Type Here to Get Search Results !

Bottom Ad

ഉദുമ ഡിവിഷനില്‍ ഇടതുസ്വതന്ത്രന് സാധ്യതയേറി: കോണ്‍ഗ്രസില്‍ തര്‍ക്കം തുടരുന്നു


കാസര്‍കോട് (www.evisionnews.in): ജില്ലാ പഞ്ചായത്ത് ഉദുമ ഡിവിഷനില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി പൊതുസ്വതന്ത്രനെ രംഗത്തിറക്കാന്‍ സാധ്യത. നിലവില്‍ ഐഎന്‍എല്‍ മത്സരിച്ച സീറ്റാണിത്. ജയിക്കുന്ന മുന്നണിക്കു ജില്ലാപഞ്ചായത്തില്‍ ഭൂരിപക്ഷം നേടാന്‍ കഴിയുമെന്നതിനാല്‍ സീറ്റ് എന്തുവില കൊടുത്തും പിടിച്ചെടുക്കാനാണ് എല്‍.ഡി.എഫ് തന്ത്രം മെനയുന്നത്. ഐഎന്‍എല്ലിനു കൂടി സ്വീകാര്യനായ പൊതുസ്വതന്ത്രനെ കണ്ടെത്താനുള്ള തയാറെടുപ്പിലാണ് എല്‍.ഡി.എഫ് കേന്ദ്രങ്ങള്‍. ഐഎന്‍എല്ലിന് കൂടി സ്വീകാര്യനാണെങ്കില്‍ അവരും ഇടതു നീക്കത്തെ പിന്തുണക്കുമെന്ന് സിപിഎം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ജൂലൈ 28നാണ് ഉദുമ ഡിവിഷനേക്കുള്ള തെരഞ്ഞെടുപ്പ്. 

യുഡിഎഫില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായി യുവനേതാവിനെ തന്നെ പരിഗണിക്കണമെന്നും നിര്‍ദേശമുയരുന്നുണ്ട്. ഉദുമ ഡിവിഷന്‍ എല്‍.ഡി.എഫില്‍ നിന്നാണ് യുഡിഎഫ് പിടിച്ചെടുത്തത്. റിട്ട. ഡെപ്യൂട്ടി കലക്ടറും സിപിഎം നേതാവുമായ പി ഇസ്മായില്‍ വിജയിച്ച ഡിവിഷനാണിത്. പിന്നീടാണിത് യു.ഡി.എഫിന്റെ കൈകളിലെത്തിയത്. 

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ 6437 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസിന്റെ പാദൂര്‍ കുഞ്ഞാമു ജയിച്ചുകയറിയത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡിവിഷനില്‍ യുഡിഎഫിന് ഭൂരിപക്ഷം നാലായിരം വോട്ടായി കുറഞ്ഞതാണ് ഇടതുമുന്നണിക്കു പ്രതീക്ഷ നല്‍കുന്നത്. 

17 ഡിവിഷനുകളുള്ള ജില്ലാ പഞ്ചായത്തില്‍ ഭരണകക്ഷിയായ യുഡിഎഫിന് എട്ട് സീറ്റാണുള്ളത്. എല്‍ഡിഎഫിന് ഏഴും ബിജെപിക്ക് രണ്ടും സീറ്റുകള്‍ വീതമുണ്ട്. ആര്‍ക്കും കേവലഭൂരിപക്ഷമില്ലാത്ത നിലയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്നു ബിജെപി അംഗങ്ങള്‍ വിട്ടുനിന്നതോടെയാണ് ഭരണം യുഡിഎഫിനു ലഭിച്ചത്. ഉദുമ ഡിവിഷന്‍ നിലവിലെ വോട്ടിംഗ് നില പാദൂര്‍ കുഞ്ഞാമു (യുഡിഎഫ്) 18489, എം.എ. ലത്തീഫ് (ഐഎന്‍എല്‍ -എല്‍ഡിഎഫ്) 12052, എന്‍. ബാബുരാജ് (ബിജെപി) 6131, പി. മുഹമ്മദ്കുഞ്ഞി (സ്വതന്ത്രന്‍) 401, എം. ഹുസൈന്‍ (സ്വതന്ത്രന്‍) 237, ഭൂരിപക്ഷം 6437.

Keywords: Kasaragod-jilla-panchayath-by-election-uduma

Post a Comment

0 Comments

Top Post Ad

Below Post Ad