Type Here to Get Search Results !

Bottom Ad

കൊലക്ക് പകരം കൊല കണ്ണൂരില്‍ വീണ്ടും സി.പി.എമ്മും ബി.ജെ.പിയും നേര്‍ക്കുനേര്‍: ഡി.ജി.പി എത്തി.


പയ്യന്നൂര്‍:  (www.evisionnews.in) സി.പി.എം പ്രവര്‍ത്തകന്‍ ധനരാജിനെ കുന്നരുവില്‍ കൊല്ലപ്പെടുത്തിയതിന്റെ തിരിച്ചടിയായി ബി.എം.എസ് നേതാവിനെ സി.പി.എം സംഘം ആക്രമിച്ച് കൊലപ്പെടുത്തിതിന്റെ തുടര്‍ച്ചയായി പയ്യന്നൂരും പരിസര പ്രദേശങ്ങളിലും തിങ്കളാഴ്ച അര്‍ദ്ധ രാത്രിക്ക് ശേഷം അറങ്ങേറിയത് നാടിനെ ഭീതിയുടെ മുള്‍മുനയില്‍ തളച്ചിട്ട ആക്രമം. നാശനഷ്ടങ്ങളേറെയും ബി.ജെ.പി ക്ക് തന്നെ. അതിനിടെ പയ്യന്നൂരില്‍ എത്തിയ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ഇരു കൊലകളും ആസൂത്രിതമാണെന്ന് മാധ്യമങ്ങളോട് പറഞ്ഞു.കേസുകള്‍ പ്രത്യേക സംഘം അന്വേഷിക്കുമെന്നും ഡി.ജി.പി അറിയിച്ചു.
നിരവധി വാഹനങ്ങളും വീടുകളും സ്ഥാപനങ്ങളും അക്രമത്തില്‍ തകര്‍ക്കപ്പെട്ടു. രാമന്തളി പരത്തിക്കാട്ടെ ബിജെപി പ്രവര്‍ത്തകനും കര്‍ഷകമോര്‍ച്ച ജില്ലാ സെക്രട്ടറിയുമായ എം. നാരായണന്റ വീട് അക്രമികള്‍ അടിച്ചുതകര്‍ത്തു. മുറ്റത്തു നിര്‍ത്തിയിട്ടിരുന്ന അയല്‍വാസികളായ നിരച്ചന്‍ ബൈജുവിന്റെ സ്‌കൂട്ടറും ബൈജുവിന്റെ സഹോദരന്‍ സുനില്‍കുമാറിന്റെ സ്‌കൂട്ടറും പുഞ്ചക്കാട് സ്വദേശിയായ കുനിച്ചിരെ കൃഷ്ണന്റെ ബൈക്കും അക്രമികള്‍ തീവച്ചു നശിപ്പിച്ചു. 
കാറിലും ബൈക്കിലുമായി എത്തിയവരാണ് അക്രമത്തിന്റെ പിന്നിലെന്ന് പറയുന്നു. പരുത്തിക്കാട്ടെ കെഎസ്ഇബി ജീവനക്കാരനായ തളിയില്ലത്ത് സഹദേവന്റെ വീട് അടിച്ചുതകര്‍ക്കുകയും മുറ്റത്തു നിര്‍ത്തിയിട്ടിരുന്ന ബൈക്ക് തീവച്ചു നശിപ്പിക്കുകയും ചെയ്തു. ഇന്ന് പുലര്‍ച്ചെ 3.30 ഓടെയായിരുന്നു സംഭവങ്ങള്‍ അരങ്ങേറിയത്.
പരത്തിക്കാട്ട് കമ്മ്യൂണിറ്റി ഹാളിന് സമീപത്തെ ബിജെപി പ്രവര്‍ത്തകനായ കുഞ്ഞികൃഷ്ണന്റെ വീട് അടിച്ചുതകര്‍ത്തു. ഇന്നലെയാണ് പുതിയതായി നിര്‍മ്മിച്ച വീട്ടില്‍ കുഞ്ഞികൃഷ്ണനും കുടുംബവും താമസം ആരംഭിച്ചത്. കക്കംപാറയിലെ സിപിഎം പ്രവര്‍ത്തകരായ എന്‍.പി. റിനീഷ്, വി.വി. ഭരതന്‍ എന്നിവരുടെ വീടുകള്‍ക്ക് നേരേയും ആക്രമമുണ്ടായി. ഇവരുടെ വീടിന്റെ വാതിലുകള്‍ തകര്‍ത്തു. കാരയിലെ ബിഎംഎസ് പ്രവര്‍ത്തകരായ പി. രാജേഷും സഹോദരന്‍ രമേശും ചേര്‍ന്ന് നടത്തുന്ന റോയല്‍ ടൂറിസ്റ്റ് ട്രാവല്‍സിന്റെ ബസും സമീപത്തെ കടയും അര്‍ധരാത്രി 12.30 ഓടെ ഒരു സംഘം അടിച്ചുതകര്‍ത്തു. ഇവരുടെ വീടിനുനേരേ ബോംബേറുമുണ്ടായി. വീടിന്റെ 17 ജനലുകളും അടിച്ചു തകര്‍ത്തു. രണ്ടു ബോംബുകളാണു വീടുകള്‍ക്കു നേരേ എറിഞ്ഞത്. ഒരു ബോംബ് പൊട്ടിയില്ല. വീടിനു സമീപം നിര്‍ത്തിയിട്ടിരുന്ന രണ്ടു ടെമ്പോ വാനുകള്‍, ട്രക്കര്‍, കാര്‍, രണ്ടു ബൈക്കുകള്‍ എന്നിവ തകര്‍ത്തു.

കരിവെള്ളൂര്‍ ഓണക്കുന്നിലെ കുണിയനിലെ കുണ്ടത്തില്‍ ബാലന്റെ ബേക്കറി തകര്‍ത്തു. ചീറ്റയിലെ ബിജെപി പ്രവര്‍ത്തകന്‍ സത്യന്റെ ടെമ്പോ ട്രാവലര്‍ തകര്‍ത്തു. പി.പി. രാമചന്ദ്രന്റെ വീട്ടുമുറ്റത്തു നിര്‍ത്തിയിട്ട വിപിന്റെ ബൈക്കും സമീപം നിര്‍ത്തിയിട്ട ബൈക്കും കത്തിച്ചു. കരിവെള്ളൂര്‍ വടക്കുമ്പാട്ടെ ബിജെപി നേതാവ് എം.വി. രവീന്ദ്രന്റെ വീട് അടിച്ചുതകര്‍ത്തു. വീട്ടുമുറ്റത്തു നിര്‍ത്തിയിട്ട കാറും ബൈക്കും തകര്‍ത്തു. കാറമ്മേലിലെ ബിജെപി പ്രവര്‍ത്തകന്‍ നന്ദകുമാറിന്റെ ബൈക്കും തീയിട്ടു നശിപ്പിച്ചു.
പുതിയങ്കാവിലെ ബിജെപി പ്രവര്‍ത്തകനായ ശ്യാംകുമാറിന്റെ വീടും ഇവരുടെ കണ്ടോത്തെ സ്‌പെയര്‍പാര്‍ട്‌സ് കടയും തകര്‍ത്തു.


keywords; Kannur-murder-news
Tags

Post a Comment

0 Comments

Top Post Ad

Below Post Ad