Type Here to Get Search Results !

Bottom Ad

പെരുന്നാള്‍ ആഘോഷിച്ചിട്ട് തിരികെ ഹാജരാക്കാം; ജാമ്യമില്ലാ പ്രതിയെ മുന്‍മന്ത്രി അബ്ദുറബ്ബ് സ്റ്റേഷനില്‍ നിന്ന് ഇറക്കികൊണ്ടു പോയി


പരപ്പനങ്ങാടി: (www.evisionnews.in) ദളിത് സ്ത്രീയെ ജാതിപ്പേര് വിളിച്ച് തടഞ്ഞുവച്ചെന്ന കേസിലെ പ്രതിയായ യൂത്ത് ലീഗ് പ്രവര്‍ത്തകനെ പികെ അബ്ദുറബ്ബിന്റെ നേതൃത്വത്തിലുള്ള മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനില്‍ ഇറക്കിക്കൊണ്ടുപോയത് വിവാദമാകുന്നു. ചാപ്പപ്പടി പടനകത്ത് മുജീബി (30)നെയാണ് പരപ്പനങ്ങാടി പൊലീസ് സ്റ്റേഷനില്‍നിന്ന് മുന്‍മന്ത്രി കൂടിയായ തിരൂരങ്ങാടി എംഎല്‍എ അബ്ദുറബ്ബിന്റെ നേതൃത്വത്തില്‍ ലീഗ് പ്രവര്‍ത്തകാര്‍ ഇറക്കിക്കൊണ്ടുപോയത്. തിരൂര്‍ ഡിവൈഎസ്പി സന്തോഷിന്റെ നിര്‍ദേശപ്രകാരം ചൊവ്വാഴ്ച വൈകിട്ട് പരപ്പനങ്ങാടിയില്‍നിന്നാണ് എസ്‌ഐ ജിനേഷ് മുജീബിനെ അറസ്റ്റുചെയ്തത്.

കഴിഞ്ഞ ഏപ്രില്‍ 25ന് ബീച്ചില്‍ കുടുംബസമേതം എത്തിയ നഗരസഭാംഗം മണ്ണാറയില്‍ സുമംഗലിയെയാണ് മുജീബ് തടഞ്ഞുവച്ച് ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചത്. തദ്ദേസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ലീഗിന്റെ കുത്തക സീറ്റായ 40ാം ഡിവിഷന്‍ പിടിച്ചെടുത്തതിലുള്ള രോഷമായിരുന്നു മുജീബിന്റെ നേതൃത്വത്തില്‍ നടന്ന അതിക്രമം. കൊന്നിട്ടാണെങ്കിലും ഉപതെരഞ്ഞെടുപ്പ് നടത്തി ഡിവിഷന്‍ പിടിച്ചെടുക്കുമെന്ന ഭീഷണിയും ഉയര്‍ത്തിയിരുന്നു. സംഭവത്തെ തുടര്‍ന്ന് നല്‍കിയ പരാതിയില്‍ കേസെടുത്തെങ്കിലും യുഡിഎഫ് സമ്മര്‍ദത്തെതുടര്‍ന്ന് മുജീബിനെ അറസ്റ്റ് ചെയ്യാന്‍ തയ്യാറായില്ല. പ്രതിയെ പിടിച്ചയുടന്‍ ലീഗുകാര്‍ പൊലീസ് സ്റ്റേഷനുമുമ്പില്‍ തടിച്ചുകൂടുകയായിരുന്നു.

ലീഗുകാര്‍ അറിയിച്ചതനുസരിച്ച് സ്റ്റേഷനിലെത്തിയ പികെ അബ്ദുറബ്ബ് മുജീബിനെ ഇറക്കിക്കൊണ്ടുപോവുകയായിരുന്നു. ജാതിപ്പേര് വിളിച്ച് അതിക്ഷേപിക്കുകയും തടഞ്ഞുവയ്ക്കുകയും ചെയ്ത കേസിലെ പ്രതിയെ വിട്ടുകൊടുത്തതില്‍ പൊലീസിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

പെരുന്നാള്‍ ആഘോഷിക്കാനാണെന്ന് പറഞ്ഞാണ് റബ്ബ് പ്രതിയെ സ്റ്റേഷനില്‍ നിന്ന് ഇറക്കികൊണ്ടു പോയത്. അടുത്ത ദിവസം ഹാജരാക്കാമെന്ന എംഎല്‍എയുടെ ജാമ്യത്തിലാണ് പ്രതിയെ നല്‍കിയതെന്നാണ് പൊലീസ് ഭാഷ്യം. ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad