Type Here to Get Search Results !

Bottom Ad

ഐ.എസ് ബന്ധം; ദുരൂഹത ഒഴിയുന്നില്ല, കാണാതായവരുടെ പാസ്‌പോര്‍ട്ട് കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കുന്നു


കാസര്‍കോട് (www.evisionnews.in): ഐ.എസ് ബന്ധം ആരോപിച്ച് കാണാതായ മലയാളികളെ കണ്ടെത്താന്‍ കേന്ദ്രസംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങള്‍ പാസ്‌പോര്‍ട്ട് കേന്ദ്രീകരിച്ചുള്ള അന്വേഷണം തുടങ്ങി. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കാണാതായവരുടെ വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. പാസ്‌പോര്‍ട്ട് നമ്പര്‍ ഉപയോഗിച്ച് ഇവരുടെ യാത്രാ വിവരങ്ങള്‍ ശേഖരിക്കുകയാണ് അന്വേഷണ ഏജന്‍സികളുടെ പ്രാഥമിക ലക്ഷ്യം. 

കാണാതായവര്‍ വീട്ടുകാര്‍ക്കയച്ച സന്ദേശങ്ങള്‍ മാത്രമാണ് അന്വേഷണ ഏജന്‍സികള്‍ക്കു മുന്നിലുള്ള ഏക തെളിവ്. മറ്റ് വിവരങ്ങളൊന്നും ബന്ധുക്കളുടെ പക്കലും ഇല്ലാത്ത സാഹചര്യത്തിലാണ് പാസ്‌പോര്‍ട്ട് കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന് കേന്ദ്ര ഏജന്‍സികള്‍ ശ്രമം തുടങ്ങിയത്. കേന്ദ്ര അന്വേഷണ ഏജന്‍സിയായ റോയുടെ കണ്ണൂര്‍ യൂണിറ്റില്‍ നിന്നുള്ള സംഘം കാസര്‍കോട് കാണാതായവരുടെ വീടുകളിലെത്തി പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ശേഖരിച്ചു. എന്നാല്‍ ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളൊന്നും സംഘത്തിന് ലഭിച്ചില്ല.

വ്യാഴാഴ്ചയാണ് കാസര്‍കോട്, പാലക്കാട്, തിരുവനന്തപുരം എന്നീ ജില്ലകളില്‍ നിന്നായി സ്ത്രീകളും കുട്ടികളടങ്ങുന്ന 18 അംഗ സംഘം ഐ.എസില്‍ ചേര്‍ന്നതായി മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചത്. ഒരു മാസം മുമ്പ് വീടു വിട്ടിറങ്ങിയ ഇവരില്‍ നിന്ന് വാട്‌സ്ആപ്പിലൂടെ ബന്ധുക്കള്‍ക്ക്് മെസേജുകള്‍ ലഭിച്ചതോടെയാണ് കാണാതായ കുടുംബങ്ങള്‍ തീവ്രവാദ സംഘടനയില്‍ ചേര്‍ന്നതായി സംശയമുണ്ടായത്. കാസര്‍കോട് ജില്ലയിലെ തൃക്കരിപ്പൂര്‍, പടന്ന പഞ്ചായത്തുകളിലെ മൂന്നു കുടുംബങ്ങളില്‍ നിന്നായി മൂന്നു സ്ത്രീകളും രണ്ടു കുട്ടികളുമടക്കം 13 പേര്‍, പാലക്കാട് ജില്ലയിലെ സഹോദരങ്ങള്‍, ഇവരുടെ ഭാര്യമാരായ എറണാകുളം, തിരുവനന്തപുരം സ്വദേശിനികള്‍ എന്നിവരാണ് അപ്രത്യക്ഷരായത്. രണ്ടുമാസത്തിനിടെ പല തവണയായാണ് ഇവരെ കാണാതായത്. 

കാണാതായവരുടെ ജനനത്തീയതി ഉപയോഗിച്ച് പാസ്‌പോര്‍ട്ട് ഓഫീസ് വഴി വിവരം ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. രാജ്യം വിട്ടത് എന്നാണെന്നടക്കമുള്ള ഇവരുടെ യാത്രാ രേഖകള്‍ ഇതിലൂടെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. എന്നാല്‍ കാണാതായ സ്ത്രീകള്‍ക്കെല്ലാം പാസ്‌പോര്‍ട്ട് ഉണ്ടോ എന്ന കാര്യവും സ്ഥിരീകരിച്ചിട്ടില്ല. അതിനാല്‍ ഇവരെല്ലാം ഇന്ത്യ വിട്ടിട്ടുണ്ടോ എന്ന കാര്യത്തിലും ആശങ്ക തുടരുന്നു. കൊച്ചിയില്‍ നിന്നുള്ള എന്‍ഐഎ സംഘവും കാസര്‍കോട് എത്തിയിട്ടുണ്ട്. 


Keywords: Kasaragod-news-is-passport-family-three-is-is-missing










Post a Comment

0 Comments

Top Post Ad

Below Post Ad