പുണ്യങ്ങളുടെ പൂക്കാലമായ വിശുദ്ധ റമളാൻ മണലാരണ്യത്തിൽ വിരുന്നെത്തുന്നത് ഇപ്രാവിശ്യവും കനത്ത ചൂടുകാലത്താണ്.പ്രവാസികൾക്കിത് സഹന ശക്തിയുടെ വൃത നാളുകളാണ്.ഓർമകളും നൊമ്പരങ്ങളും ഇടകലർന്ന വിരഹാർദ്രമായ പ്രവാസ മനസ്സുകളിൽ ആത്മീയതയുടെ നറുനിലാവുകൾ നിറക്കുന്നതാണ് ഇവിടുങ്ങളിലെ നോമ്പ് തുറകൾ.എങ്കിലും നഷ്ടങ്ങൾ കൂടെപ്പിറപ്പായ പ്രവാസികള്ക്ക് നോമ്പോർമകൾ ഒരു നൊസ്റ്റാൾജിയയാണ്.നാട്ടിലെ ഇഫ്താർ വിരുന്നുകളും നാടൻ വിഭവങ്ങളും നാവിൻ തുമ്പത്തെ മധുരമൂറുന്ന ഓർമകൾ മാത്രം.(www.evisionnews.in)
മരുഭൂമികയിലെ നോമ്പ് തുറ,ജാതി മത ചിന്തകൾക്കപ്പുറം മതമൈത്രിയുടെയും സാഹോദര്യത്തിന്റെയും പങ്കുവെക്കപെടലുകളുടെയും ഓർമപെടുത്തലുകളാണ്.ജാതിയും മതവും മനുഷ്യ മനസ്സുകളിൽ മതിൽകെട്ടുകൾ പണിയുന്ന വർത്തമാന യുഗത്തിൽ പ്രവാസികൾക്കിടയിലെ ഇഫ്താർ കൂട്ടങ്ങൾ പ്രതീക്ഷയുടെ,സ്നേഹ ബന്ധങ്ങളുടെ നിറപകിട്ടാർന്ന സന്ദേശങ്ങളാവുകയാണ്.വൈവിധ്യമാർന്ന വിഭവങ്ങൾ കൊണ്ട് സമ്പന്നമാണിവിടെ ഓരോ നോമ്പ് തുറകളും.
നാട്ടിൽ അന്യ സംസ്ഥാന തൊഴിലാളികൾ എന്ന മുദ്ര കുത്തി പുറംകാലുകൊണ്ട് ചവിട്ടിമെതിക്കാൻ ശ്രമിക്കുന്ന കാഴ്ചകളാണെങ്കിൽ ഇവിടെ സ്വദേശികൾ അന്യരാജ്യ തൊഴിലാളികളായ ഞങ്ങളെ സൽക്കരിക്കാൻ മത്സരിക്കുന്ന കാഴ്ച ഏറെ ധന്യമാണ്.വിദേശികളെ സ്വീകരിക്കാൻ വേണ്ടി മാത്രം നാടിന്റെ വിവിധ ഭാഗങ്ങളിൽ ഒരുക്കിയ പ്രത്യേകം പ്രത്യേകം ടെന്റുകൾ ഇവിടുങ്ങളിലെ ഒരാകർശണീയതയാണ്.കഠിനമായ ചൂടിലും ജോലിയിലും തളരുന്ന പ്രവാസികള്ക്ക് ആശ്വാസത്തിന്റെ തണലേകുകയാണ് ഓരോ ടെന്റുകളും.ബിരിയാണികളും നോമ്പ് തുറ വിഭവങ്ങളുമായി ജനങ്ങള്ക്കിടയിലേക്ക് വാഹനങ്ങളിൽ ചെന്ന് വിതരണം ചെയ്യുന്ന സ്വദേശികളേയും എങ്ങും കാണാം.എങ്കിലും കുടുംബവും വീടും മാറ്റി നിർത്തിയുളള പ്രവാസികളുടെ ഓരോ നോമ്പ് തുറയും കണ്ണീർ കലങ്ങിയ ഓരോ സ്നേഹവായ്പുകളാണ്,ഓരോ നോമ്പ് കാലവും ഓരോ നൊസ്റ്റാൾജിയയും...
Post a Comment
0 Comments