Type Here to Get Search Results !

Bottom Ad

കാസര്‍കോട് ഉള്‍പ്പടെ കേരളത്തിലെ നാലു ജില്ലകളില്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമായെന്ന് വിശ്വഹിന്ദു പരിഷത്ത്

പട്‌ന (www.evisionnews.in); കാസര്‍കോട് ഉള്‍പ്പടെ കേരളത്തിലെ നാലു ജില്ലകളില്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമായെന്ന് വിശ്വഹിന്ദു പരിഷത്ത്. കേരളത്തിലെ നാലു ജില്ലകളിലെ അനേകം ഗ്രാമങ്ങളില്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമായിക്കഴിഞ്ഞതായും യുപിയിലെ കെയ്രാനയിലെ ഹിന്ദു പലായനത്തിനു സമാനമായ സാഹചര്യങ്ങള്‍ ഇത്തരം ജില്ലകളില്‍ നിലനില്‍ക്കുന്നതായും വിശ്വഹിന്ദു പരിഷത് (വിഎച്ച്പി) കേന്ദ്ര സമിതി അംഗീകരിച്ച പ്രമേയത്തില്‍ പറയുന്നു. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ഏറെ ഗ്രാമങ്ങളില്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമായി മാറിക്കഴിഞ്ഞതായി പ്രമേയത്തിലുണ്ട്.

കശ്മീരില്‍ ആരംഭിച്ച ഹിന്ദു പലായനം യുപിയില്‍ കെയ്രാന ഉള്‍പ്പെടെ 60 ഗ്രാമങ്ങളില്‍ സംഭവിച്ചു. പഞ്ചാബ്, രാജസ്ഥാന്‍, ഹരിയാന, ഡല്‍ഹി, യുപി, ജാര്‍ഖണ്ഡ്, ബംഗാള്‍, കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളിലും ഇതു ശ്രദ്ധയില്‍ പെട്ടതായി പ്രമേയത്തില്‍ പറയുന്നു. ഈ നാലു ജില്ലകളിലും ഹിന്ദുക്കള്‍ ന്യൂനപക്ഷമാകുന്ന പ്രദേശങ്ങളില്‍ സര്‍വേ നടത്തുമെന്നു വിഎച്ച്പി ജോയിന്റ് ജനറല്‍ സെക്രട്ടറി സുരേന്ദ്ര ജെയിന്‍ അറിയിച്ചു. പട്‌നയില്‍ കഴിഞ്ഞദിവസം സമാപിച്ച വിഎച്ച്പി കേന്ദ്ര നേതൃയോഗത്തില്‍ പാസാക്കിയ പ്രമേയത്തിലാണ് കേരളത്തെക്കുറിച്ചുള്ള വിലയിരുത്തല്‍. 

ഹിന്ദു ഭൂരിപക്ഷമായിരുന്ന ഗ്രാമങ്ങളില്‍ നിന്നു ഹിന്ദു കുടുംബങ്ങള്‍ ഒഴിഞ്ഞുപോകുന്നതിന്റെ സാമൂഹിക, സാമ്പത്തിക കാരണങ്ങള്‍ വിഎച്ച്പി പഠിക്കും. ഹിന്ദു കുടുംബങ്ങള്‍ എന്തു വെല്ലുവിളി നേരിട്ടും ഈ പ്രദേശങ്ങളില്‍ താമസം തുടരാനുള്ള സാഹചര്യം സൃഷ്ടിക്കാനായി സംസ്ഥാന സര്‍ക്കാരുകളെ സമീപിക്കും. സര്‍ക്കാരില്‍ നിന്നു സഹായം ലഭിച്ചില്ലെങ്കില്‍ സമൂഹത്തില്‍ നിന്നുള്ള സഹായത്തോടെ ഹിന്ദുക്കളെ സംരക്ഷിക്കാന്‍ നടപടിയെടുക്കുമെന്നും സുരേന്ദ്ര ജെയിന്‍ പറഞ്ഞു. അയോധ്യയിലെ രാമക്ഷേത്രത്തിനായി നിയമനിര്‍മാണമെന്ന ആവശ്യവുമായി പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനകാലത്ത് വിഎച്ച്പി നേതാക്കള്‍ എംപിമാരെ സമീപിക്കുമെന്നും ജെയിന്‍ അറിയിച്ചു.

അയോധ്യ പ്രശ്‌നം പരിഹരിക്കാന്‍ നടത്തിയ അഞ്ചുഘട്ട ചര്‍ച്ചകളും പരാജയപ്പെട്ട സാഹചര്യത്തില്‍ നിയമനിര്‍മാണമാണ് ഉചിതം. കോടതി നടപടികള്‍ അനിശ്ചിതമായി നീണ്ടു പോകുന്ന സാഹചര്യത്തില്‍ നിയമനിര്‍മാണം അനിവാര്യമായെന്നും അദ്ദേഹം പറഞ്ഞു. യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ രാമക്ഷേത്ര നിര്‍മാണത്തെ പരസ്യമായി അനുകൂലിക്കുന്ന സ്ഥാനാര്‍ഥികള്‍ക്കു മാത്രമേ വോട്ടുചെയ്യാന്‍ പാടുള്ളുവെന്നു വിഎച്ച്പി ജനങ്ങള്‍ക്കിടയില്‍ പ്രചാരണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.


Keywords: National-patna-kasaragod-vhp-kerala-up

Tags

Post a Comment

0 Comments

Top Post Ad

Below Post Ad