Type Here to Get Search Results !

Bottom Ad

'ബെള്ളൂരെന്തേ, സര്‍ കേരളത്തിലല്ലേ...'

ബെള്ളൂര്‍ (www.evisionnews.in): മാറിമാറി വരുന്ന സര്‍ക്കാറും ജനപ്രതിനിധികളും കാണിക്കുന്ന അവഗണനയില്‍ മനംമടുത്ത് ബെള്ളൂര്‍ പഞ്ചായത്ത് നിവാസികള്‍. പൊളിഞ്ഞ് കിടക്കുന്ന പി.ഡബ്ല്യൂ.ഡി റോഡുകള്‍ മഴക്കാലമായതോടെ കാല്‍നടയാത്രക്ക് പോലും അസാധ്യമായ അവസ്ഥയിലായിരിക്കുന്നു. സര്‍ക്കാര്‍ ഓഫീസുകളിലെ ജീവനക്കാരുടെ ഒഴിവുകള്‍ വര്‍ഷങ്ങളായി അതേപടി തുടരുന്നു. കാര്‍ഷിക മേഖലയെ ആശ്രയിച്ച് ജീവിക്കുന്നവര്‍ ഏറെയുള്ള ബെള്ളൂരില്‍ കൃഷി ഓഫീസര്‍ ഇല്ലാതെ അഞ്ചു വര്‍ഷത്തിലധികമായി. നാട്ടുകാരുടെ ആവശ്യങ്ങള്‍ക്ക് നിലവില്‍ ചാര്‍ജുള്ള കാറഡുക്കയിലെ കൃഷി ഓഫീസറെ സമീപിക്കേണ്ട അവസ്ഥയാണ്. ഇവിടെ നിന്ന് 15 കിലോമീറ്റര്‍ യാത്രചെയ്യണം കാറഡുക്കയിലെത്താന്‍.

ബെള്ളൂര്‍ പഞ്ചായത്തിനും എണ്‍മകജെ പഞ്ചായത്തിനുമായി ഒരു സെക്രട്ടറിയാണ് ഇപ്പോഴുള്ളത്. വില്ലേജു ഓഫീസുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കായി നിലവില്‍ കുമ്പഡാജെ വില്ലേജ് ഓഫീസറെ സമീപിക്കേണ്ട അവസ്ഥയാണ്. വില്ലേജ് ഓഫീസറായെത്തുന്നവര്‍ ഭരണസ്വാധീനം ഉപയോഗിച്ച് സ്ഥലമാറിപോകുകയാണ് പതിവ്. കാലവര്‍ഷക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്ക് ഇത് ഏറെ പ്രയാസമുണ്ടാക്കുന്നു. പകര്‍ച്ചവ്യാധികള്‍ അടക്കമുള്ള മഴക്കാല രോഗങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന ഈ മേഖലയിലെ രോഗികള്‍ക്ക് തുണയാകുന്ന പി.എച്ച്.സിയിലും ആവശ്യത്തിന് ജീവനക്കാരില്ല. വേണ്ടത്ര രോഗപ്രതിരോധ മരുന്നുകളും ഇല്ലാതായതോടെ കിലോമീറ്ററുകള്‍ യാത്രചെയ്ത് സ്വകാര്യ ആശുപത്രികളെ സമീപിക്കേണ്ട അവസ്ഥയാണ്. 

കാലങ്ങളായി തുടരുന്ന ഈ അവഗണനക്കെതിരെ പഞ്ചായത്തിലെ യുവജന സംഘടനകളുമായി സഹകരിച്ച് ജനകീയ പ്രക്ഷോഭം നടത്താനാണ് യൂത്ത് ലീഗിന്റെ തീരുമാനം. ബെള്ളൂര്‍ പഞ്ചായത്ത് നിവാസികളോട് സര്‍ക്കാര്‍ കാട്ടുന്ന അവഗണനക്ക് പരിഹാരം ഉണ്ടാകുന്നത് വരെ വിവിധ സമരപരിപാടികളുമായി യൂത്ത് ലീഗ് മുന്നോട്ടു പോകുമെന്നും യൂത്ത് ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ഷംസുദ്ദീന്‍ കിന്നിംഗാര്‍ അറിയിച്ചു.

Keyword: Kasaragod-news-bellur-pwd-officer-hospital-

Post a Comment

0 Comments

Top Post Ad

Below Post Ad