Type Here to Get Search Results !

Bottom Ad

തുര്‍ക്കിയില്‍ പട്ടാള അട്ടമറി ശ്രമത്തെ ജനം തെരുവിലിറങ്ങി അട്ടിമറിച്ചു


അങ്കാറ (www.evisionnews.in): തുര്‍ക്കിയില്‍ പട്ടാള അട്ടിമറി ശ്രമം. രാജ്യത്തിന്റെ ഭരണം ഏറ്റെടുത്തതായി ഒരു വിഭാഗം സൈന്യം അറിയിച്ചതിന് പിന്നാലെ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഔദ്യോഗിക ടിവിയില്‍ പ്രത്യക്ഷപ്പെട്ട പ്രസിഡന്റ് റജബ് ത്വെയ്ബ് എര്‍ദോഗന്‍ അട്ടിമറി ശ്രമം തകര്‍ത്തതായി അവകാശപ്പെട്ടു. പട്ടാള അട്ടിമറി തകര്‍ത്തതായും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും പ്രധാനമന്ത്രി ബിനാലി യില്‍ദ്രിം വ്യക്തമാക്കി. എര്‍ദോഗന് പിന്തുണയുമായി ജനം തെരുവിലിറങ്ങിയ കാഴ്ചയാണിപ്പോള്‍ തുര്‍ക്കിയില്‍.

രാജ്യത്ത് ജനാധിപത്യവും മനുഷ്യാവകാശവും നടപ്പിലാക്കുന്നതിനു വേണ്ടി പട്ടാള നിയമം നടപ്പിലാക്കി തുടങ്ങിയതായും കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതായും സൈന്യം അറിയിച്ചിരുന്നു. അങ്കാറയില്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ 17 ഇന്റലിജന്‍സ് ഉദ്യോഗസ്ഥരടക്കം 42 പേര്‍ കൊല്ലപ്പെട്ടതായി തുര്‍ക്കി പത്രമായ അനദോഗ്ലു റിപ്പോര്‍ട്ട് ചെയ്യുന്നു. പാര്‍ലമെന്റ് അടക്കം വിവിധയിടങ്ങളില്‍ സ്‌ഫോടനമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. 

പ്രാദേശിക സമയം വെള്ളിയാഴ്ച്ച രാത്രിയാണ് തുര്‍ക്കിയെ ഞെട്ടിച്ച് ഒരു വിഭാഗം പട്ടാളക്കാര്‍ തങ്ങള്‍ രാജ്യത്തിന്റെ ഭരണം പിടിച്ചെടുത്തതായി അവകാശപ്പെട്ടത്. പീസ് കൗണ്‍സിലാണ് ഇപ്പോള്‍ രാജ്യം ഭരിക്കുന്നതെന്നും രാജ്യത്ത് പട്ടാള നിയമവും നിരോധനാജ്ഞയും പ്രഖ്യാപിച്ചതായും സൈന്യം നടത്തിയ പ്രസ്താവന പറയുന്നു. അട്ടിമറി സൂചന നല്‍കി തലസ്ഥാന നഗരമായ അങ്കാറയിലെ തന്ത്രപ്രധാന മേഖലയില്‍ തോക്കുകളേന്തിയ സൈനികര്‍ ടര്‍ക്കിഷ് പതാക വീശുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. തുര്‍ക്കി പാര്‍ലമെന്റ് മന്ദിരത്തില്‍ സ്‌ഫോടനം നടന്നതായും എംപിമാര്‍ ഉള്ളില്‍ അഭയം തേടിയിരിക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. സിഎന്‍എന്‍ റിപ്പോര്‍ട്ടറെ സൈന്യം പിടികൂടി. ചാനലിന്റെ സംപ്രേഷണം തടയുകയും ചെയ്തു. 

പ്രധാനപ്പെട്ട റോഡുകളെല്ലാം സൈന്യം പിടിച്ചെടുത്തിരുന്നു. ഇസ്താംബൂളിലെ ബോസ്‌ഫോറസ്, ഫെയ്ത്ത് സുല്‍ത്താന്‍ മുഹമ്മദ് പാലങ്ങള്‍ വഴിയുള്ള ഗതാഗതവും സൈന്യം തടഞ്ഞിരിക്കുകയാണ്. തുടര്‍ന്ന് റാഞ്ചിയ ഹെലികോപ്ടര്‍ ഉപയോഗിച്ച് സൈന്യം പൊലീസ് സ്‌പെഷല്‍ ഫോഴ്‌സ് ആസ്ഥാനത്ത് നടത്തിയ ആക്രമണത്തില്‍ 17 പൊലീസുകാര്‍ കൊല്ലപ്പെട്ടു. പരിഭ്രാന്തരായി തടിച്ചു കൂടിയ ജനങ്ങള്‍ക്ക് നേരെയും സൈന്യം വെടിയുതിര്‍ത്തതായി റിപ്പോര്‍ട്ടുകളുണ്ട്. ഇസ്താംബൂളിലെ തക്‌സീം സ്‌ക്വെയറില്‍ ശക്തമായ രണ്ട് സ്‌ഫോടനങ്ങളുണ്ടായി. രാജ്യത്തെ വിമാനത്താവളങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്. അട്ടിമറി ശ്രമം പരാജയപ്പെടുത്താന്‍ തലസ്ഥാനമായ അങ്കാറയെ നോ ഫ്‌ലെയിങ് സോണായി പ്രഖ്യാപിച്ചതായി പ്രധാനമന്ത്രി യെല്‍ദ്രിം അറിയിച്ചു.

അട്ടിമറി വാര്‍ത്ത പരന്നതിന് പിന്നാലെ ഇസ്താംബൂളില്‍ വന്‍ ജനാവലിയുടെ അകമ്പടിയോടെ എത്തിയ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വെയ്ബ് എര്‍ദോഗന്‍ അട്ടിമറി നീക്കം പരാജയപ്പെടുത്തിയതായി അറിയിച്ചു. തുര്‍ക്കിയുടെ പ്രസിഡന്റ് താന്‍ തന്നെയാണ്. ജനാധിപത്യം അസ്ഥിരപ്പെടുത്താനുള്ള നീക്കത്തിനെതിരെ ജനങ്ങള്‍ തെരുവിലിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. 

തുര്‍ക്കിയിലെ സ്ഥിതി ഗതികള്‍ ഇന്ത്യ ആശങ്കയോടെ ഉറ്റുനോക്കുന്നുണ്ട്. മലയാളികളുള്‍പ്പടെ നിരവധി ഇന്ത്യക്കാര്‍ തുര്‍ക്കിയിലെ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യയുമായി മികച്ച ബന്ധമാണ് തുര്‍ക്കിയുടേത്.

Post a Comment

0 Comments

Top Post Ad

Below Post Ad