കാസര്‍കോട്.(www.evisionnews.in)ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ഇരകളായ കുട്ടികളുടെ അവസ്ഥ സംബന്ധിച്ച് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിംഗ് നടത്തി.വിവിധ സംഘടനാ പ്രതിനിധികള്‍, സന്നദ്ധ സംഘടനകള്‍ എന്നിവര്‍ സിറ്റിംഗില്‍ പങ്കെടുത്തു. 18 വയസ്സിന് താഴെയുളളവരാണ് ബാലാവകാശ കമ്മീഷന്‍ നിയമ പരിധിയില്‍ ഉള്‍പ്പെടുന്നതെങ്കിലും ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രത്യേക അവസ്ഥ പരിഗണിച്ച് എല്ലാവരുടെയും പരാതികള്‍ ഉള്‍ക്കൊളളുന്നതായി കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ശോഭകോശി പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്‌നത്തില്‍ കൂട്ടായ സമാശ്വാസ നടപടികളാണ് ഉണ്ടാകേണ്ടതെന്നും വ്യത്യസ്ത വീക്ഷണമുളളവരെല്ലാം ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാകേണ്ടതുണ്ടെന്നും ജില്ലാ കളക്ടര്‍ കെ ജീവന്‍ ബാബു പറഞ്ഞു.
വികലാംഗ ക്ഷേമ സഹകരണ സംഘം പ്രസിഡണ്ട് ഇ വിജയന്‍,എന്‍ഡോസള്‍ഫാന്‍ ദുരിതാശ്വാസ സമിതി പ്രതിനിധി സുഭാഷ് ചീമേനി, പ്രശസ്ത കഥാകൃത്ത് അംബികാസുതന്‍ മാങ്ങാട്, ചാന്ദ്‌നി, കെ കെ അശോകന്‍.തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ദുരിതങ്ങള്‍ക്ക് അറുതി വരുത്താന്‍ പ്രത്യേക വകുപ്പ് തന്നെ വേണമെന്നും അഭിപ്രായമുണ്ടായി. ബഡ്‌സ് സ്‌കൂളുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനുളള നടപടികളും ചര്‍ച്ചയായി.
കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ശോഭാകോശിയുടെ നേതൃത്വത്തില്‍ നടന്ന സിറ്റിംഗില്‍ ജില്ലാ കളക്ടര്‍ കെ ജീവന്‍ ബാബു, കമ്മീഷന്‍ അംഗങ്ങളായ നസീര്‍ ചാലിയം, അഡ്വ.ജെ സന്ധ്യ, ഡെപ്യൂട്ടി കളക്ടര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കമ്മീഷന്‍ നേരത്തെ ദുരിതബാധിത പ്രദേശങ്ങളിലെ കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്ന ബഡ്‌സ് സ്‌കൂളുകളില്‍ സന്ദര്‍ശനം നടത്തി. ചെയര്‍പേഴ്‌സണ്‍ ശോഭാകോശിയോടൊപ്പം അംഗങ്ങളായ കെ നസീര്‍, ജെ സന്ധ്യ, പി ആര്‍ ഒ വി പി പ്രമോദ് കുമാര്‍, ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ പി ബിജു എന്നിവരും ഉണ്ടായിരുന്നു.
Post a Comment
0 Comments