാണ്
നേന്ത്രപ്പഴമടക്കമുള്ള ഇതര വാഴപ്പഴങ്ങള്‍ എത്തുന്നത്. ഇവിടങ്ങളില്‍ വരള്‍ച്ച മൂലവും കാലവര്‍ഷാരംഭത്തിലുള്ള പ്രകൃതി ക്ഷേഭത്തിലും പെട്ട് കൃഷി നശിച്ചതിനെ തുടര്‍ന്നാണ് നേന്ത്രപഴത്തിനും ഞാലിപ്പൂവന്‍പഴത്തിനും പൊള്ളുന്ന വിലയായത്.
നേന്ത്രക്കായയ്ക്ക് 70 രൂപയാണ് മൊത്തവ്യാപാര വില. ഇത് ചെറുകിട വ്യാപാരികള്‍ കൈമാറി ഉപഭോക്താക്കളുടെ കൈകളിലെത്തുമ്പോഴേക്കും 75 മുതല്‍ 80 രൂപവരെയായി വര്‍ദ്ധിക്കും.100 രൂപ വരെ ഈടാക്കിയ ചില്ലറ വ്യാപാരികളുണ്ട്. ഞാണി എന്നും കദളി എന്നും വിളിക്കുന്ന ഞാലിപ്പൂവന് കിലോ യ്ക്ക് 70 രൂപയാണ് ചില്ലറ വില്‍പ്പനവില.
കഴിഞ്ഞ ആഴ്ച ചില്ലറ വ്യാപാരം 65ലും മൊത്ത വ്യാപാരം 60ലും ഉണ്ടായിരുന്നതാണ് ഈ ആഴ്ച കുതിച്ചുകയറിയത്.
തമിഴ്‌നാട്ടില്‍ നിന്നും നേന്ത്രപ്പഴം തീരെ വരാതായതിനെതുടര്‍ന്ന് പ്രാദേശിക കര്‍ഷകരില്‍ നിന്നാണ് വ്യാപാരികള്‍ നേന്ത്രക്കായ ശേഖരിക്കുന്നത്.
നേന്ത്രക്കായയുടെ ദൗര്‍ലഭ്യം മൂലമുള്ള വിലവര്‍ദ്ധനവ് മറ്റു സംരഭങ്ങളെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഹോട്ടലില്‍ പഴം പൊരിക്കും നേന്ത്രക്കായ ചിപ്‌സിനും ആവശ്യത്തിന് കായ ലഭിക്കുന്നില്ല. കേരളത്തിലുടനീളം നേന്ത്രക്കായ ചിപ്പ്‌സുകളുണ്ടാക്കുന്ന നിരവധി കുടില്‍ വ്യവസായങ്ങളുണ്ട്. ഈ മേഖലയേയും നേന്ത്രക്കായയുടെ ദൗര്‍ലഭ്യം സാരമായി ബാധിച്ചിട്ടുണ്ട്. കിലോയ്ക്ക് 25 ഉം 30 ഉം രൂപക്ക് ലഭിച്ചിരുന്ന മൈസൂര്‍ പൂവന്‍ വിപണിയിലില്ല. ഇത് അവല്‍മില്‍ക്കിനും വ്യാജകള്ള് നിര്‍മ്മാണത്തിനുമാണ് വന്‍തോതില്‍ ചെലവാകുന്നത്.
Keywords: Nendrapazham-rate-high-kasaragod
Post a Comment
0 Comments