കാസര്‍കോട് (www.evisionnews.in): ലാഭത്തിലുള്ള പൊതുമേഖല ബേങ്കായ എസ്.ബി.ടിയെ ഏറ്റെടുക്കുന്നതിന് പിന്നില്‍ കേന്ദ്രസര്‍ക്കാരിന്റെ ഗൂഢലക്ഷ്യമാണുള്ളതെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി കരുണാകരന്‍ എംപി പറഞ്ഞു. ഇതിന് പിന്നിലെ രഹസ്യമെന്താണെന്ന് വ്യക്തമാക്കാന്‍ കേന്ദ്രം തയ്യാറാകണം. സാധാരണ ഗതിയില്‍ നഷ്ടത്തിലോടുന്ന പൊതുമേഖല ബാങ്കുകളെ സംരക്ഷിക്കാനായി വലിയ ബാങ്കുകളില്‍ ലയിപ്പിക്കാറുണ്ട്. എന്നാല്‍ കോടിക്കണക്കിന് രൂപ ലാഭത്തിലോടുന്ന കേരളത്തിന്റെ സ്വന്തം ബാങ്കിനെ എസ്ബിഐയില്‍ ലയിപ്പിക്കാനുള്ള തീരുമാനം സാധാരണ ജനങ്ങളോടും ജീവനക്കാരോടുമുള്ള വെല്ലുവിളിയാണ്.
ഗ്രാമങ്ങളുമായി ഏറ്റവുമധികം ബന്ധപ്പെട്ട് കിടക്കുന്ന സഹകരണ ബാങ്കുകളെപ്പോലെ സാധാരണക്കാരുടെ ആശ്രയകേന്ദ്രമാണ് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍. ഇതിനെ നശിപ്പിക്കുക മാത്രമാണ് ലയനത്തിലൂടെയുണ്ടാവുക. വന്‍കിടക്കാര്‍ക്ക് കോടിക്കണക്കിന് രൂപ വായ്പ നല്‍കിയശേഷം തിരിച്ചടക്കാതിരിക്കുമ്പോള്‍എഴുതിത്തള്ളുന്ന നയമാണ് കേന്ദ്രസര്‍ക്കാരിനുള്ളത്. അതേസമയം സാധാരണക്കാരനെടുക്കുന്ന വിദ്യാഭ്യാസ വായ്പയില്‍പോലും തിരിച്ചടവ് മുടങ്ങിയാല്‍ ജപ്തിനടപടി സ്വീകരിക്കാന്‍ ധൃതികാട്ടുകയാണ്. കോര്‍പറേറ്റ് മുതലാളിയായ വിജയ് മല്യ 9000 കോടി രൂപയാണ് ബാങ്കുകള്‍ക്ക് നല്‍കാനുള്ളത്. ഇതുപോലും തിരിച്ചുപിടിക്കാന്‍ കേന്ദ്രത്തിന് താല്‍പര്യമില്ല. ഈ കടങ്ങളും എഴുതിത്തള്ളിയെന്ന വാര്‍ത്തയാകും ഇനി കേള്‍ക്കാനാവുക. കേരളത്തിലെ ജനങ്ങളുടെ ആശ്രയമായ എസ്ബിടിയെ എസ്ബിഐയില്‍ ലയിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ പാര്‍ലമെന്റിനകത്തും പുറത്തും പ്രതിഷേധമുയര്‍ത്തുമെന്നും പി കരുണാകരന്‍ എംപി പറഞ്ഞു.
Post a Comment
0 Comments