Type Here to Get Search Results !

Bottom Ad

ബലാത്സംഗത്തിനിരയായ യുവതിക്കൊപ്പം സെല്‍ഫി; വനിത കമ്മീഷന്‍ അംഗം വിവാദത്തില്‍

ജയ്പൂര്‍ (www.evisionnews) : രാജസ്ഥാനിലെ സംസ്ഥാന വനിത കമ്മീഷന്‍ ചെയര്‍പേഴ്‌സണും പാനല്‍ അംഗവുമാണ് ബലാല്‍സംഗം ചെയ്യപ്പെട്ട യുവതിക്കൊപ്പം സെല്‍ഫിയെടുത്ത് വിവാദത്തിലകപ്പെട്ടത്. ഇരയ്‌ക്കൊപ്പമുള്ള സെല്‍ഫി നവമാധ്യമങ്ങളില്‍ വൈറലായതോടെ വനിത കമ്മീഷന്‍ അംഗങ്ങളുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നു. ഇതോടെ താനറിഞ്ഞല്ല സെല്‍ഫി എടുത്തതെന്നും സെല്‍ഫിയെടുത്ത വനിത കമ്മീഷന്‍ അംഗം സോമ്യ ഗുര്‍ജാറിനോട് വിശദീകരണം തേടിയിട്ടുണ്ടെന്നും അറിയിച്ച് കൈകഴുകാനാണ് ചെയര്‍പേഴ്‌സണ്‍ സുമന്‍ ശര്‍മ്മയുടെ ശ്രമം.

രാജസ്ഥാനിലെ ആല്‍വാര്‍ ജില്ലയില്‍ സ്ത്രീധനം കൊടുക്കാത്തതിന്റെ പേരില്‍ ഭര്‍ത്താവും ഭര്‍തൃ സഹോദരന്‍മാരും ചേര്‍ന്ന് ബലാല്‍സംഗം ചെയ്ത യുവതിക്കൊപ്പമാണ് വനിത കമ്മീഷന്‍ അംഗങ്ങള്‍ സെല്‍ഫിയെടുത്തത്. 30 വയസുകാരിയായ യുവതിയെ ബലാല്‍സംഗം ചെയ്തതിന് ശേഷം ഭര്‍തൃ വീട്ടുകാര്‍ നെറ്റിയിലും കൈകളിലും അസഭ്യം പച്ചകുത്തുകയും ചെയ്തിരുന്നു. സംഭവത്തില്‍ തിങ്കളാഴ്ച ഗാര്‍ഹിക പീഡനത്തിനും ബലാല്‍സംഗത്തിനും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
സംഭവത്തെ തുടര്‍ന്ന് ബലാല്‍സംഗം ചെയ്യപ്പെട്ട യുവതിയെ കാണാനെത്തിയ രാജസ്ഥാന്‍ വനിത കമ്മീഷന്‍ ചെയര്‍മാനും പാനല്‍ അംഗവും സംസാരത്തിനിടയിലാണ് യുവതിയെ ഒപ്പമിരുത്തി സെല്‍ഫിയെടുത്തത്. കമ്മീഷനംഗം സോമ്യ ഗുര്‍ജാര്‍ സെല്‍ഫിയെടുത്തത് താന്‍ ശ്രദ്ധിച്ചില്ലെന്നും ഇത് സംബന്ധിച്ച് വിശദീകരണം എഴുതി നല്‍കാന്‍ ഉത്തരവിട്ടിട്ടുണ്ടെന്നും ചെയര്‍പേഴ്‌സണ്‍ സുമന്‍ ശര്‍മ്മ പറഞ്ഞു. എന്നാല്‍ സെല്‍ഫിയില്‍ വ്യക്തമാണ് സുമന്‍ ശര്‍മ്മ ഫ്രെയ്മില്‍ ശ്രദ്ധിച്ച് പോസ് ചെയ്യുന്നത്.

ജയ്പൂരിലെ മഹിള പൊലീസ് സ്റ്റേഷനിലെത്തിയാണ് ബലാല്‍സംഗത്തിനിരയായ യുവതിയെ കണ്ടത്. യുവതി ഉള്‍പ്പെട്ട രണ്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. വനിത കമ്മീഷന്‍ അംഗങ്ങളുടെ ഭാഗത്തു നിന്നുണ്ടായ നടപടി ബാലിശവും അപമാനകരവുമാണെന്ന ആക്ഷേപം ഉയര്‍ന്നതോടെ സംഭവം രാജസ്ഥാനില്‍ വിവാദമായി. യുവതിയുടെ സ്വകാര്യത വകവെക്കാതെ പബ്ലിസിറ്റി സ്റ്റണ്ടിനായി ഇത്തരത്തില്‍ പെരുമാറിയ വനിത കമ്മീഷന്‍ അംഗങ്ങള്‍ ആ സ്ഥാനത്തിന് അര്‍ഹരല്ലെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

keywords: Rajasthan-Jaipur-Rape-Womon-selfi women-leader

Tags

Post a Comment

0 Comments

Top Post Ad

Below Post Ad