Type Here to Get Search Results !

Bottom Ad

കര്‍ണാടകയില്‍ നിന്ന് കാസര്‍കോട്ടേക്ക് കഞ്ചാവ് എത്തിക്കുന്നത് കെ.എസ്.ആര്‍.ടി.സി ബസില്‍

കാസര്‍കോട് (www.evisionnews.in): കര്‍ണാടകയില്‍ നിന്ന് കാസര്‍കോട്ടേക്ക് വന്‍തോതില്‍ കഞ്ചാവും വിദേശമദ്യവും വ്യാപകമായി അതിര്‍ത്തി കടന്നെത്തുന്നു. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ മാത്രം എക്സൈസ് അധികൃതരും പോലീസും പിടിച്ചെടുത്ത കഞ്ചാവിന്റെയും വിദേശമദ്യത്തിന്റെയും കണക്കുകള്‍ സൂചിപ്പിക്കുന്നത് അതാണ്. കേരളത്തില്‍ നിരോധിച്ചിട്ടുള്ള പാന്‍മസാല അടക്കമുള്ള പുകയില ഉത്പന്നങ്ങളും അതിര്‍ത്തി കടന്ന് കാസര്‍കോട്ടെത്തുന്നു. അതേസമയം കെഎസ്ആര്‍ടിസി ബസുകളാണ് വിദേശമദ്യവും പുകയില ഉത്പന്നങ്ങളും കടത്തുന്നതിനായി പ്രധാനമായും ഉപയോഗിക്കുന്നതെന്നതാണ് മറ്റൊരു ഞെട്ടിക്കുന്ന വിവരം. കര്‍ണാടക കെ.എസ്.ആര്‍.ടി.സി. ബസുകളെയാണ് ഇതിന് വേണ്ടി ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നതെന്നാണ് എക്സൈസ് അധികൃതര്‍ പറയുന്നത്. 

ബസില്‍ സീറ്റിനടിയില്‍ പുകയില ഉത്പന്നങ്ങളും മദ്യവും വെച്ചതിനു ശേഷം ഉടമസ്ഥന്‍ മാറിയിരിക്കുകയാണ് ചെയ്യുന്നത്. എക്‌സൈസിന്റെയോ പോലീസിന്റെയോ പരിശോധനയില്ലെങ്കില്‍ ഉടമസ്ഥന്‍ ലക്ഷ്യസ്ഥാനത്ത് സാധനങ്ങളുമായി ഇറങ്ങും. വാഹനത്തില്‍ അധികൃതര്‍ പരിശോധന നടത്തുകയും പിടിക്കപ്പെടുമെന്നുറപ്പാവുകയും ചെയ്താല്‍ സാധനത്തിന് ഉടമസ്ഥന്‍ ഉണ്ടാകില്ല. ചെക്‌പോസ്റ്റില്‍ പിടിച്ചെടുക്കുന്ന മദ്യത്തിനും മറ്റ് പുകയില ഉത്പന്നങ്ങള്‍ക്കും സാധാരണഗതിയില്‍ ഉടമസ്ഥനെ കിട്ടാറില്ല. 

കഴിഞ്ഞദിവസം കുമ്പള എക്സൈസ് അധികൃതര്‍ വിദേശമദ്യം കൈവശം വെച്ചിരുന്ന രണ്ടുപേരെ അറസ്റ്റു ചെയ്തിരുന്നു. അഞ്ചര ലിറ്റര്‍ വിദേശമദ്യവുമായാണ് ഇവര്‍ പിടിയിലായത്. മഞ്ചേശ്വരത്ത് മിയാപദവില്‍ വിദേശമദ്യം വില്‍ക്കുന്ന സുധാകരനെ എക്സൈസ് പിടിച്ചിരുന്നു. കഞ്ചാവ് ചെറുപാക്കറ്റുകളിലാക്കി വില്‍ക്കുന്ന സംഘങ്ങള്‍ കാസര്‍കോട്, കുമ്പള, ഉപ്പള, മഞ്ചേശ്വരം ഭാഗങ്ങളില്‍ വിലസുന്നതായി നാട്ടുകാര്‍ പറയുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad