കാസര്‍കോട് (www.evisionnews.in): ബദിയടുക്ക ഉക്കിനടുക്കയില്‍ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപിക്കുന്ന മെഡിക്കല്‍ കോളജിനെതിരെ ബ്യൂറോക്രസിയുടെ പാരവെപ്പ് തുടരുകയാണെന്നും ഇതിനെതിരെ ജില്ലയിലെ ജനങ്ങള്‍ ഒന്നടങ്കം ജാഗരൂകരാകണമെന്നും മുസ്ലിം ലീഗ് കാസര്‍കോട് മണ്ഡലം സെക്രട്ടറിയും ബദിയടുക്ക മുന്‍ പഞ്ചായത്ത് പ്രസിഡണ്ടുമായ മാഹിന്‍ കേളോട്ട്. ഇവിഷന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ കാസര്‍കോടെന്തേ കേരളത്തിലല്ലേ എന്ന ചോദ്യമുയര്‍ത്തി നടത്തിയ തുറന്ന ചര്‍ച്ചയിലാണ് മാഹിന്‍ മെഡിക്കല്‍ കോളജിനെതിരെയുള്ള ആശങ്കകള്‍ പങ്കുവെച്ചത്.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി 2013 നവംബര്‍ ഒന്നിനാണ് കോളജിന് തറക്കല്ലിട്ടത്. ഒരു വര്‍ഷമായിട്ടും പദ്ധതി തറക്കല്ലിലൊതുങ്ങിയപ്പോള്‍ ജനം ഉണര്‍ന്നെണീറ്റ് പൊരുതിയതിനാല്‍ നബാഡിന്റെ 282 കോടിയില്‍ 68 കോടി ആദ്യ ഗഡുവായും 25 കോടി പ്രഭാകരന്‍ കമ്മീഷന്‍ പാക്കേജിലും അനുവദിച്ചു. ഇതേ തുടര്‍ന്ന് പ്രവൃത്തി തുടരുന്നുണ്ടെങ്കിലും പുതിയ എല്‍.ഡി.എഫ് സര്‍ക്കാര്‍ കാസര്‍കോട് കോളജിനോട് പുറംതിരിഞ്ഞ് നില്‍ക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. ഇതിനെതിരെ മുഖ്യമന്ത്രിയെയും ആരോഗ്യവകുപ്പ് മന്ത്രിയെയും നേരിട്ട് കണ്ട് നിവേദനം നല്‍കിയെങ്കിലും സര്‍ക്കാര്‍ ഇതിനോട് പുലര്‍ത്തുന്ന നിലപാട് അതീവ ആശങ്ക ഉയര്‍ത്തുന്നതാണെന്ന് മാഹിന്‍ പറഞ്ഞു.
കാസര്‍കോട് മെഡിക്കല്‍ കോളജ് അത്യന്തം അനിവാര്യമാണ്. എല്ലാ ചികിത്സക്കും മംഗളൂരുവിനെ ആശ്രയിക്കുന്ന ഗതികേട് ഒഴിവാകണമെങ്കില്‍ കാസര്‍കോട് മെഡിക്കല്‍ കോളജ് യാഥാര്‍ത്ഥ്യമായേ തീരൂ. ഇതിനായി മുഴുവന്‍ രാഷ്ട്രീയ ബഹുജന സന്നദ്ധ സംഘടനകളെയും മുന്നിലിറക്കി ശക്തമായ സമരത്തിനിറങ്ങുമെന്ന് ആശുപത്രിക്ക് വേണ്ടിയുള്ള കര്‍മ്മസമിതി ചെയര്‍മാന്‍ കൂടിയായ മാഹിന്‍ കേളോട്ട് പറഞ്ഞു.
Post a Comment
0 Comments