Type Here to Get Search Results !

Bottom Ad

നെല്ലിക്കുന്ന് സ്‌കൂളിന് ഭീഷണിയായ കെട്ടിടം പൊളിച്ചുനീക്കാന്‍ ഉത്തരവ്


കാസര്‍കോട് (www.evisionnews.in) :  നെല്ലിക്കുന്ന് ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പ്രവേശന കവാടത്തിലുള്ള കാലപ്പഴക്കം ചെന്ന കെട്ടിടം പൊളിച്ചുനീക്കാന്‍ കളക്ടര്‍ ഉത്തരവിട്ടു. 
അറുനൂറോളം വിദ്യാര്‍ഥിനികള്‍ പഠിക്കുന്ന സ്‌കൂളിന്റെ പ്രവേശനകവാടത്തില്‍ ഏതുനിമിഷവും പൊളിഞ്ഞുവീഴാവുന്ന കെട്ടിടമാണുള്ളത്. ഇതിനരികിലൂടെ വേണം കുട്ടികള്‍ക്ക് സ്‌കൂളിലേക്ക് വരാനും പോകാനും. കെട്ടിടമുള്ളതിനാല്‍ സ്‌കൂള്‍ ബസ് പോലും സ്‌കൂളിനകത്തേക്ക് കയറ്റാനാകാത്ത സ്ഥിതിയാണ്. 
പെണ്‍കുട്ടികളുടെ ശാക്തീകരണത്തിനായി രൂപവത്കരിച്ച സൊസൈറ്റിയുടെ കെട്ടിടമാണ് സ്‌കൂള്‍ പ്രവേശനകവാടത്തിലുള്ളത്. എന്നാല്‍, വര്‍ഷങ്ങള്‍ക്ക് മുമ്പേ സൊസൈറ്റി പ്രവര്‍ത്തനം അവസാനിപ്പിച്ചു. കാലപ്പഴക്കത്തില്‍ കെട്ടിടം ഉപയോഗശൂന്യവുമായി. നേരത്തേ കെട്ടിടം പൊളിച്ചുനീക്കാന്‍ ഉത്തരവുണ്ടായെങ്കിലും സാങ്കേതികത്വം പറഞ്ഞ് സൊസൈറ്റിയുമായി ബന്ധപ്പെട്ടവര്‍ എതിര്‍ത്തതോടെ പൊളിച്ചുനീക്കല്‍ ഉപേക്ഷിച്ചു.
കെട്ടിടം പൊളിച്ചുനീക്കുകയോ ബലപ്പെടുത്തുകയോ വേണമെന്നാണ് കളക്ടറുടെ ഉത്തരവിലുള്ളത്. കാലപ്പഴക്കം ചെന്ന കെട്ടിടം ബലപ്പെടുത്തുക എന്നത് പ്രായോഗികമല്ലാത്തതിനാല്‍ പൊളിച്ചുമാറ്റുക എന്നതിലേക്കാകും കാര്യങ്ങള്‍ പോവുക. ഇതുസംബന്ധിച്ച് നഗരസഭാ എന്‍ജിനീയര്‍ പരിശോധന നടത്തും. സംഭവസ്ഥലത്ത് വ്യാഴാഴ്ച സന്ദര്‍ശനം നടത്താന്‍ ഉദ്ദേശിക്കുന്നതായി കളക്ടര്‍ ഇ.ദേവദാസന്‍ പറഞ്ഞു.  

Keywords: Nellikunnu-School-Building-

Post a Comment

0 Comments

Top Post Ad

Below Post Ad