Type Here to Get Search Results !

Bottom Ad

ഖാസി കേസ് അട്ടിമറിച്ചത് അന്വേഷിക്കുമെന്ന് മന്ത്രി ചന്ദ്രശേഖരന്‍: സമരം താല്‍കാലികമായി നിര്‍ത്തിവെച്ചു


കാസര്‍കോട് (www.evisionnews.in): ഖാസി സി.എം അബ്ദുല്ല മൗലവിയുടെ ഘാതകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കേസന്വേഷണം ആദ്യഘട്ടത്തില്‍ തന്നെ അട്ടിമറിച്ച ലോക്കല്‍ പോലീസിനെതിരെ നടപടി ആവശ്യപ്പെട്ടും സി.ബി.ഐയുടെ പുനരന്വേഷണ സംഘത്തിന്റെ അന്വേഷണം കാര്യക്ഷമമാക്കണമെന്നും ആവശ്യപ്പെട്ട് കാസര്‍കോട്ട് ഒപ്പുമരച്ചോട്ടില്‍ ഖാസിയുടെ കുടുംബവും ജനകീയ ആക്ഷന്‍ കമ്മിറ്റിയും 65 ദിവസമായി തുടരുന്ന സമര പരിപാടികള്‍ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്റെ ഉറപ്പിനെ തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശപ്രകാരം ഞായറാഴ്ച രാവിലെ കാസര്‍കോട് ഗവ. ഗസ്റ്റ് ഹൗസില്‍ നടത്തിയ ചര്‍ച്ചക്ക് ശേഷം ചേര്‍ന്ന ആക്ഷന്‍ കമ്മിറ്റി യോഗത്തിലാണ് സമരം തല്‍ക്കാലം പിന്‍വലിക്കാന്‍ ധാരണയായത്. സി ബി ഐ അന്വേഷണത്തില്‍ ഏതൊക്കെ വിധത്തില്‍ ഇടപെടാന്‍ സാധിക്കുമെന്ന കാര്യം പരിശോധിക്കുമെന്നും ലോക്കല്‍ പോലീസിന്റെ വീഴ്ചകളെ കുറിച്ച് നിയമജ്ഞരുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി സമരസമിതിക്ക് ഉറപ്പുനല്‍കി.

സമരം തല്‍ക്കാലം നിര്‍ത്തിവെച്ചുവെങ്കിലും ഖാസിയുടെ മരണവുമായി ബന്ധപ്പെട്ട നിയമനടപടികള്‍ ആക്ഷന്‍ കമ്മിറ്റിയും ഖാസിയുടെ കുടുംബവും തുടരും. ഖാസിയുടെ മരണം ആത്മഹത്യയായി ചിത്രീകരിച്ച് തുടക്കത്തില്‍ തന്നെ അന്വേഷണം അട്ടിമറിക്കാന്‍ ലോക്കല്‍ പോലീസ് നടത്തിയ ഇടപെടലുകളും അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ കാണിച്ച താല്‍പ്പര്യങ്ങളും അന്വേഷിക്കണമെന്ന് ആക്ഷന്‍ കമ്മിറ്റി മന്ത്രിയോട് ആവശ്യപ്പെട്ടു. കേസന്വേഷണം ശരിയായ ദിശയില്‍ നടക്കാന്‍ സര്‍ക്കാര്‍ ഫലപ്രദമായി ഇടപെടുമെന്നും മന്ത്രി ഉറപ്പു നല്‍കി.

എംഎല്‍എമാരായ പി.ബി അബ്ദുല്‍ റസാഖ്, എന്‍.എ നെല്ലിക്കുന്ന്, ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോ. ഡി സുരേന്ദ്രനാഥ്, വൈസ് ചെയര്‍മാന്‍മാരായ സിദ്ദിഖ് നദ്‌വി ചേരൂര്‍, അബ്ദുല്‍ ഖാദര്‍ സഅദി, കണ്‍വീനര്‍ ഇ അബ്ദുല്ലക്കുഞ്ഞി, കുടുംബാംഗങ്ങളായ ഖാസിയുടെ മകന്‍ സി.എം മുഹമ്മദ് ഷാഫി, മരുമകന്‍ യു എം അഹമ്മദ് ഷാഫി, പൊതുപ്രവര്‍ത്തകനായ ഹംസ മേല്‍പ്പറമ്പ്, രാഷ്ട്രീയ പ്രതിനിധികളെ പ്രതിനിധീകരിച്ച് മൊയ്തീന്‍ കുഞ്ഞി കളനാട്, വി.കെ രാജന്‍, കുഞ്ഞബ്ദുല്ല കോളിയടുക്കം എന്നിവരാണ് റവന്യൂ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.


Keywords: Kasaragod-news-qasi-stopped-struggle

Post a Comment

0 Comments

Top Post Ad

Below Post Ad