കാസര്‍കോട് (www.evisionnews.in) : കൈക്കൂലി ആരോപണം നേരിടുന്ന കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാരില്‍ ഒരാളായ അനസ്തീസ്റ്റ് (ശസ്ത്രക്രിയയ്ക്ക് മുമ്പ് രോഗിയെ മയക്കി കിടത്തുന്ന ഡോക്ടര്‍ ) ഡോ. വെങ്കിട ഗിരിക്കെതിരെ എട്ട് മാസം മുമ്പ് വിജിലന്‍സ് ത്വരിത പരിശോധന (ക്വിക്ക് വെരിഫിക്കേഷന്‍) നടത്തി തയ്യാറാക്കിയ നടപടിക്ക് വേണ്ടിയുള്ള വിശദമായ റിപ്പോര്‍ട്ട് വെളിച്ചം കണ്ടില്ല. എന്നാല്‍ ഇപ്പോള്‍ മധൂര്‍ ചേനക്കോട്ടെ ദളിത് യുവതിക്ക് കൈക്കൂലി നല്‍കാത്ത്തിന്റെ ശസ്ത്രക്രിയ നിഷേധിച്ച കോളിളക്കം സൃഷ്ടിച്ച സംഭവത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടിനൊപ്പം ഡോ.വെങ്കിടഗിരിക്കെതിരെ വിജിലന്‍സ് നടത്തിയ ത്വരിത പരിശോധന റിപ്പോര്‍ട്ടും ഇത് പൂഴ്ത്തിയ ശക്തികളെ കുറിച്ചുള്ള വിവരങ്ങളും ആരോഗ്യ വകുപ്പ് മന്ത്രിയുടെ മേശപ്പുറത്തെത്തും. വെങ്കിടഗിരിക്കെതിരെ അന്വേഷണം നടത്തിയതും നടപടിക്ക് ശുപാര്‍ശ ചെയ്തതും വിജിലന്‍സ് വൃത്തങ്ങള്‍ ഇ-വിഷന്‍ ന്യൂസിനോട് സമ്മതിച്ചു. വെങ്കിടഗിരിക്കൊപ്പം ഇപ്പോള്‍ ആദിവാസി യുവതിയുടെ പണസഞ്ചിയില്‍ കയ്യിട്ട് വരാന്‍ ശ്രമിച്ച പ്രസവ രോഗ വിദഗ്ധ ഡോ.ജ്യോതിയും അന്വേഷണം നേരിടുന്നുണ്ട്. ഇരു ഡോക്ടര്‍മാര്‍ക്കുമെതിരെ ആളിപ്പടര്‍ന്ന ജനരോഷം നടപടി വൈകിയാല്‍ വീണ്ടും അതിശക്തമാവുമെന്ന് സൂചനയുണ്ട്.
ഡോ.ഗിരിക്കെതിരെ വകുപ്പ് തല നടപടിക്കാണ് കാസര്‍കോട് വിജിലന്‍സ് ആരോഗ്യ വകുപ്പിലെ വിജിലന്‍സ് മുഖാന്തരം ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്.
ദളിത് യുവതിയോട് കൈക്കൂലിചോദിച്ച സംഭവത്തില്‍ ജില്ലാകളക്ടര്‍കൂടി പരിശോധിച്ച് ഡി എം ഒ ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് നല്‍കിയ റിപോര്‍ട്ടിലും വിജിലന്‍സ് അന്വേഷണം ശുപാര്‍ശ ചെയ്തിട്ടുണ്ട്. കൈക്കൂലി സംഭവത്തില്‍ ഡി എം ഒ ഡോക്ടര്‍ പി ദിനേശ് കുമാര്‍ ഡോ. ഗിരിയില്‍നിന്നും വിശദീകരണം ചോദിച്ചപ്പോള്‍ താന്‍ കൈക്കൂലി ആവശ്യപ്പെട്ടിട്ടില്ലെന്നും കൈക്കൂലിക്കുവേണ്ടി മറ്റൊരു ഡോക്ടറെ ചുമതലപ്പെടുത്തേണ്ട ആവശ്യമില്ലെന്നുമാണ് അറിയിച്ചിരിക്കുന്നത്. ഗൈനക്കോളജിസ്റ്റ് ഡോക്ടര്‍ ജ്യോതിയും കൈക്കൂലിചോദിച്ചെന്ന ആരോപണം നിഷേധിച്ചു.
അതേസമയം പരാതിക്കാരിയായ സരസ്വതി തന്നോട് ഗൈനക്കോളജിസ്റ്റ് 2,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതായും അനസ്‌തേഷ്യ വിദഗ്ദ്ധനെ കാണണമെന്നും 1,000 രൂപ തനിക്കും 1000 രൂപ അനസ്‌തേഷ്യ വിദഗ്ദ്ധനും നല്‍കണമെന്നും ഡി എം ഒയ്ക്ക് നേരിട്ടുകൊടുത്ത മൊഴിയിലുണ്ട്. ഇതുസംബന്ധിച്ച് ഡി എം ഒ തയ്യാറാക്കിയ റിപോര്‍ട്ട് കളക്ടര്‍കൂടി പരിശോധിച്ചശേഷമാണ് യുവതിയുടെ പരാതിയില്‍ വിജിലന്‍സ് അന്വേഷണം നടത്തണമെന്ന ശുപാര്‍ശയോടെ ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് റിപോര്‍ട്ട് നല്‍കിയിട്ടുള്ളത്. ഇക്കാര്യത്തിലുള്ള തീരുമാനം മൂന്ന് ദിവസംകഴിഞ്ഞിട്ടും ഉണ്ടായിട്ടില്ല.
Keywords: Kasaragod-general-hospital-bravery
Post a Comment
0 Comments