കാസര്‍കോട് (www.evisionnews.in): കെ.എസ്.ഇ.ബി. നടപ്പാക്കുന്ന സോളാര്‍ പാര്‍ക്ക് പദ്ധതിക്ക് മഞ്ചേശ്വരം, വെള്ളരിക്കുണ്ട് താലൂക്കുകളില്‍ സ്ഥലം ഉടനെ അനുവദിക്കുമെന്ന് കലക്ടര്‍ ഇ.ദേവദാസ് അറിയിച്ചു. വെള്ളരിക്കുണ്ട് താലൂക്കിലെ കിനാനൂര്‍, കരിന്തളം വില്ലേജുകളില്‍ 68.4 ഹെക്ടര്‍ സ്ഥലം ഈ മാസം 24-നും മഞ്ചേശ്വരം താലൂക്കിലെ പൈവളിഗെ, മീഞ്ച, ചിപ്പാര്‍ വില്ലേജുകളില്‍ ഉള്‍പ്പെടുന്ന 173.9 ഹെക്ടര്‍ സ്ഥലം ഈ മാസം 28-നും വൈദ്യുതി ബോര്‍ഡിന് കൈമാറും. സോളാര്‍ വൈദ്യുത പാര്‍ക്ക് സ്ഥലമെടുപ്പ് സംബന്ധിച്ച് നടത്തിയ അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കലക്ടര്‍.
നിലവില്‍ അമ്പലത്തറയില്‍ കൈമാറിയ 454 ഹെക്ടര്‍ ഭൂമിയില്‍ 50 മെഗാവാട്ട് പദ്ധതിയുടെ നിര്‍മാണം പുരോഗമിക്കുകയാണ്. ഇവിടെ 30 മെഗാവാട്ട് ഉത്പാദനം ആഗസ്ത് അവസാനത്തോടെ ആരംഭിക്കുമെന്ന് റിന്യൂവബിള്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ് കേരള ലിമിറ്റഡ് ജനറല്‍ മാനേജര്‍ പി.സീതാരാമന്‍, സി.ഇ.ഒ. അഗസ്റ്റിന്‍ തോമസ് എന്നിവര്‍ യോഗത്തില്‍ അറിയിച്ചു. അമ്പലത്തറയില്‍ 50 മെഗാവാട്ട് വൈദ്യുതി ഈ വര്‍ഷം അവസാനത്തോടെ ഉത്പാദിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ഭൂമി ഏറ്റെടുത്താല്‍ ജില്ലയില്‍ 200 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന സോളാര്‍ പാര്‍ക്ക് അടുത്തവര്‍ഷം അവസാനത്തോടെ പൂര്‍ത്തീകരിക്കാനാവും.
പൈവളിഗെയില്‍ ടെഹ്രി ഹൈഡ്രോ ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ ഉത്തരാഞ്ചല്‍ എന്ന കമ്പനിയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. അമ്പലത്തറയില്‍ ഇന്ത്യന്‍ റിന്യൂവബിള്‍ എനര്‍ജി െഡവലപ്പ്മെന്റ് ഏജന്‍സിയാണ് പദ്ധതിയുമായി സഹകരിക്കുന്നത്. കിനാനൂര്‍, കരിന്തളം വില്ലേജുകളില്‍ 100 മെഗാവാട്ട് വൈദ്യുതി ഉത്പാദനത്തിനുള്ള പദ്ധതിയുടെ ടെന്‍ഡര്‍ നടപടികള്‍ വൈകാതെ പൂര്‍ത്തിയാക്കും. യോഗത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ (എല്‍.ആര്‍) സി. ജയന്‍, കെ.എസ്.ഇ.ബി. ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ നാരായണന്‍, മഞ്ചേശ്വരം തഹസില്‍ദാര്‍ പരമേശ്വരന്‍ പോറ്റി, വെള്ളരിക്കുണ്ട് അഡീഷണല്‍ തഹസില്‍ദാര്‍ സതീഷ് കുമാര്‍, സര്‍വേ ഡെപ്യൂട്ടി ഡയറക്ടര്‍ പ്രദീപ്, ജില്ലാ സര്‍വേ സൂപ്രണ്ട് ബിനു മാത്യു എന്നിവരും സംബന്ധിച്ചു.
Post a Comment
0 Comments