കാസര്‍കോട് (www.evisionnews.in): ജില്ലയിലെ തുറന്നു കിടക്കുന്ന ചെങ്കല്‍ -കരിങ്കല്‍ ക്വാറികള്‍ വേലി, മതില്‍ കെട്ടി ക്വാറികള്‍ക്കു സുരക്ഷാവലയം തീര്‍ക്കണമെന്ന ജില്ലാ കലക്ടറടക്കമുള്ളവരുടെ ഉത്തരവ് കാറ്റില്‍പറത്തി വിവിധ കേന്ദ്രങ്ങളില്‍ ചെങ്കല്‍കരിങ്കല്‍ ക്വാറികള്‍ വ്യാപകമാകുന്നു. കല്ലെടുത്തതിനു ശേഷം ഉപേക്ഷിച്ച കരിങ്കല്‍ ചെങ്കല്‍ ക്വാറികള്‍ മഴക്കാലത്തു വെള്ളം നിറഞ്ഞ് അപകടനിലയിലാണ്. ഉപേക്ഷിക്കപ്പെട്ട ക്വാറികള്‍ മണ്ണിട്ടു നികത്താനോ അപകടസൂചനാ ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കാനോ ബന്ധപ്പെട്ടവര്‍ തയാറാകുന്നില്ല. ജനവാസ കേന്ദ്രങ്ങളിലാണ് പല ക്വാറികളും പ്രവര്‍ത്തിക്കുന്നത്.
അങ്കണവാടികളുടെയും വിദ്യാലയങ്ങളുടെയും സമീപത്തും യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാത്ത ഒട്ടേറെ ക്വാറികള്‍ ജില്ലയിലുണ്ട്. കല്ലെടുത്തു കഴിഞ്ഞ ചില ക്വാറികളില്‍ മഴവെള്ളം കെട്ടിനില്‍ക്കുന്നതിനാല്‍ ജനങ്ങള്‍ ഭീതിയിലാണ്. ബദിയടുക്ക, മഞ്ചേശ്വരം, ബെള്ളൂര്‍, കാറഡുക്ക, പൈവളിഗെ, പള്ളിക്കര, പുല്ലൂര്‍പെരിയ, കയ്യൂര്‍ചീമേനി തുടങ്ങിയ പഞ്ചായത്തുകളിലാണു ചെങ്കല്‍ ക്വാറികള്‍ ഏറെയുള്ളത്. കള്ളാര്‍, കോടോംബേളൂര്‍, മടിക്കൈ, കിനാനൂര്‍കരിന്തളം, പനത്തടി, ഈസ്റ്റ് എളേരി, ബേഡകം തുടങ്ങിയ പഞ്ചായത്തുകളില്‍ കരിങ്കല്‍ ക്വാറികളും കൂടുതലാണ്. കുന്നിന്‍ചരിവുകളിലാണ് കരിങ്കല്‍ ക്വാറികള്‍ ഏറെയും. നൂറും അതിലേറെയും മീറ്റര്‍ താഴ്ചവരെയുള്ള കരിങ്കല്‍ ക്വാറികളുണ്ട്. എന്നാല്‍ ഇവയില്‍ പലതും കമ്പിവേലി കെട്ടി സൂക്ഷിച്ചിട്ടില്ല.
ചെങ്കല്‍ ക്വാറികള്‍ കൂടുതലും സമനിലപ്രദേശങ്ങളിലാണുള്ളത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇത്തരം ക്വാറികളില്‍ വീണ് നിരവധി പേരാണ് മരിച്ചത്. സുരക്ഷാവലയമില്ലാത്ത ക്വാറിയില്‍ വീണ് പൊയിനാച്ചി പറമ്പയില്‍ രണ്ട് കുട്ടികളുടെ ജീവന്‍ നഷ്ടപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം കുണിയയിലും ഒരു വിദ്യാര്‍ത്ഥി ക്വാറിയില്‍ വീണ് മരിച്ചിരുന്നു. ഇതേ തുടര്‍ന്ന് അധികൃതര്‍ ഇടപെട്ടു കല്ലുവെട്ട് കുഴികള്‍ നികത്തുകയോ വേലി കെട്ടി തിരിക്കുകയോ വേണമെന്ന് ഉത്തരവിട്ടിരുന്നു.
Keywords: Kasaragod-news-quari-collector
Post a Comment
0 Comments