കുമ്പള:(www.evisionnews.in) ശ്രീലങ്കയിൽ ഈ മാസം 19 മുതൽ ആരംഭിക്കുന്ന ഇന്ത്യ - ലങ്ക രാജ്യാന്തര ക്ലബ്ബുകൾ തമ്മിലുള്ള ക്രിക്കറ്റ് മത്സരത്തിന് കുമ്പള സ്വദേശിയും. കുമ്പള ഉളുവാർ ശാഹിന മൻസിലിൽ അബൂബക്കറിന്റെയും ആയിശാബിയുടെയും മകൻ മുഹമ്മദ് ഇഖ്ബാൽ (20) ആണ് തിങ്കളാഴ്ച ലങ്കയിലേക്ക് വിമാനം കയറുന്നത്. എൻ എസ് എ ക്ലബിന്റെ വിശ്വസ്തനായ പേസ് ബോളറായാണ് ഈ ഇടതു കയ്യൻ തന്റെ ആദ്യത്തെ വിദേശ പര്യടനത്തിന് ഒരുങ്ങുന്നത്. എൻഎസ്എ യ്ക്ക് ബി സി സി ഐ യുടെ അംഗീകാരമുണ്ട്. അത് കൊണ്ട് തന്നെ തന്റെ ക്രിക്കറ്റ് കരിയറിലേക്കുള്ള ഒരു ചവിട്ടുപടിയായാണ് ഇഖ്ബാൽ ഈ മത്സരത്തെ കാണുന്നത്.
2013 ൽ കുമ്പള മഹാത്മ കോളേജിൽ രണ്ടാം വർഷ ഹയർ സെക്കന്ററി കോഴ്സിന് പഠിച്ചു കൊണ്ടിരിക്കെ കോളേജ് യൂണിയൻ മുൻകൈയെടുത്ത് നടത്തിയ ഒരു ഇൻറർ കോളജിയറ്റ് ക്രിക്കറ്റ് ടൂർണമെന്റിനിടെയാണ് അധ്യാപകർ ഇഖ്ബാൽ എന്ന വിദ്യാർത്ഥിയിലെ ക്രിക്കറ്ററെ കണ്ടെത്തുന്നത്. അധ്യാപകരും സഹപാഠികളും നൽകിയ പ്രോത്സാഹനവും ഉപദേശവും ഇഖ്ബാലിനെ ക്രിക്കറ്റിൽ കൂടുതൽ ശ്രദ്ധാലുവാക്കി. ശേഷം അതേ വർഷം തന്നെ തൃശൂരിൽ ക്രിക്കറ്റ് പരിശീലനത്തിന് പോയി. തുടർന്നുള്ള മികച്ച പ്രകടനങ്ങളാണ് ഇഖ്ബാലിനെ എൻഎസ്എ യിൽ എത്തിക്കുന്നത്.
ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിന്റെ അംഗീകാരമുള്ള രാജ്യത്തെ മികച്ച ക്ലബ്ബായ നുവാര ഏലിയയുമായാണ് എൻ എസ് എ കളിക്കുക. ജൂലൈ 26 വരെയാണ് പരമ്പര.
Post a Comment
0 Comments