Type Here to Get Search Results !

Bottom Ad

മേല്‍പ്പറമ്പില്‍ കഞ്ചാവ് മാഫിയ പിടിമുറുക്കുന്നു: സ്‌കൂള്‍ കുട്ടികളെ കേന്ദ്രീകരിച്ച് ചില്ലറ വില്‍പ്പന തകൃതി



മേല്‍പറമ്പ് (www.evisionnews.in): മേല്‍റമ്പിലും പരിസരപ്രദേശങ്ങളിലും കഞ്ചാവ് മാഫിയ പിടിമുറുക്കുന്നു. ചന്ദ്രഗിരി സ്‌കൂള്‍ പരിസരത്തും കളനാട് റെയില്‍വെ സ്റ്റേഷന്‍ പരിസരത്തും ചെറിയ പൊതികളിലായി ചില്ലറ വില്‍പ്പനയും വര്‍ധിച്ചിരിക്കുകയാണ്. പ്രധാനമായും വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ചാണ് കഞ്ചാവ് ,മയക്കുമരുന്നു മാഫിയകള്‍ താവളമുറപ്പിച്ചിരിക്കുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്.

കഞ്ചാവ്, ലഹരി മിഠായി, ലഹരി സിഗരറ്റ്, ലഹരി പാനീയങ്ങള്‍ തുടങ്ങിയവ മേല്‍പ്പറമ്പിലെയും പരിസരങ്ങളിലെയും രഹസ്യ സങ്കേതങ്ങളില്‍ വലിയ തോതില്‍ ശേഖരിച്ചു വെച്ചിരിക്കുന്നതായും അവ മറ്റു കേന്ദ്രങ്ങളിലേക്ക് ഇവിടെ നിന്നും മൊത്തവില്‍പ്പന നടത്തുന്നതായും നാട്ടുകാര്‍ പറയുന്നു. തദ്ദേശീയരുടെ ഒത്താശയോടെ ചില ക്വാര്‍ട്ടേഴുസുകളും വാടക വീടുകളും കേന്ദ്രീകരിച്ചാണ് ലഹരി വിപണനം നടക്കുന്നത്. അത് കൊണ്ട് തന്നെ മാഫിയകള്‍ക്ക് വ്യക്തമായ വേരോട്ടം ഇവിടെ സാധ്യമാകുന്നവെന്നാണ് ആരോപണം.

ലഹരിമുക്ത മേല്‍പറമ്പ് എന്ന ലക്ഷ്യവുമായി മേല്‍പറമ്പ് ജമാഅത്ത് പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജിയുടെ നേതൃത്വത്തില്‍ കാമ്പയിന്‍ ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചും യുവാക്കള്‍ക്കിടയിലും മയക്കു മരുന്നു, കഞ്ചാവ് ഉപയോഗത്തിനെതിരെ ശക്തമായ ബോധവല്‍ക്കരണം നടത്തി നാടിനെ കഞ്ചാവിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടുത്തണമെന്നതാണ് നാട്ടുകാരുടെ ആവശ്യം. കഞ്ചാവ് ലഹരി മാഫിയകള്‍ ഒരു പ്രദേശത്തെ കാര്‍ന്നു തിന്നുന്ന കാര്യം എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിന്റെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad